പ്രമോദ് വെള്ളച്ചാൽ

അസ്സംബന്ധങ്ങളുടെ റിപ്പബ്ലിക് 
ഒരു ജനതയുടെ സമാധാനങ്ങളിൽ 
ആസിഡ് തുള്ളികൾ പോലെ 
പുതിയ നിയമങ്ങൾ കുടയുമ്പോൾ 
 
പുരയിടങ്ങളും ഹരിതാഭകളും 
കരിഞ്ഞു പോകുന്ന അടക്കിപ്പിടിച്ച നിലവിളികൾ 
കത്തുന്ന പെരുമ്പാമ്പുകൾ പോലെ 
സ്വാതന്ത്രത്തിന്റെ കൊടിമരങ്ങളിൽ  ചുറ്റിപ്പിടിക്കുമ്പോൾ 
അസ്തമയ ചക്രവാളങ്ങളിൽ നിന്നും 
സ്വപ്നങ്ങളുടെ മുറിവുകൾ 
ഉൽക്കണ്ഠകളുടെ ഇമയടക്കാത്ത മുനമ്പുകളെ ചോരയാൽ നനയ്ക്കുമ്പോൾ 
 
അപരത്വത്തിന്റെ വന്മതിലുകൾക്കിരുപുറം 
സ്നേഹം വെട്ടിമുറിക്കപ്പെടുമ്പോൾ 
 
നിസ്സഹായതയുടെ പാതാളങ്ങളിൽ താണുപോവാതെ 
സങ്കടക്കടലുകളിൽ മുങ്ങിയമർന്നു പോവാതെ
തൊണ്ടപൊട്ടി പറയണം 
 
അസ്സാദ്ധ്യമല്ല 
പുതിയ ഭൂമി 
പുതിയ ലോകം 
പുതിയ ജീവിതം. 
 
നിങ്ങൾ ആകാശ വെള്ളയിലേക്കു 
ആയിരം കൈകളുമായി 
ഉയിർത്തെഴുന്നേൽക്കുന്ന 
സമുദ്ര സീൽക്കാരങ്ങളുടെ
ആത്മകഥാ പഥങ്ങൾ തിരക്കിയിട്ടുണ്ടോ...... 
 
നിറനദികളിലൂടെ.... 
പുഴപ്പരപ്പുകളിലൂടെ 
തോടുകൾക്കും അരുവികൾക്കുമപ്പുറം 
നീർചാലുകളിലൂടെ.... 
ഒടുവിൽ പർവത ശിഖരങ്ങളില
ഏതോ നിഗൂഢ സുഷിരങ്ങളിൽ 
അതിഭീതിയോടെ 
പിറന്നുവീണ ഹിമബിന്ദു..... 
 
അലറുന്ന സമുദ്രമാകുമോ നീ 
എന്നതല്ല ചോദ്യം..... 
പർവത മൗനങ്ങളിൽ പിടഞ്ഞ പിറവിയുടെ 
നോവാകുമോ 
 എന്ന് മാത്രമാണ്.. 
 
നീ 
ശാഖോപശാഖകളുടെ 
കൂട്ടുകുടുംബം പോലെ 
മണ്ണിൽ പുതഞ്ഞ അനേകം വേരുകളുമായി 
തണലും അഭയവുമായി നിൽക്കും പേരാലിനെ കാണുമ്പോൾ 
അതിനു പറയാനുള്ളതിനു ചെവി കൊടുക്കാറുണ്ടോ??? 
 
സുഷ്പ്തിയുടെ വിത്ത് ഗർഭങ്ങളിൽ നിന്നും 
പിടഞ്ഞു കുതറി തളിർത്താണ് 
പേരാലുകൾ 
കരുത്തിന്റെ വടവൃക്ഷമായത് 
 
ജീവന്റെ കിളിയൊച്ചകൾ നിലക്കാത്ത 
പേരാലാകുമോ നീ 
എന്നതല്ല 
അതൊളിച്ച വിത്തിന്റെ മൗനമായെങ്കിലും പിടയുമോ? 
എന്ന് മാത്രമാണ്......

Most Read

  • Week

  • Month

  • All