എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 

99.26 ശതമാനം വിജയം

തിരുവനന്തപുരം>  ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയശതമാനം 99.26 ആണ്. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 99.46 ശതമാനം ആയിരുന്നു വിജയശതമാനം. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും മികച്ച വിജയം നേടിയ വിദ്യാർഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.

 44,363 വിദ്യാര്‍ഥികൾ ഇത്തവണ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%.

എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍

തിരുവനന്തപുരം> എസ്‌ എസ്‌ എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.

 

എസ്എസ്എല്‍സി പരീക്ഷ വിജയികള്‍ക്ക് അഭിനന്ദനം; ഉപരിപഠനത്തിന് യോ​ഗ്യത നേടാൻ സാധിക്കാത്തവർ നിരാശരാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം> അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 

 

സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം വൈകരുത്‌; അവ നീതിപൂർവ്വമാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം> ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാർക്കുള്ളത്‌. . ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ്ആവശ്യമാണ്‌.
ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണ്‌.

നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ -ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.
ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം.  ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം.

ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള്‍ സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് .   കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം.

ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്.

 പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ ജീവനക്കാർക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ് സമൂഹത്തോടുള്ളത്. ഈ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമാക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ സഹകരണവും സംഘടന എന്ന നിലയിലുള്ള കൂട്ടായ സഹകരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കും 
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചയ്യുന്നത് തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഉത്തരങ്ങളിൽ വ്യക്തയില്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പത്തുമണിക്കൂറാണ് ചോദ്യം ചെയ്തത്. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാൽ ഇന്ന് വീണ്ടും ചൊദ്യംചെയ്യുകയാണെന്നാണ് ഇ ഡി വൃത്തങ്ങൾ പറയുന്നത്. ഇഡി അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃ്ത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം പൊലീസ് ബലമായി അറസ്റ്റ് ചെയ്തുനീക്കി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര എജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധിക്കുന്നത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാനഓഹരിഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി 2010ൽ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തതിലാണ് അന്വേഷണം.
2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് ഏറ്റെടുത്തത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യൻസ്വാമിയാണ് 2013ൽ പരാതി നൽകിയത്. മുടങ്ങിപ്പോയ നാഷണൽ ഹെറാൾഡ് പത്രം പുനരാരംഭിക്കുന്നതിന് കോൺഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ എജെഎല്ലിന് അനുവദിച്ചത് നിയമവിരുദ്ധമാണെന്നുമാണ് പരാതി. നാളെ രാജ്യത്തെ മുഴുവൻ സംസ്ഥാന രാജഭവനിലേക്കും കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ചായി പ്രഖ്യാപിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്ററിന്റെ പേര് മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യും. മലബാറിലെ രോഗികൾക്ക് ഏറെ ആശ്വാകരമാകുന്ന തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളത്.


മകൾക്ക് ബിസിനസ് തുടങ്ങാൻ മുഖ്യമന്ത്രി സഹായം തേടി'; സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ, ഇന്നും സംസ്ഥാനത്ത് പ്രതിഷേധം
വിമാനത്തിലെ അക്രമം പ്രതികൾക്ക് ജാമ്യമില്ല 

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി തന്നോട് സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വപ്നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്ക് ബിസിനസ് തുടങ്ങുന്നതിന് സഹായം നൽകുന്നതിനായി ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ ഷാർജാ ഭരണാധികാരിയുടെ സഹായം തേടിയതായും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ശിവശങ്കറും നളിനി നേറ്റോയും ചർച്ചയിൽ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ അഞ്ചാം ദിവസവും പ്രതിഷേധം നടന്നു. തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അക്രമണത്തിന് മുതിർന്നവർക്ക് കുരുക്ക് മുറുകുകയാണ്. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോർട്ടുമായി വിമാനക്കമ്പനി ഇൻഡിഗോ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നൽകിയ റിപ്പോർട്ടിൽ ഇൻഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോർട്ട് നൽകി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമാണ് നടത്തിയതെന്നായിരുന്നു കോൺഗ്രസിന്റെയും പ്രതികളുടെയും വാദം. എന്നാൽ വധശ്രമമാണുണ്ടായതെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) ഇൻഡിഗോ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാന്തരാക്കാൻ ക്യാബിൻ ക്രൂ ശ്രമിച്ചെന്നും എന്നാൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളി തുടർന്നു എന്നുമാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. പ്രതികളുടെ ജാമ്യാപേഷ കോടതി ഇന്ന് തള്ളി. രൂക്ഷമായ വിമർശനമാണ് കോടതി വിഷയത്തിൽ പ്രതികരിച്ചത്.
വിമാനത്തിനുളളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക സംഘം യോഗം ചേർന്ന് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥീരാജ്, വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ ടി സതികുമാർ, കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, മട്ടന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ എം കൃഷ്ണൻ എന്നിവടരങ്ങുന്നതാണ് സംഘം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാന നഗരത്തിലെ കലാസാംസ്‌കാരിക പ്രവർത്തകർ മാനവീയം വീഥിയിൽ ഒത്തുചേർന്നു.
മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. കെ ആർ അജയൻ, എം കെ രാജേന്ദ്രൻ, അനിൽ കുരിയാത്തി, മനു മാധവൻ, പി സി അരവിന്ദ് എന്നിവർ സംസാരിച്ചു. ബീന മാനവീയം സ്വാഗതവും സുനിൽ പട്ടിമറ്റം നന്ദിയും പറഞ്ഞു.


ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്നുപെരിയയിൽ 10 കർഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, എൻ പി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി എൻ സതീഷ ബാബു എന്നിവർ സംസാരിച്ചു.


വയോജനങ്ങളോടുള്ള അതിക്രമം: ബോധവത്കരണവുമായി സാമൂഹ്യനീതി വകുപ്പ് 

വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയും ജില്ലയിലെ ബി പി എൽ കുടുംബാംഗങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നതിന്റെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
110 പേർക്കാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് മെയിന്റനൻസ് ട്രിബ്യൂണൽ പ്രതിനിധി ഹാഷിം ചെറിയാണ്ടീലകത്തും എൽഡർലൈൻ സേവനങ്ങൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് ഫീൽഡ് റെസ്‌പോൺസ് ഓഫീസർ കെ എസ് വിഷ്ണുവും ക്ലാസെടുത്തു. വയോജന മേഖലയിലും ഭിന്നശേഷി മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സഹചാരി അവാർഡ് വിതരണവും നടന്നു. മികച്ച എൻ സി സി യൂനിറ്റായി മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെയും മികച്ച എൻ എസ് എസ് യൂണിറ്റായി തലശ്ശേരി ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂൾ യൂനിറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ ഫ്‌ളാഷ് മോബും കലക്‌ട്രേറ്റ് മൈതാനിയിൽ അരങ്ങേറി.

കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ ഒരാഴ്ച പ്രത്യേക യജ്ഞം 
സംസ്ഥാനത്ത് ജൂൺ 16 വ്യാഴാഴ്ച മുതൽ 6 ദിവസങ്ങളിൽ പ്രിക്കോഷൻ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് പ്രിക്കോഷൻ ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്തണം. ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷൻ ഡോസ് എടുത്തത്. 15 മുതൽ 17 വയസുവരെയുള്ള 84 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസും 56 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വയസുവരെയുള്ള 59 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 20 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.ശുചിത്വ സാഗരം-സുന്ദര തീരം:
ജൂൺ 19ന് കടലോര നടത്തം

കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമായി ജൂൺ 19 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംലടിപ്പിക്കും. പദ്ധതിയുടെ ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ജില്ലാ പഞ്ചായത്തിൽ ചേർന്നു.
കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യശേഖരണം, പുനരുപയോഗം, തുടർ ക്യാമ്പയിൻ എന്നിവ നടപ്പാക്കും. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണ് കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുക.


മധുരം ഈ വിജയം: എസ്എസ്എൽസി പരീക്ഷയിൽ ജില്ല വീണ്ടും ഒന്നാമത് 99.77 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും റവന്യൂ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂർ ജില്ല.
99.77 ശതമാനമാണ് വിജയം. ജില്ലയിലെ 212 സ്‌കൂളുകളിൽ 167 സ്‌കൂളുകൾ നൂറ് ശതമാനം വിജയം കൈവരിച്ചു. ആകെ 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 35,167 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 4158 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.
തുടർച്ചയായ രണ്ടാം വർഷവും നേടിയ വിജയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
കണ്ണൂർ ജില്ലയിലെ വിജയ ശതമാനം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് മുഖാന്തിരം, കണ്ണൂർ ഡയറ്റ് സ്റ്റെപ്‌സ് എന്ന പേരിൽ പ്രത്യേക പഠന സഹായി തയ്യാറാക്കിയിരുന്നു. മുന്നേറാം ആത്മവിശ്വാസ ത്തോടെ എന്ന പേരിലുള്ള ക്യാമ്പയിൻ പ്രവർത്തനം വിജയ ശതമാനം ഉയർത്തുന്നതിന് സഹായകരമായി. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തുന്നതിന് മുന്നിൽ നിന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉദ്യോഗസ്ഥരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രസിഡണ്ട് അറിയിച്ചു.
ജില്ലാ പഞ്ചായത്തിന് മുന്നിൽ നടന്ന അനുമോദന പരിപാടിയിൽ ഡിഡിഇ കെ ബിന്ദു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂൺ 21 ന് രാവിലെ 9.30ന്
ധനകാര്യ വകുപ്പ് മന്ത്രി
കെ എൻ ബാലഗോപാൽ നിർവഹിക്കും.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ
രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ
ഇടപ്പാടുകാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്.
39 വർഷമായി മാടായി ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വി ജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ് ,എൻ വി രാമകൃഷ്ണൻ , പി.നാരായണൻകുട്ടി, പി.അബ്ദുൾ ഖാദർ, ടി.വി ഗണേഷൻ, വി മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസർ ടിവി തിലകൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ കൺവീനർ ടിവി തിലകൻ എന്നിവരെ തീരുമാനിച്ചു.
 
ഖേലോ ഇന്ത്യ യൂത്ത് ഗെയിം 2021 കേരളത്തിനുവേണ്ടി
 സ്വർണ്ണ മെഡൽ നേടിയ കെ. സിദ്ധാർഥിനെ വാരം രണ്ടാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരേഷ് ബാബു എളയാവൂർ ( DCC ജനറൽ സെക്രട്ടറി ) അനുമോദിച്ചു. ചടങ്ങിൽ ബൂത്ത്‌ പ്രസിഡന്റ്‌ ദിനേശൻ പണിക്കർ, പി. എ. ഹരി, രമേശൻ നായർ, സനിഷ. സി. പി, ധനേശൻ. കെ, എം. ഹരീന്ദ്രൻ, അശ്വന്ത്. പി എന്നിവർ സംസാരിച്ചു.
 
 

സ്വപ്‌‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ മൊഴി നൽകി


 

കൊച്ചി> സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ് കിരൺ എറണാകുളം പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകി. ഗൂഢാലോചന കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷക സംഘത്തിനുമുന്നിലാണ്‌ മൊഴി നൽകിയത്‌. ബുധൻ ഉച്ചയ്‌ക്ക്‌ എത്തിയ ഷാജ്‌കിരണിന്റെ മൊഴിയെടുക്കൽ രാത്രിവരെ നീണ്ടു.
തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിശദമായി അന്വേഷകസംഘത്തെ അറിയിച്ചെന്നും വിശദമായ മൊഴി എടുക്കണം എന്ന് അറിയിച്ചതിനാലാണ് എത്തിയതെന്നും ഷാജ് മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ട്. ഇതിനകത്തു തന്നെ പെടുത്തിയിരിക്കുകയാണെന്നും ഷാജ് പറഞ്ഞു. ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രതികളല്ലെന്ന്‌ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ്‌ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്‌.

 


സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ
സംസ്ഥാനത്ത് ഇന്നും മൂവായിരം കടന്ന് കൊവിഡ് കേസുകൾ. ഇന്ന് 3419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ. ജില്ലയിൽ പ്രതിദിന കൊവിഡ് 1000 കടന്നു. 1072 പേർക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 604 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമേണ കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആഴ്ചയിലെ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി.
കേരളത്തിൽ ജൂൺ 16 മുതൽ 6 ദിവസങ്ങളിൽ കൊവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 16, 17, 20, 21, 23, 24 എന്നീ തീയതികളിലാണ് പ്രിക്കോഷൻ ഡോസിനുള്ള യജ്ഞം ഉണ്ടായിരിക്കുന്നത്. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽ ഡോസ് വീട്ടിലെത്തി നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

 

 

 


സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി
രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു. ഫെയ്സ്ബുക്കിൽ തത്സമയം എത്തിയായിരുന്നു രാജിപ്രഖ്യാപനം.

കോൺഗ്രസിന് നല്ലതുവരട്ടെയെന്നും മുൻ പ്രതിപക്ഷനേതാവായ ഝക്കർ പറഞ്ഞു. തെരഞ്ഞെടുപ്പുതോൽവിയിൽ മുൻമുഖ്യമന്ത്രി ചരൺജിത് ചന്നിയടക്കമുള്ള നേതാക്കളെ വിമർശിച്ചതിന് അച്ചടക്കസമിതി ഝാക്കറെ സസ്പെൻഡ് ചെയ്തിരുന്നു. കെ വി തോമസിനുള്ള നടപടിക്ക് ഒപ്പമാണ് എ കെ ആന്റണി അധ്യക്ഷനായ സമിതി നടപടിക്ക് ശുപാർശ ചെയ്തത്. ചന്നി കോൺഗ്രസിന് ബാധ്യതയാണെന്നായിരുന്നു പരാമർശം.

 

ചലച്ചിത്ര യാത്ര തുടങ്ങി

കാസർഗോഡ്
സംസ്ഥാന ചലച്ചിത്ര അക്കാദമി കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര യാത്രക്ക് തുടക്കമായി. കാസർഗോഡ് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ നടത്തിയ ചലച്ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നീലേശ്വരം പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ കെ ഷൈലജ നിർവഹിച്ചു. മാക്ക് ഫ്രെയിം സംഘടിപ്പിച്ച നാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി അവാർഡ് ജേതാവ് ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു മുഖ്യാതിഥിയായി. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി ഐ യു ജിൻസി. വിക്‌റ്റോറിയ, കാർത്തിയാനി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ സ്റ്റാഫുകളായ പ്രീത, സുധ, ശ്രീജ, ഗോപിക, സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അരുൺ, കണ്ണൻ, സജിത്ത് എന്നിവർ പങ്കെടുത്തു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അനീസ സ്വാഗതവും ഹരി ലക്ഷ്മി നന്ദിയും പറഞ്ഞു. ഇന്നും കാസർഗോഡ് പ്രദർശനം തുടരും. നാളെ കണ്ണൂർ ശിവപുരത്ത് പ്രദർശിപ്പിക്കും.


കൃഷിയിലെ ശ്രീലങ്കൻ പാഠവും കേരളവും

കൃഷി നഷ്ടമാണ്, അതിൽനിന്ന് ഒന്നും കിട്ടില്ല, അതിനാൽ വേറെ പണിനോക്കുന്നു, പാലക്കാടൻ കർഷകർ ഒരുകാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നെല്ല് സംഭരണം സ്വപ്നമായ കാലമായിരുന്നു അന്ന്. കിട്ടിയ വിലയ്ക്ക് മില്ലുകാർക്ക് നെല്ല് നൽകി വീട്ടുചെലവ് നടത്തിയിരുന്ന കാലം. ആ സാഹചര്യം പൂർണമായും മാറി. ചെറുകിട കർഷകർ ഇന്ന് കൃഷി ഉപജീവനമാർഗമായി, അതിലേറെ അഭിമാനമായി കൊണ്ടുനടക്കുകയാണ് '
എന്നാൽ ഇന്ന് എല്ലാം മാറി. നഷ്ടം എന്നത് പഴയ കഥ മാത്രം. കൃഷി നശിച്ചാൽ ഇന്ന് വലിയ നഷ്ടമുണ്ടാകില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. മികച്ച വിളവ് ലഭിച്ചാൽ കാര്യക്ഷമമായ സംഭരണം കർഷകന് നല്ല പ്രതിഫലവും നേടിക്കൊടുക്കും. ഏക്കറിന് 2200 കിലോ നെല്ല് സംഭരിച്ച സ്ഥാനത്ത് ഇന്ന് 3000 കിലോവരെ സംഭരിക്കാൻ സർക്കാർ സന്നദ്ധമായി. അതായത് ഉൽപ്പാദനം വർധിച്ചു. അത് സർക്കാരിന്റെ ഇടപെടൽകൊണ്ടുതന്നെ.
ഉൽപാജന മേഖല ഉപേക്ഷിച്ച് പൂർണമായും ടൂറിസത്തിന്റെ പിറകെ പോയതാണ് ശ്രീലങ്കയിലെ സാമ്പത്തിക രംഗം തകരാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു. രാസവള പ്രയോഗം കാർഷിക മേഖലയിൽ നിന്ന് പൂർണമായും വർഷങ്ങൾക്ക് മുന്നേ ശ്രീലങ്ക ഉപേക്ഷിച്ചെന്നും പറയുന്നു. ഇവിടെയാണ് കേരളത്തിന്റെ കാർഷിക പാഠം തിരിച്ചറിയേണ്ടത്.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഏറെ ശ്രദ്ധ നേടുകയും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡ് മുന്നേറ്റമുണ്ടാക്കാൻ സഹായമാകുകയും ചെയ്തു. ജനങ്ങൾ പദ്ധതി സ്വയം ഏറ്റെടുത്ത് വീട്ടുമുറ്റത്തും മട്ടുപ്പാവിലും പാതയേരങ്ങളിൽവരെ പച്ചക്കറി വിളയുന്ന നാടായി കേരളം മാറി. അതിന്റെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലും.
കാർഷിക സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പുമായാണ് സർക്കാർ മുന്നേറുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വിള ഇൻഷുറൻസ്, കേരഗ്രാമം പദ്ധതി, കർഷകർക്ക് റോയൽറ്റി, മൂല്യവർധിത ഉൽപ്പാദന പ്രോത്സാഹനം തുടങ്ങിയ പദ്ധതികളിലൂടെ കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് മികച്ച കൃഷിക്കാരനായ ചന്ദ്രൻ പറഞ്ഞു. സംഭരണവില കൃത്യമായി ലഭിക്കുന്നതിനൊപ്പം ഉഴവുകൂലിയും കിട്ടുന്നത് ആശാവഹമാണ്. കർഷകർക്ക് റോയൽറ്റി നൽകാനുള്ള തീരുമാനം വിപ്ലവകരമാണ്. തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതി ഏറെ ഗുണം കണ്ടു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കൃഷിയിറക്കുന്ന നാടായി കേരളം മാറി. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.
നെൽക്കൃഷിയിൽ പാടശേഖരസമിതികളുടെ ഇടപെടൽ പ്രധാനമാണ്. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് സമിതികൾ സജീവമാണ്. പാകമെത്തുന്ന നെല്ല് അളന്ന് കൃത്യമായി സപ്ലൈകോയ്ക്ക് കൈമാറാൻ കർഷകർക്ക് തുണയാകുന്നത് പാടശേഖരസമിതികളാണ്. നെല്ലിന്റെ താങ്ങുവില നിലവിൽ ഒരു പ്രശ്നവുമില്ലാതെ കിട്ടുന്നുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാന സർക്കാർ ഇൻസെന്റീവ് തുക വർധിപ്പിക്കുന്നുണ്ട്. ഇതൊക്കെ ഈ മേഖലയിൽ ഊർജ്ജം പകരുന്നതാണെന്ന് കർഷകർ പറയുന്നു.

നരയൻ കുമ്പളം


ശാസ്ത്രനാമം:
ബെനിൻകാസ
ഹിസ്പിഡ
സസ്യകുടുംബം:
കുക്കുർ ബിയേസി
സംസ്‌കൃത നാമം:
കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത് ഫലം

സസ്യ വിവരണം
നിലത്തു കൂടി പടർന്നു വളരുന്ന വളളിച്ചെടിയാണിത്. ഉയരത്തിലേക്ക് പടർന്നു കയറാനും കുമ്പളവള്ളികൾക്ക് കഴിവുണ്ട്. തണ്ട് മൃദുവും പച്ചനിറത്തോട് കൂടിയതുമാണ്. വള്ളികളിൽ ജലാംശം അടങ്ങിയിരിക്കും. ഏതാണ്ട് ഹൃദയാകൃതിയാണ് ഇലകൾക്ക് . വള്ളികളിൽ സമ്മുഖമായി ഇലകൾ വളരുന്നു. ഇതിന്റെ ഇലകളും വള്ളികളും വെളുത്ത രോമങ്ങളാൽ ആവൃതമാണ്. തായ് വള്ളികളുടെ മേൽ ഇലഞെട്ടുകളോടനുബന്ധിച്ച് സ്പ്രിംഗ് പോലുള്ള നേരിയ വള്ളികൾ കാണപ്പെടുന്നു. ഇവയുടെ സഹായത്തോടെയാണ് ചെടി താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്നത്. പുഷ്പങ്ങൾ മഞ്ഞ നിറത്തോട് കൂടിയതാണ്. ആൺ പൂക്കളും പെൺപൂക്കളും ഇതിൽ വെവ്വേറെ കാണപ്പെടുന്നു. പെൺപൂക്കൾക്ക് മൂന്ന് സെ.മീറ്റർ നീളമുള്ള രോമാവൃതമായ
പൂഞെട്ട് ഉണ്ടായിരിക്കും. ആൺ പൂക്കളുടെ ഞെട്ടിന് ഇതിലും നീളം കൂടുതലാണ്. പൊതുവെ നീണ്ട് ഉരുണ്ട കായ്കളാണ് കുമ്പളത്തിൽ ഉണ്ടാകുന്നത്. പച്ചനിറത്തിൽ കട്ടികൂടിയ പുറം തൊലിയുണ്ട്. പുറംതൊലി വെളുത്ത പൊടിയാൽ ആവൃതമായിരിക്കും. അകത്ത് വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളും കാണും.
വിളവെടുത്തതിന് ശേഷം ഒരു വർഷത്തോളം കുമ്പളം കേട് വരാതെ നിലനില്ക്കുന്നു. തെക്കേ ഇന്ത്യയിൽ പൊതുവേയും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടത്തും പറമ്പത്തും കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിള കൂടിയാണിത്.

കൃഷി രീതി
ജനുവരി - മാർച്ച്, സെപ്തംബർ-ഡിസംബർ കാലങ്ങളാണ് കുമ്പള കൃഷിക്കനുയോജ്യം.
രണ്ടടി വലുപ്പവും ഒന്ന് - ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേൽ ഉണ്ണും കാലിവളവും കലർത്തിയ ശേഷം കുഴിയൊന്നിന് 5 - 6 വിത്ത് വീതം നടാം. മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തിൽ നല്ല മൂന്ന് തൈകൾ വീതം നിർത്തിയാൽ മതി. ഐശ്വര്യ, ഇന്ദു , താര, ഗഅഡ ലോക്കൽ ,കോ-1 , കോ- 2 എന്നിവ മികച്ച ഇനങ്ങളാണ്. കള നിയന്ത്രണം, ഇടയിളക്കൽ, മേൽ വളപ്രയോഗം, ആവശ്യാനുസരണം നന നൽകൽ എന്നിവയാണ് പരിചരണ പ്രവർത്തനങ്ങൾ .
മഴക്കാലത്തെ കൃഷിയിൽ ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാത്ത വിധം മണ്ണൊരുക്കണം.
നട്ട് നാല് - അഞ്ച് മാസം കൊണ്ട് വിളവെടുപ്പിനാകും.

രാസഘടകങ്ങൾ
പ്രധാനമായും കുക്കുർ ബിറ്റിൻ എന്ന ആൽക്കലോയിഡ് ഫലത്തിൽ അടങ്ങിയിരിക്കുന്നു.

ഔഷധ , പോഷക ഗുണങ്ങൾ
പൊതുവെ ഭക്ഷ്യാവശ്യങ്ങൾക്കായാണ് കുമ്പളം ഉപയോഗിക്കുന്നത്. ഇളം കായ്കൾ പച്ചക്ക് കഴിക്കുന്നതിനും ജ്യൂസുകൾ തയ്യാറാക്കുന്നതിനും നല്ലതാണ്. ഇതിന്റെ കായ്കൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള കറികൾ പാകപ്പെടുത്തുന്നുണ്ട്. ഇതിന്റെ അധികം മൂക്കാത്ത ഇലകളും പുഷ്പ മുകുളങ്ങളും വേവിച്ച് പച്ചക്കറി യെന്ന നിലയിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ വിത്തുകൾ വറുത്തു തിന്നാനും നല്ലതാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വിറ്റമിൻ എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.
സമൂലമായ ഔഷധ ഗുണമുള്ള ഫല സസ്യം കൂടിയാണ് കുമ്പളം.
ഫലത്തിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ മൂത്രാശയ രോഗങ്ങൾക്ക് ശമനമേകും. ആയുർവേദത്തിൽ ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് ചുമ, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ നിർമ്മിക്കുന്നു.

ചില ഔഷധപ്രയോഗങ്ങൾ
കുമ്പളങ്ങ ജ്യൂസ് ആക്കി കഴിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെട്ട് ശരീരം ശുദ്ധമാകും.
ഇതിന്റെ ഫലമജ്ജ പിഴിഞ്ഞെടുത്ത 15 മി.. ലി നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചു ചേർത്ത് ഉച്ചക്കും വൈകീട്ടും കഴിക്കുന്നത് അപസ്മാരത്തിനുള്ള ചികിത്സയാണ്.
കുമ്പള നീരിൽ ജീരകപ്പൊടി ചേർത്ത് കഴിക്കുന്നതും , കുമ്പള നീരിൽ കൂവളത്തില അരച്ചുചേർത്ത് നിത്യവും കഴിക്കുന്നതും ശ്വാസകോശ രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നതിലൂടെ തൈറോയിഡിന്റെ സാധ്യതയും, തൈറോയ്ഡ് രോഗവും ഇല്ലാതാക്കും.
കുമ്പളങ്ങ യുടെ അനുമോദനം ഒരു വിത്തും തൊലിയും വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് തലയിൽ തേക്കുന്നത് താരൻ ശല്യം ഇല്ലാതാക്കും.
മൂത്ത കുമ്പളങ്ങയുടെ വിത്ത് പൊടിയാക്കി ആറു ഗ്രാം രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ഉദരകൃമി നശിക്കും. ഇത് മൂന്നു ദിവസം തുടർന്ന് കഴിക്കണം.
ഫലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മി.ലി. വരെ പതിവായി ദിവസം രണ്ടുനേരം വീതം കുടിച്ചാൽ പ്രമേഹത്തിന് ശമനം ഉണ്ടാകും. ഇത് ബുദ്ധിശക്തി വർധനവിനും ഉപകരിക്കും.
വയറ്റിലെ അസിഡിറ്റിയും, അൾസറും ഇല്ലാതാവാൻ കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് വഴി സാധ്യമാകും .
കാസം, ക്ഷയം എന്നിവ അകറ്റാനും , ബുദ്ധിശക്തിക്കും ശരീരബലത്തിനുമുള്ള കൂഷ്മാണ്ഡ രസായനത്തിലെ പ്രധാന ഘടകമാണിത്.

പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണം
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തുക
മട്ടന്നൂർ
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തണമെന്നും പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പ്രത്യേകമായ് പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണമെന്നും ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസർഗോഡ് ജില്ലയിലെ ബേക്കലിൽ അവസാനിക്കുന്ന കേരള ഉൾനാടൻ ജലപാതാ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കണ്ണൂർ ജില്ലയിൽ കാര്യമായ തോതിലുള്ള പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പാനൂർ, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ ജലപാത നിർമാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ള സ്രോതസ് വരണ്ടു പോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. ജനങ്ങളുമായ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്ത് ഇത്തരം ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം
മട്ടന്നൂർ ഗവ. യുപിസ്‌കൂളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ എം ശങ്കരൻ, സംഘടനാ രേഖയിൽ മേൽ നടന്ന ചർച്ചക്ക മറുപടി പറഞ്ഞ് കൊണ്ട് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ വിനോദ് കുമാർ, വിവി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ജെൻഡർ നയ രേഖ അവതരിപ്പിച്ച് സംസ്ഥാന കൺവീനർ വിപി സിന്ധുവും കെ റെയിൽ അവതരണം ടി ഗംഗാധരനും നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിപി ബാബു ഭാവി പ്രവർത്തനം അവതരിപ്പിച്ചു. സിപി ഹരീന്ദ്രൻ, കമലാ സുധാകരൻ, കെ കെ രവി, പിവി പുരുഷോത്തമൻ, കെ സുരേഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജെൻഡർ പഠനം ടിവി നാരായണൻ അവതരിപ്പിച്ചു.
ദേശീയ പാത വികസനത്തിന്റെ മറവിൽ വയലുകളും ചതുപ്പുനിലങ്ങളും അനധികൃതമായി മണ്ണിട്ടു നികത്തുന്നത് തടയുക. നീരുറവുകളുടെ ഒഴുക്ക് തടയാതിരിക്കുക, പൊതു ഗതാഗതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടുക, പുതിയ കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ ജനകീയ സംവാദങ്ങൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലെ ആശങ്കയകറ്റുക, എൽ.എസ്എസ്, യു.എസ്.എസ്. പരീക്ഷകൾ കാലോചിതവും ശാസ്ത്രീയവുമായ രീതിയിൽ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പി കെ സുധാകരൻ പ്രസിഡന്റ് പി പി ബാബു സെക്രട്ടറി

 


മട്ടന്നൂർ
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റായി പി കെ സുധാകരനെയും സെക്രട്ടറിയായി പി പി ബാബുവിനെയും തെരഞ്ഞെടുത്തു. സതീശൻ കസ്തൂരിയാണ് ട്രഷറർ. ഒസി ബേബിലത, കെ സി പത്മനാഭൻ(വൈസ് പ്രസിഡന്റ്), പിടി രാജേഷ്, പി സൗമിനി(ജോ. സെക്രട്ടറി). 37 അംഗ ജില്ലാ കമ്മിറ്റിയെയും 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റർ എന്നീ വിഷയ സമിതിയെയും ബാലവേദി, മാസിക, പഠന കേന്ദ്രം, യുവസമിതി, കലാ സാംസ്‌കാരം, ഐടി, സംഘടനാ വിദ്യാഭ്യാസം, സാമ്പത്തിക,#ം ഭവൻ മാനേജ്‌മെന്റ്, ഉന്നത വിദ്യാഭ്യാസം എന്നീ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


ഹിമാഘ്നരാജ് ഭട്ടാചാര്യ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എ എ റഹീം പ്രസിഡന്റ്

 

ദീഗോ മറഡോണ നഗർ (സാൾട്ട്ലേക്ക്, കൊൽക്കത്ത) > ഡിവൈഎഫ്ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷിമുഖർജി, നബ്അരുൺദേബ്,ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ്സെക്രട്ടറിമാർ. മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ).

സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാഅജയഘോഷ്, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

 

സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി അന്തരിച്ചു

 

 

ബം​ഗളൂരു>  സിപിഐ എം കർണാടക മുൻ സംസ്ഥാന സെക്രട്ടറി  ജി വി ശ്രീരാമ റെഡ്ഡി (72) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം. ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.

 പാർട്ടി അച്ചടക്കം ലംഘിച്ച ശ്രീരാമ റെഡ്ഡിയെ  2020ൽ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി 2018-ല്‍ ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കിയിരുന്നു.
 

 

 

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം കൊണ്ടുവരും: മുഖ്യമന്ത്രി
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ വലിയ ശ്രദ്ധയാണ് സർക്കാർ നൽകിയിട്ടുള്ളത്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമ്പോൾ പുതിയ കോഴ്സുകൾ, സിലബസ് പരിഷ്‌കരണം, ബോധന സമ്പ്രദായത്തിലെ മാറ്റം ഇതെല്ലാം സംയോജിപ്പിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഘടന, ഉള്ളടക്കം, സർവകലാശാല നിയമങ്ങൾ, പരീക്ഷാ സംവിധാനം ഇവയെല്ലാം പരിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇതിന് രൂപീകരിച്ച കമ്മീഷനുകളിൽ ചിലത് ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. എം പി മാരായ ഡോ.വി ശിവദാസൻ, പി സന്തോഷ് കുമാർ, എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളായി. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

 

തളിപ്പറമ്പിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം
തളിപ്പറമ്പ് കില ക്യാമ്പസിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കില അന്താരാഷ്ട്ര നേതൃപഠനകേന്ദ്രം- കേരള, ശിലയിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജ് എന്നിവ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പുതിയ ചുവടുവെപ്പാകും. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും, വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. സോഷ്യൽ എഞ്ചിനീയറിംഗ് ഉൾപ്പടെയുള്ള ഉന്നത പഠന, ഗവേഷണ, വിജ്ഞാന വിനിമയ കേന്ദ്രമാക്കി വികസിപ്പിക്കുകയാണിവിടം. മാനവിക-സാമൂഹിക വിഷയങ്ങൾക്ക് പുറമെ ശാസ്ത്ര, സാങ്കേതിക, കമ്മ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ആരംഭിക്കും. വിവിധ വിഷയങ്ങളിൽ ആഗോള പ്രശസ്തരായ വിദഗ്ധരെ ഇതിന്റെ ഭാഗമാക്കും.

 


സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ബിജെപി: യെച്ചൂരി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾക്കു പിന്നിൽ ബിജെപിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഇതര സർക്കാരുകളെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുകയാണ്. ഇത് പകൽപോലെ വ്യക്തമാണ്. ഇടതു സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള വിവാദമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികളിൽ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നത് തടയാൻ പൊലീസിന് സർക്കാർ നിർദേശം നൽകിയിട്ടില്ല. അങ്ങിനെയുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു
പ്രതിപക്ഷത്തിൻറെ നിലപാട് അപലനീയമാണ്. സിൽവർ ലൈൻ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി പറഞ്ഞു.

 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത് കറുത്ത കുപ്പായമണിച്ച്
കണ്ണൂരിൽ തെരുവ് യുദ്ധം
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ തള്ളിമാറ്റി. പ്രതിഷേധക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നത് കണത്തിലെടുത്ത് തിരുവനന്തപുരത്തും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ യുവജന സംഘടനകൾ തടയാനും കരിങ്കൊടി കാണിക്കാനും സംഘടിച്ചെത്തിയതോടെ കണ്ണൂരിലും തളിപ്പറമ്പിലും ഇന്ന് രാവിലെ തെരുവ് യുദ്ധത്തിന്റെ പ്രതീതിയായി. കണ്ണൂരിൽ രാവിലെ ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും കയ്യാങ്കളിയായി ചിലർക്ക് പരിക്കേറ്റു. തുടർന്ന് കനത്ത പോലീസ് അകമ്പടിയോടെ തളിപ്പറമ്പിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയെ കണ്ണൂർ ഏ കെ ജി ആശുപത്രിക്ക് സമീപം പ്രവർത്തകർ കൂവി വിളിച്ച് കരിങ്കൊടി കാണിച്ചു.ദേശീയപാതയിൽ ഉടനീളം പോലീസിനെ വിന്യസിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാരുടെ ശക്തമായ മുന്നേറ്റത്തെ തടയാനായില്ല .തളിപ്പറമ്പകരിമ്പത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് തുടങ്ങിയതോടെ പോലീസ് ലാത്തിച്ചാർജിന് മുതിർന്നു ജലപീരങ്കി ഉപയോഗിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
ലാത്തി ചാർജിൽ യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ്‌നേതാക്കളായ ജാബിർ പാട്ടയം, നിസാം മയ്യിൽ, നദീർ ,അനസ് തുടങ്ങി നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നേതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി.രാഹുൽ, സംസ്ഥാന നിർവ്വാഹക സമിതി അംഗം രാഹുൽ ദാമോദർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര, തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം തുടങ്ങി 18 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

പൊതുസേവന മികവിൽ കേരളം ഒന്നാമത്


കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്‌ക്കാര-പൊതുപരാതി വകുപ്പ് സമർപ്പിച്ച നാഷണൽ ഇ-ഗവേർണൻസ് സർവീസ് ഡെലിവറി അസ്സെസ്‌മെന്റ് (എൻഇഎസ്ഡിഎ) പ്രകാരം കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേർണൻസ് വഴിയുള്ള പൊതുസേവന നിർവ്വഹണത്തിലെ മികവ് കണക്കാക്കിയാണ് എൻഇഎസ്ഡിഎ റിപ്പോർട്ട് തയ്യാറാക്കിയത്
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവ്വഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഏറ്റവും കൂടുതൽ സ്‌ക്കോർ നേടാൻ കേരളത്തിന് കഴിഞ്ഞത്. സുതാര്യവും എളുപ്പവും മെച്ചപ്പെട്ടതുമായ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

 


കടലാക്രമണം: ജാഗ്രത പാലിക്കണം

കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെ 2.5 മീറ്റർ മുതൽ 2.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ആളുകൾ മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ച് വേണം കെട്ടിയിടാൻ. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

വനിതാ കമ്മീഷൻ അദാലത്ത്: 25 പരാതികൾ തീർപ്പാക്കി

തിങ്കളാഴ്ച കലക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. ആകെ 63 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 33 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. അഞ്ച് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി. അടുത്ത അദാലത്ത് ജൂലൈ ഏഴിന് കലകടറേറ്റിൽ നടക്കും.
അദാലത്തിൽ കമ്മീഷൻ അംഗം ഇ എം രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. പി വിമല കുമാരി, അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, വനിതാ ശിശുവികസന വകുപ്പ് കൗൺസിലർ പി മാനസ ബാബു, വനിതാ സെൽ സീനിയർ സിപിഒ കെ കെ മിനി തുടങ്ങിയവർ പങ്കെടുത്തു.


സ്ത്രീ സൗഹൃദ പഞ്ചായത്തിനായി തില്ലങ്കേരി പഞ്ചായത്തിന്റെ നയരേഖ.

തരിശു രഹിത പഞ്ചായത്ത്, ശുചിത്വ പഞ്ചായത്ത് എന്നീ പദവികൾക്കൊപ്പം സ്ത്രീ സൗഹൃദ പഞ്ചായത്തെന്ന ഖ്യാതിയും തില്ലങ്കേരിക്ക് കരുത്താകും. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ലിംഗപരമായ വേർതിരിവുകളില്ലാതെ സാമൂഹ്യ ജീവിതത്തിൽ വിവേചനരഹിതമായ അന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള നയരേഖയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വരും വർഷങ്ങളിൽ സ്ത്രീ സൗഹൃദ പഞ്ചായാത്താകാനുള്ള പദ്ധതികൾ നടപ്പാക്കുക.
നയരേഖ തയ്യാറാക്കുന്നതിനുള്ള സെക്കണ്ടറി വിവരശേഖരണം കഴിഞ്ഞ നവംബറിൽ തുടങ്ങി മാർച്ചിലാണ് അവസാനിച്ചത്. ഇതിനായി സ്ത്രീ ഫെസിലിറ്റേറ്ററെ നിയമിച്ചിരുന്നു. സ്‌കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടി, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നായിരുന്നു വിവരശേഖരണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുയിടം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെ അഞ്ചു മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്. പട്ടികവർഗം, 18-60 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളുടെ ജോലി വിവരങ്ങൾ എന്നിവയും പ്രത്യേകം തരംതിരിച്ചിട്ടുണ്ട്.
വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പൊതുവായുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോവുക. ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലാസുകളും അഗ്‌നിശമന സേനയുടെ സഹകരണത്തോടെ സ്ത്രീകൾക്കായി മിഷൻ ഫസ്റ്റ് എയ്ഡ് എന്ന പരിശീലന പരിപാടിയും പഞ്ചായത്ത് സംഘടിപ്പിട്ടുണ്ട്.


അക്രമണ സമരത്തിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് എം വി ജയരാജൻ
മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണങ്ങളും പച്ച നുണകളുമാണ് ഇപ്പോൾ യു.ഡി.എഫും, ബി.ജെ.പിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസി തള്ളിക്കളഞ്ഞ ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ വിവാദ സ്ത്രീയെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രചരണമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തള്ളിക്കളഞ്ഞതാണ് ഇക്കൂട്ടരുടെ അപവാദ പ്രചരണങ്ങൾ. ഇ.ഡി സോണിയഗാന്ധിയേയും, രാഹുൽഗാന്ധിയേയും കള്ളപ്പണം വെളുപ്പിച്ച കേസിൽ നോട്ടീസ് അയച്ച് ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ നാണക്കേട് തോന്നാത്ത ഒരു പാർട്ടിയായി കേരളത്തിലെ കോൺഗ്രസ്സ് അധപതിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ചട്ടുകമായി അധപതിച്ചു എന്ന് ഹൈക്കമാൻറ് പറയുമ്പോൾ കേരളത്തിലെ കോൺഗ്രസ്സ് ബി.ജെ.പിയുമായി ചേർന്ന് അക്രമ സമരം സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
യു.ഡി.എഫിൻറെയും, ബി.ജെ.പിയുടെയും അക്രമണ സമരത്തിനെതിരെ ജില്ലയിൽ 4000 കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനങ്ങൾ സംഘടിപ്പിക്കും. തുടർന്ന് വിപുലമായ ജനകീയ പ്രതിഷേധ പരിപാടികൾ ജില്ലയിലെമ്പാടും സംഘടിപ്പിക്കും. ഇത്തരം പരിപാടികളിൽ വികസനതൽപരരായ ജനങ്ങൾ അണിനിരക്കണമെന്ന് ജില്ലാസെക്രട്ടറി എം വി ജയരാജൻ അഭ്യർത്ഥിച്ചു.


കല്ലുവാതുക്കൽ മദ്യദുരന്തം: 22 വർഷങ്ങൾക്ക് ശേഷം മണിച്ചന് മോചനം
കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ കോടതി ശിക്ഷിച്ച മണിച്ചന് 22 വർഷങ്ങൾക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലിൽ ഗവർണർ ഒപ്പിട്ടു. 31 പേർ മരിച്ച മദ്യദുരന്ത കേസിലെ പ്രതിയാണ്.
2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. മദ്യത്തിന് വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം കാരണം.
മണിച്ചനും കൂട്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. . കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു.

എപിജെ ലൈബ്രറി അക്രമം നാളെ പ്രതിഷേധ സംഗമം
എപിജെ ലൈബ്രറിക്ക് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ സംഗമം നടത്തും. വൈകീട്ട് അഞ്ചിന് എപിജെ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന കൂട്ടായ്മ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ സംസാരിക്കും.