ഹലാൽ ലവ് സ്റ്റോറി': ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്ന മലയാള ചിത്രം ഹലാൽ ലവ് സ്റ്റോറിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒക്ടോബര്‍ 15ന് ആമസോണ്‍ പ്രൈമിലാണ് റിലീസ്. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം അണിനിരന്ന ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.
മലയാള സിനിമയിൽ ഇതിനോടകം നാലു താര ചിത്രങ്ങൾ ഡിജിറ്റൽ/ ടെലിവിഷൻ റിലീസിനെത്തിക്കഴിഞ്ഞു. ജയസൂര്യ ചിത്രം 'സൂഫിയും സുജാതയുമായിരുന്നു തുടക്കം. അതിനു ശേഷം ദുൽഖർ സൽമാൻ നിർമ്മാതാവായ 'മണിയറയിലെ അശോകൻ', ഫഹദ് ഫാസിലിന്റെ 'സീ യു സൂൺ' തുടങ്ങിയ ചിത്രങ്ങളാണ് ആമസോൺ പ്രൈമിലും നെറ്ഫ്ലിക്സിലുമായി പ്രദർശനത്തിനെത്തിയത്. കൂട്ടത്തിൽ ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത ചിത്രമാണ്. ഓണം റിലീസായാണ് ഈ ചിത്രം ഏഷ്യാനെറ്റിൽ പ്രദർശനത്തിനെത്തിയത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഉടമ്പടിയിലേർപ്പെട്ട ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കാനും സജീവ റിലീസ് നടക്കാനുമുള്ള കാത്തിരിപ്പിലാണ്. മോഹൻലാൽ ചിത്രം മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ 'വൺ' എന്നിവയാണ് അക്കൂട്ടത്തിലെ പ്രമുഖ ചിത്രങ്ങൾ. വൻകിട പ്രോജക്ടുകൾ ആരംഭിക്കാൻപോലുമാവാത്ത സ്ഥിതിയിലാണ്.