സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു

ന്യൂഡൽഹി
രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ കോൺഗ്രസ് വിട്ടു. ഫെയ്സ്ബുക്കിൽ തത്സമയം എത്തിയായിരുന്നു രാജിപ്രഖ്യാപനം.

കോൺഗ്രസിന് നല്ലതുവരട്ടെയെന്നും മുൻ പ്രതിപക്ഷനേതാവായ ഝക്കർ പറഞ്ഞു. തെരഞ്ഞെടുപ്പുതോൽവിയിൽ മുൻമുഖ്യമന്ത്രി ചരൺജിത് ചന്നിയടക്കമുള്ള നേതാക്കളെ വിമർശിച്ചതിന് അച്ചടക്കസമിതി ഝാക്കറെ സസ്പെൻഡ് ചെയ്തിരുന്നു. കെ വി തോമസിനുള്ള നടപടിക്ക് ഒപ്പമാണ് എ കെ ആന്റണി അധ്യക്ഷനായ സമിതി നടപടിക്ക് ശുപാർശ ചെയ്തത്. ചന്നി കോൺഗ്രസിന് ബാധ്യതയാണെന്നായിരുന്നു പരാമർശം.

 

ചലച്ചിത്ര യാത്ര തുടങ്ങി

കാസർഗോഡ്
സംസ്ഥാന ചലച്ചിത്ര അക്കാദമി കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര യാത്രക്ക് തുടക്കമായി. കാസർഗോഡ് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിൽ നടത്തിയ ചലച്ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നീലേശ്വരം പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥ കെ ഷൈലജ നിർവഹിച്ചു. മാക്ക് ഫ്രെയിം സംഘടിപ്പിച്ച നാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി അവാർഡ് ജേതാവ് ഡോക്യുമെന്ററി സംവിധായകൻ ചന്ദ്രു മുഖ്യാതിഥിയായി. കേരള മഹിള സമഖ്യ സൊസൈറ്റി കാസർഗോഡ് ഡി ഐ യു ജിൻസി. വിക്‌റ്റോറിയ, കാർത്തിയാനി വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ സ്റ്റാഫുകളായ പ്രീത, സുധ, ശ്രീജ, ഗോപിക, സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അരുൺ, കണ്ണൻ, സജിത്ത് എന്നിവർ പങ്കെടുത്തു. കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്‌സൺ അനീസ സ്വാഗതവും ഹരി ലക്ഷ്മി നന്ദിയും പറഞ്ഞു. ഇന്നും കാസർഗോഡ് പ്രദർശനം തുടരും. നാളെ കണ്ണൂർ ശിവപുരത്ത് പ്രദർശിപ്പിക്കും.


കൃഷിയിലെ ശ്രീലങ്കൻ പാഠവും കേരളവും

കൃഷി നഷ്ടമാണ്, അതിൽനിന്ന് ഒന്നും കിട്ടില്ല, അതിനാൽ വേറെ പണിനോക്കുന്നു, പാലക്കാടൻ കർഷകർ ഒരുകാലത്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു. നെല്ല് സംഭരണം സ്വപ്നമായ കാലമായിരുന്നു അന്ന്. കിട്ടിയ വിലയ്ക്ക് മില്ലുകാർക്ക് നെല്ല് നൽകി വീട്ടുചെലവ് നടത്തിയിരുന്ന കാലം. ആ സാഹചര്യം പൂർണമായും മാറി. ചെറുകിട കർഷകർ ഇന്ന് കൃഷി ഉപജീവനമാർഗമായി, അതിലേറെ അഭിമാനമായി കൊണ്ടുനടക്കുകയാണ് '
എന്നാൽ ഇന്ന് എല്ലാം മാറി. നഷ്ടം എന്നത് പഴയ കഥ മാത്രം. കൃഷി നശിച്ചാൽ ഇന്ന് വലിയ നഷ്ടമുണ്ടാകില്ല. കൃത്യമായ നഷ്ടപരിഹാരം ലഭിക്കും. മികച്ച വിളവ് ലഭിച്ചാൽ കാര്യക്ഷമമായ സംഭരണം കർഷകന് നല്ല പ്രതിഫലവും നേടിക്കൊടുക്കും. ഏക്കറിന് 2200 കിലോ നെല്ല് സംഭരിച്ച സ്ഥാനത്ത് ഇന്ന് 3000 കിലോവരെ സംഭരിക്കാൻ സർക്കാർ സന്നദ്ധമായി. അതായത് ഉൽപ്പാദനം വർധിച്ചു. അത് സർക്കാരിന്റെ ഇടപെടൽകൊണ്ടുതന്നെ.
ഉൽപാജന മേഖല ഉപേക്ഷിച്ച് പൂർണമായും ടൂറിസത്തിന്റെ പിറകെ പോയതാണ് ശ്രീലങ്കയിലെ സാമ്പത്തിക രംഗം തകരാൻ കാരണമെന്ന് വിദഗ്ദർ പറയുന്നു. രാസവള പ്രയോഗം കാർഷിക മേഖലയിൽ നിന്ന് പൂർണമായും വർഷങ്ങൾക്ക് മുന്നേ ശ്രീലങ്ക ഉപേക്ഷിച്ചെന്നും പറയുന്നു. ഇവിടെയാണ് കേരളത്തിന്റെ കാർഷിക പാഠം തിരിച്ചറിയേണ്ടത്.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതി ഏറെ ശ്രദ്ധ നേടുകയും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡ് മുന്നേറ്റമുണ്ടാക്കാൻ സഹായമാകുകയും ചെയ്തു. ജനങ്ങൾ പദ്ധതി സ്വയം ഏറ്റെടുത്ത് വീട്ടുമുറ്റത്തും മട്ടുപ്പാവിലും പാതയേരങ്ങളിൽവരെ പച്ചക്കറി വിളയുന്ന നാടായി കേരളം മാറി. അതിന്റെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാർഷികമേഖലയിലെ ഇടപെടലും.
കാർഷിക സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പുമായാണ് സർക്കാർ മുന്നേറുന്നതെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വിള ഇൻഷുറൻസ്, കേരഗ്രാമം പദ്ധതി, കർഷകർക്ക് റോയൽറ്റി, മൂല്യവർധിത ഉൽപ്പാദന പ്രോത്സാഹനം തുടങ്ങിയ പദ്ധതികളിലൂടെ കേരളം മുന്നേറ്റത്തിന്റെ പാതയിലാണെന്ന് മികച്ച കൃഷിക്കാരനായ ചന്ദ്രൻ പറഞ്ഞു. സംഭരണവില കൃത്യമായി ലഭിക്കുന്നതിനൊപ്പം ഉഴവുകൂലിയും കിട്ടുന്നത് ആശാവഹമാണ്. കർഷകർക്ക് റോയൽറ്റി നൽകാനുള്ള തീരുമാനം വിപ്ലവകരമാണ്. തരിശുഭൂമിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതി ഏറെ ഗുണം കണ്ടു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കൃഷിയിറക്കുന്ന നാടായി കേരളം മാറി. പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം.
നെൽക്കൃഷിയിൽ പാടശേഖരസമിതികളുടെ ഇടപെടൽ പ്രധാനമാണ്. സംസ്ഥാനത്തിന്റെ നെല്ലറയായ പാലക്കാട് സമിതികൾ സജീവമാണ്. പാകമെത്തുന്ന നെല്ല് അളന്ന് കൃത്യമായി സപ്ലൈകോയ്ക്ക് കൈമാറാൻ കർഷകർക്ക് തുണയാകുന്നത് പാടശേഖരസമിതികളാണ്. നെല്ലിന്റെ താങ്ങുവില നിലവിൽ ഒരു പ്രശ്നവുമില്ലാതെ കിട്ടുന്നുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാന സർക്കാർ ഇൻസെന്റീവ് തുക വർധിപ്പിക്കുന്നുണ്ട്. ഇതൊക്കെ ഈ മേഖലയിൽ ഊർജ്ജം പകരുന്നതാണെന്ന് കർഷകർ പറയുന്നു.

നരയൻ കുമ്പളം


ശാസ്ത്രനാമം:
ബെനിൻകാസ
ഹിസ്പിഡ
സസ്യകുടുംബം:
കുക്കുർ ബിയേസി
സംസ്‌കൃത നാമം:
കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത് ഫലം

സസ്യ വിവരണം
നിലത്തു കൂടി പടർന്നു വളരുന്ന വളളിച്ചെടിയാണിത്. ഉയരത്തിലേക്ക് പടർന്നു കയറാനും കുമ്പളവള്ളികൾക്ക് കഴിവുണ്ട്. തണ്ട് മൃദുവും പച്ചനിറത്തോട് കൂടിയതുമാണ്. വള്ളികളിൽ ജലാംശം അടങ്ങിയിരിക്കും. ഏതാണ്ട് ഹൃദയാകൃതിയാണ് ഇലകൾക്ക് . വള്ളികളിൽ സമ്മുഖമായി ഇലകൾ വളരുന്നു. ഇതിന്റെ ഇലകളും വള്ളികളും വെളുത്ത രോമങ്ങളാൽ ആവൃതമാണ്. തായ് വള്ളികളുടെ മേൽ ഇലഞെട്ടുകളോടനുബന്ധിച്ച് സ്പ്രിംഗ് പോലുള്ള നേരിയ വള്ളികൾ കാണപ്പെടുന്നു. ഇവയുടെ സഹായത്തോടെയാണ് ചെടി താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്നത്. പുഷ്പങ്ങൾ മഞ്ഞ നിറത്തോട് കൂടിയതാണ്. ആൺ പൂക്കളും പെൺപൂക്കളും ഇതിൽ വെവ്വേറെ കാണപ്പെടുന്നു. പെൺപൂക്കൾക്ക് മൂന്ന് സെ.മീറ്റർ നീളമുള്ള രോമാവൃതമായ
പൂഞെട്ട് ഉണ്ടായിരിക്കും. ആൺ പൂക്കളുടെ ഞെട്ടിന് ഇതിലും നീളം കൂടുതലാണ്. പൊതുവെ നീണ്ട് ഉരുണ്ട കായ്കളാണ് കുമ്പളത്തിൽ ഉണ്ടാകുന്നത്. പച്ചനിറത്തിൽ കട്ടികൂടിയ പുറം തൊലിയുണ്ട്. പുറംതൊലി വെളുത്ത പൊടിയാൽ ആവൃതമായിരിക്കും. അകത്ത് വെളുത്ത മാംസളഭാഗവും അതിൽ അനേകം വിത്തുകളും കാണും.
വിളവെടുത്തതിന് ശേഷം ഒരു വർഷത്തോളം കുമ്പളം കേട് വരാതെ നിലനില്ക്കുന്നു. തെക്കേ ഇന്ത്യയിൽ പൊതുവേയും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടത്തും പറമ്പത്തും കൃഷി ചെയ്യപ്പെടുന്ന പച്ചക്കറി വിള കൂടിയാണിത്.

കൃഷി രീതി
ജനുവരി - മാർച്ച്, സെപ്തംബർ-ഡിസംബർ കാലങ്ങളാണ് കുമ്പള കൃഷിക്കനുയോജ്യം.
രണ്ടടി വലുപ്പവും ഒന്ന് - ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേൽ ഉണ്ണും കാലിവളവും കലർത്തിയ ശേഷം കുഴിയൊന്നിന് 5 - 6 വിത്ത് വീതം നടാം. മുളച്ച് രണ്ടാഴ്ചക്ക് ശേഷം ഒരു തടത്തിൽ നല്ല മൂന്ന് തൈകൾ വീതം നിർത്തിയാൽ മതി. ഐശ്വര്യ, ഇന്ദു , താര, ഗഅഡ ലോക്കൽ ,കോ-1 , കോ- 2 എന്നിവ മികച്ച ഇനങ്ങളാണ്. കള നിയന്ത്രണം, ഇടയിളക്കൽ, മേൽ വളപ്രയോഗം, ആവശ്യാനുസരണം നന നൽകൽ എന്നിവയാണ് പരിചരണ പ്രവർത്തനങ്ങൾ .
മഴക്കാലത്തെ കൃഷിയിൽ ചെടിക്ക് ചുറ്റും വെള്ളം കെട്ടി നില്ക്കാത്ത വിധം മണ്ണൊരുക്കണം.
നട്ട് നാല് - അഞ്ച് മാസം കൊണ്ട് വിളവെടുപ്പിനാകും.

രാസഘടകങ്ങൾ
പ്രധാനമായും കുക്കുർ ബിറ്റിൻ എന്ന ആൽക്കലോയിഡ് ഫലത്തിൽ അടങ്ങിയിരിക്കുന്നു.

ഔഷധ , പോഷക ഗുണങ്ങൾ
പൊതുവെ ഭക്ഷ്യാവശ്യങ്ങൾക്കായാണ് കുമ്പളം ഉപയോഗിക്കുന്നത്. ഇളം കായ്കൾ പച്ചക്ക് കഴിക്കുന്നതിനും ജ്യൂസുകൾ തയ്യാറാക്കുന്നതിനും നല്ലതാണ്. ഇതിന്റെ കായ്കൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള കറികൾ പാകപ്പെടുത്തുന്നുണ്ട്. ഇതിന്റെ അധികം മൂക്കാത്ത ഇലകളും പുഷ്പ മുകുളങ്ങളും വേവിച്ച് പച്ചക്കറി യെന്ന നിലയിൽ ഉപയോഗിക്കാറുണ്ട്. ഇതിന്റെ വിത്തുകൾ വറുത്തു തിന്നാനും നല്ലതാണ്.
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുലവണങ്ങൾ, വിറ്റമിൻ എന്നിവയെല്ലാം കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.
സമൂലമായ ഔഷധ ഗുണമുള്ള ഫല സസ്യം കൂടിയാണ് കുമ്പളം.
ഫലത്തിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കുന്ന ഔഷധങ്ങൾ മൂത്രാശയ രോഗങ്ങൾക്ക് ശമനമേകും. ആയുർവേദത്തിൽ ഇതിന്റെ വിത്തുകൾ ഉപയോഗിച്ച് ചുമ, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധങ്ങൾ നിർമ്മിക്കുന്നു.

ചില ഔഷധപ്രയോഗങ്ങൾ
കുമ്പളങ്ങ ജ്യൂസ് ആക്കി കഴിച്ചാൽ ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളപ്പെട്ട് ശരീരം ശുദ്ധമാകും.
ഇതിന്റെ ഫലമജ്ജ പിഴിഞ്ഞെടുത്ത 15 മി.. ലി നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചു ചേർത്ത് ഉച്ചക്കും വൈകീട്ടും കഴിക്കുന്നത് അപസ്മാരത്തിനുള്ള ചികിത്സയാണ്.
കുമ്പള നീരിൽ ജീരകപ്പൊടി ചേർത്ത് കഴിക്കുന്നതും , കുമ്പള നീരിൽ കൂവളത്തില അരച്ചുചേർത്ത് നിത്യവും കഴിക്കുന്നതും ശ്വാസകോശ രോഗങ്ങൾക്ക് ശമനമുണ്ടാക്കും.
കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നതിലൂടെ തൈറോയിഡിന്റെ സാധ്യതയും, തൈറോയ്ഡ് രോഗവും ഇല്ലാതാക്കും.
കുമ്പളങ്ങ യുടെ അനുമോദനം ഒരു വിത്തും തൊലിയും വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് തലയിൽ തേക്കുന്നത് താരൻ ശല്യം ഇല്ലാതാക്കും.
മൂത്ത കുമ്പളങ്ങയുടെ വിത്ത് പൊടിയാക്കി ആറു ഗ്രാം രാവിലെ വെറും വയറ്റിൽ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ഉദരകൃമി നശിക്കും. ഇത് മൂന്നു ദിവസം തുടർന്ന് കഴിക്കണം.
ഫലം ഇടിച്ചു പിഴിഞ്ഞ നീര് 10 മുതൽ 15 മി.ലി. വരെ പതിവായി ദിവസം രണ്ടുനേരം വീതം കുടിച്ചാൽ പ്രമേഹത്തിന് ശമനം ഉണ്ടാകും. ഇത് ബുദ്ധിശക്തി വർധനവിനും ഉപകരിക്കും.
വയറ്റിലെ അസിഡിറ്റിയും, അൾസറും ഇല്ലാതാവാൻ കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് വഴി സാധ്യമാകും .
കാസം, ക്ഷയം എന്നിവ അകറ്റാനും , ബുദ്ധിശക്തിക്കും ശരീരബലത്തിനുമുള്ള കൂഷ്മാണ്ഡ രസായനത്തിലെ പ്രധാന ഘടകമാണിത്.

പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണം
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തുക
മട്ടന്നൂർ
ഉൾനാടൻ ജലപാത നിർമാണം ത്വരിതപ്പെടുത്തണമെന്നും പ്രാദേശികമായുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ പ്രത്യേകമായ് പഠിച്ച് ജനങ്ങളുടെ ഉൽക്കണ്ഠയ്ക്ക് പരിഹാരം കാണണമെന്നും ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നിന്നാരംഭിച്ച് കാസർഗോഡ് ജില്ലയിലെ ബേക്കലിൽ അവസാനിക്കുന്ന കേരള ഉൾനാടൻ ജലപാതാ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. കണ്ണൂർ ജില്ലയിൽ കാര്യമായ തോതിലുള്ള പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. പാനൂർ, തലശ്ശേരി, ചാല തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ ജലപാത നിർമാണവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയിലാണ്. തങ്ങളുടെ പ്രദേശത്ത് കുടിവെള്ള സ്രോതസ് വരണ്ടു പോകുമെന്നും ഉപ്പുവെള്ളം കലരുമെന്നും ജനങ്ങൾ ഭയപ്പെടുന്നുണ്ട്. ജനങ്ങളുമായ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്ത് ഇത്തരം ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണം
മട്ടന്നൂർ ഗവ. യുപിസ്‌കൂളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന പ്രസിഡന്റ് ഒ എം ശങ്കരൻ, സംഘടനാ രേഖയിൽ മേൽ നടന്ന ചർച്ചക്ക മറുപടി പറഞ്ഞ് കൊണ്ട് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ കെ വിനോദ് കുമാർ, വിവി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ജെൻഡർ നയ രേഖ അവതരിപ്പിച്ച് സംസ്ഥാന കൺവീനർ വിപി സിന്ധുവും കെ റെയിൽ അവതരണം ടി ഗംഗാധരനും നടത്തി. കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിപി ബാബു ഭാവി പ്രവർത്തനം അവതരിപ്പിച്ചു. സിപി ഹരീന്ദ്രൻ, കമലാ സുധാകരൻ, കെ കെ രവി, പിവി പുരുഷോത്തമൻ, കെ സുരേഷ് എന്നിവർ പ്രമേയം അവതരിപ്പിച്ചു. ജെൻഡർ പഠനം ടിവി നാരായണൻ അവതരിപ്പിച്ചു.
ദേശീയ പാത വികസനത്തിന്റെ മറവിൽ വയലുകളും ചതുപ്പുനിലങ്ങളും അനധികൃതമായി മണ്ണിട്ടു നികത്തുന്നത് തടയുക. നീരുറവുകളുടെ ഒഴുക്ക് തടയാതിരിക്കുക, പൊതു ഗതാഗതം മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടുക, പുതിയ കേന്ദ്രവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യാപകമായ ജനകീയ സംവാദങ്ങൾ സംഘടിപ്പിച്ച് ജനങ്ങൾക്കിടയിലെ ആശങ്കയകറ്റുക, എൽ.എസ്എസ്, യു.എസ്.എസ്. പരീക്ഷകൾ കാലോചിതവും ശാസ്ത്രീയവുമായ രീതിയിൽ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

പി കെ സുധാകരൻ പ്രസിഡന്റ് പി പി ബാബു സെക്രട്ടറി

 


മട്ടന്നൂർ
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റായി പി കെ സുധാകരനെയും സെക്രട്ടറിയായി പി പി ബാബുവിനെയും തെരഞ്ഞെടുത്തു. സതീശൻ കസ്തൂരിയാണ് ട്രഷറർ. ഒസി ബേബിലത, കെ സി പത്മനാഭൻ(വൈസ് പ്രസിഡന്റ്), പിടി രാജേഷ്, പി സൗമിനി(ജോ. സെക്രട്ടറി). 37 അംഗ ജില്ലാ കമ്മിറ്റിയെയും 56 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, ജെന്റർ എന്നീ വിഷയ സമിതിയെയും ബാലവേദി, മാസിക, പഠന കേന്ദ്രം, യുവസമിതി, കലാ സാംസ്‌കാരം, ഐടി, സംഘടനാ വിദ്യാഭ്യാസം, സാമ്പത്തിക,#ം ഭവൻ മാനേജ്‌മെന്റ്, ഉന്നത വിദ്യാഭ്യാസം എന്നീ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


ഹിമാഘ്നരാജ് ഭട്ടാചാര്യ ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എ എ റഹീം പ്രസിഡന്റ്

 

ദീഗോ മറഡോണ നഗർ (സാൾട്ട്ലേക്ക്, കൊൽക്കത്ത) > ഡിവൈഎഫ്ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷിമുഖർജി, നബ്അരുൺദേബ്,ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ്സെക്രട്ടറിമാർ. മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ).

സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാഅജയഘോഷ്, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ് കേരളത്തിൽ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.