സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി. നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.മലയാള സിനിമയിലെ എണ്ണം പറഞ്ഞ വാണിജ്യ വിജയങ്ങളുടെ ശില്പിയായ സച്ചി എന്ന കെ.ആർ. സച്ചിദാനന്ദൻ (48) അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായിരുന്നു. രാത്രി പത്തുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയക്കു കഴിഞ്ഞ് അഞ്ചു മണിക്കൂറിനുള്ളിലായിരുന്നു ആദ്യം ഹൃദയഘാതമുണ്ടായത്.തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു വന്നു.
2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ 'ചോക്ലേറ്റ്' സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു. 2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്.2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ബോക്സ്' ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയത് അടുത്തിടെയാണ്.ബിജു മേനോൻ ചിത്രം ചേട്ടായീസിലൂടെ നിർമ്മാതാവായി. ബിജു മേനോൻ, ഷാജൂൺ കരിയാൽ, പി. സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം 'തക്കാളി ഫിലിംസ്' എന്ന ബാനറിൽ 'ചേട്ടായീസ്' സിനിമ നിർമ്മിച്ചു.
