ഗവർണർക്ക് തിരിച്ചടി: വെെസ് ചാൻസലർമാർക്ക് നേരെ ഉടനെ നടപടി എടുക്കരുതെന്ന് ഹെെക്കോടതി

കൊച്ചി> സർവ്വകലാശാല വെെസ്‌ചാൻസലർമാർക്ക് നേരെ ചാൻസലറായ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. വിസിമാർക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹെെക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിർദേശിച്ചു. ചാൻസലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹർജികൾ നവംബർ 17നു വീണ്ടും പരിഗണിക്കും. ചാൻസലർ മറുപടി നൽകാൻ സമയം ചോദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ പത്ത് സർവ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നൽകിയിരുന്നത്.സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്.സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് വിസിമാര്‍ ഹര്‍ജി നല്‍കിയത്. സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുകയെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു
വയറിനകത്ത് 52 ലക്ഷത്തിന്റെ സ്വർണ ക്യാപ്‌സൂൾ; കരിപ്പൂരിൽ വൻ സ്വർണവേട്ട

കരിപ്പൂർവിമാനത്താവളം വഴി കടത്താൻശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പൊലീസ് പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റിലായി. ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ്ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും.
ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് (IX 398) കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചുകൊണ്ട് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീന്‍ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തിനോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്‍റില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹിയുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മുഹിയുദ്ദീന്‍ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് മുഹിയുദ്ദീനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്‌സറേ പരിശോധനയില്‍ വയറിനകത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു മുഹിയുദ്ദീനെ ജിദ്ദയില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതിന് തടസമില്ല: എം വി ഗോവിന്ദൻ

തൃശൂർ> ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരെയും പോകാൻ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ നിലപാട് നിയമവിരുദ്ധമാണ്. നിയമപരമായി പ്രവർത്തിക്കാൻ തയ്യാറാകണം. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ . ഗവർണറുടെ നിലപാട് സ്വേച്ചാധിപത്യപരമാണ്. സമനില തെറ്റിയ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.ഗവർണർക്കെതിരെ മാധ്യമപ്രവർത്തകരുടെ രാജ്ഭവൻ മാർച്ച് അഭിനന്ദനാർഹമാണ് എന്നാൽ. ചില മാധ്യമങ്ങളെ ഗവർണർ പുറത്താക്കിയപ്പോൾ കുറച്ച് മാധ്യമ പ്രവർത്തകർ മാത്രം ഗവർണരുടെ പ്രതികരണത്തിനായി നിന്നത് സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്. ഗവർണറുടെ നിലപാട് ആശങ്കാകുലമായ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുന്നു. കേരളത്തെയും ജനങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ചേർന്ന് ചെറുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്‌കാരം
കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്‌കാര നേട്ടം. ഉത്തരവാദിത്ത ടൂറിസം മിഷൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിൻറെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാ?ണ് കേരളത്തിൻറെ വാട്ടർ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷൻറെ നേതൃത്വത്തിൽ 2022 ജൂൺ മാസത്തിൽ കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമത്തിൽ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാർച്ച് മാസത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ഇതിനാണ് പുരസ്‌ക്കാരം.
ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റിൽ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് അാാർഡ് ഏറ്റുവാങ്ങി.
സി സത്യപാലനും, കെ വി സുമേഷും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ
സി സത്യപാലൻ, കെ വി സുമേഷ് എന്നിവരെ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ വി സക്കീർ ഹുസൈൻ, കെ പി സുധാകരൻ, ടി ചന്ദ്രൻ എന്നിവരെ ജില്ലാകമ്മിറ്റിയിലും ഉൾപ്പെടുത്തും.
സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സൻ പനോളി, പി ശശി, എൻ ചന്ദ്രൻ എന്നിവരെ ജില്ലാകമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. വത്സൻ പനോളിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനങ്ങൾ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജൻ എന്നിവർ സംസാരിച്ചു.
സ്‌കൂൾ ശാസ്ത്രോത്സവത്തിനൊരുങ്ങി കൊച്ചി
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിനൊരുങ്ങി കൊച്ചി നഗരത്തിലെ സ്‌കൂളുകൾ. ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ എത്തുമെന്നാണു പ്രതീക്ഷ. വ്യാഴാഴ്ച്ച രാവിലെ 9 ന് എറണാകുളം എസ്ആർവി സ്‌കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും.
മേളയുടെ ആദ്യ ദിനമായ ബുധനാഴ്ച രജിസ്ട്രേഷൻ മാത്രമായിരിക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങൾ. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, തേവര സേക്രട്ട് ഹാർട്ട് എച്ച്എസ്എസ്, എറണാകുളം എസ്ആർവി എച്ച്എസ്എസ്, എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ്, കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്.എസ്.എസ്, എറണാകുളം സെന്റ് ആൽബർട്സ് എച്ച്.എസ്.എസ് എന്നിങ്ങനെ ആറു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്‌കൂൾ ആണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂൾ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുൽ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആർ.വി എച്ച്.എസ്.എസ് വൊക്കേഷണൽ എക്സ്പോ, കരിയർ സെമിനാർ, തൊഴിൽമേള എന്നിവയ്ക്ക് വേദിയാകും.
പെരുമാനൂർ സെന്റ് തോമസ് സ്‌കൂൾ, എറണാകുളം സെന്റ് തെരേസാസ് സ്‌കൂൾ, എറണാകുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഇടപ്പള്ളി പയസ് ഹൈസ്‌കൂൾ, പെരുമാനൂർ സി.സി.പി.എൽ.എം, തൃക്കനാർവട്ടം എസ്.എൻ സ്‌കൂൾ, ചാത്തിയത്ത് സെന്റ് ജോസഫ് ഹൈസ്‌കൂൾ, ചാത്തിയത്ത് എൽ.എം.സി.സി സ്‌കൂൾ, എളമക്കര ഗവ.സ്‌കൂൾ, ഇടപ്പള്ളി ഗവ.സ്‌കൂൾ, കലൂർ സെന്റ്.അഗസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണു പെൺകുട്ടികൾക്കു താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഇരുന്നൂറോളം ജീവനക്കാരാണ് 17 കമ്മിറ്റികളിലായി സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ നടത്തിപ്പിൽ പങ്കാളികളാകുന്നത്. ഇതിനു പുറമെ വിദ്യാർത്ഥികളും സേവനസജ്ജരായി വേദികളിലുണ്ടാകും.
മത്സരത്തിനെത്തുന്ന വിദ്യാർത്ഥികൾക്കായി ഭക്ഷണം ഒരുക്കുന്നത് ഗവ. ഗേൾസ് ഹൈസ്‌കൂളിലെ കലവറയിലായിരിക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണയും ശാസ്ത്രോത്സവത്തിനു സദ്യ ഒരുക്കുന്നത്. മത്സരാർഥികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ജിസിഡിഎ, കൊച്ചി കോർപറേഷൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. കൊച്ചി കോർപറേഷന്റെ സഹായത്തോടെ മാലിന്യങ്ങൾ തരംതിരിച്ച ശേഷം നിർമാർജ്ജനം ചെയ്യും.
ശനിയാഴ്ച ശാസ്ത്രമേള സമാപിക്കും. വൈകീട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.
ഗവർണറുടെ മാധ്യമ വിലക്ക്: രാജ്ഭവന് മുന്നിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം
വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രാജ്ഭവനിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11 .30നാണ് മാർച്ച് സംഘടിപ്പിച്ചത്. വിവിധ മാധ്യങ്ങളിലെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു. പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ചു അനുമതി നൽകി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വൺ സംഘത്തെ വാർത്താ സമ്മേളന ഹാളിൽ നിന്നും ഗവർണർ ഇറക്കിവിട്ടത്.
ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും എംസിസിക്ക് കൈമാറും
ഡോ. ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളും സ്ഥലവും മലബാർ കാൻസർ സെന്ററിന് വിട്ട് നൽകാൻ പ്രാഥമിക തീരുമാനമായി. സ്പീക്കർ എ എൻ ഷംസീറും ഗുണ്ടർട്ട് ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 2.25 ഏക്കർ സ്ഥലം സൗജന്യമായാണ് വിട്ടുനൽകുക. സാമ്പത്തിക പരാധീനതകൾ ഉള്ളതിനാൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സ്‌കൂൾ മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറുന്നതാണ് നല്ലതെന്ന തീരുമാനപ്രകാരമാണ് മലബാർ കാൻസർ സെന്ററിന് നൽകാനുള്ള തീരുമാനത്തിലെത്തിയത്. സ്ഥാപനത്തിന്റെ ബൈലോ പ്രകാരം സ്വകാര്യ വ്യക്തിക്ക് സ്ഥലം കൈമാറാൻ പാടില്ല. സമാനമായ മറ്റ് സൊസൈറ്റിക്ക് കൈമാറാമെന്ന വ്യവസ്ഥയിലാണ് എംസിസിക്ക് ഭൂമി നൽകാൻ തീരുമാനിച്ചത്.
2025 ഓടു കൂടി ഓങ്കോളജിക്കൽ റിസർച്ച് സെന്ററാകാൻ ഒരുങ്ങുന്ന എം സി സിക്ക് വിവിധ കോഴ്സുകൾ നടത്തുന്നതിന് ഈ സ്ഥലം ഉപയോഗമാകും. ഈ അധ്യയന വർഷം പൂർത്തിയാകുന്നതോടെ ഭൂമി കൈമാറുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളും.
ഗുണ്ടർട്ട് മെമ്മോറിയൽ ആയി തന്നെ കൈമാറാനാണ് യോഗം നിർദേശിച്ചത്. മൂർക്കോത്ത് രാമുണ്ണിയുടെ നേതൃത്വത്തിൽ ഡോക്ടർ ഹർമൻ ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറക്കാരനായ ഗേട്ടേഡ് ഐ ഫ്രന്റ്സാണ് 2004ൽ സ്‌കൂളിന് തറക്കല്ലിട്ടത്. മഞ്ഞോടി ഗുണ്ടർട്ട് ഫൗണ്ടേഷൻ സ്‌കൂളിൽ സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷൻ ബോഡി അംഗങ്ങളായ കെ കെ രാഘവൻ, എൻ ബാലകൃഷ്ണൻ, കെ ശശിധരൻ, വി വി മാധവൻ, കെ വിനയരാജ് എന്നിവർ പങ്കെടുത്തു.
കൊടുവള്ളി റെയിൽവേ മേൽപ്പാലം 2023 മാർച്ചോടെ പൂർത്തിയാക്കും
കൊടുവള്ളി റെയിൽവേ മേൽപ്പാലം നിർമ്മാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കും. സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരളാ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
400 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും കോമ്പോസിറ്റ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ചാണ് പാലം നിർമ്മാണം. പാലത്തിന്റെ പൈൽ ക്യാപ്പ് വരെ കോൺക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിർമ്മിക്കുക. യാർഡിൽ നിർമ്മിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. 50 പൈലുകളുടെയും പൈൽ ക്യാപ്പുകളുടേയും നിർമ്മാണം പൂർത്തിയായി. സ്ലാബിനടിയിൽ വരുന്ന ഭീമുകൾ കോൺക്രീറ്റിൽ നിർമ്മിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. റെയിൽവേ സ്ലാബുകൾ ഒഴികെ മറ്റ് മുഴുവൻ നിർമ്മാണ പ്രവൃത്തിയുടെയും ചുമതല എസ് പി എൽ പ്രൈവറ്റ് ലിമിറ്റഡിനാണ്. റെയിൽവേ സ്ലാബുകൾ ടൂൾ ഫാബും നിർമ്മിക്കും.
ഇല്ലിക്കുന്നിൽ പിണറായിലേക്കുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി പ്രവർത്തി പൂർത്തീകരിക്കേണ്ടതിനാൽ 15 ദിവസത്തേക്ക് യാത്രാ നിയന്ത്രണം ആവശ്യമുള്ളതായി ആർ ബി ഡി സി കെ ജനറൽ മാനേജർ ടി എസ് സിന്ധു അറിയിച്ചു. ഈ പ്രവൃത്തി ഉടൻ ആരംഭിക്കും. 19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. തലശ്ശേരി ഗവ. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ആർബിഡിസികെ ഡെപ്യൂട്ടി കലക്ടർ കെ കെ അനിൽകുമാർ, പ്രോജക്ട് എൻജിനീയർ കെ അനീഷ്, റൈറ്റ്സ് സീനിയർ ഡിജിഎം കെ ലക്ഷ്മിനാരായണൻ, ക്യൂ സി ഇ എസ് എസ് ശോബിക് കുമാർ, എൻജിനീയർ ആർ എ അരവിന്ദ്, എസ് പി എൽ ചീഫ് പ്രോജക്ട് കോഡിനേറ്റർ അശോക് ആനന്ദ്, ഫിനാൻസ് കോ ഓർഡിനേറ്റർ കെ രാജേഷ്, പ്രോജക്ട് മാനേജർ സെങ്കുട്ടുവൻ എന്നിവർ പങ്കെടുത്തു.
ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകൾ: അക്കൗണ്ടന്റ്, ഫാർമസിസ്റ്റ,് ഇവാല്വേറ്റർ (ഓട്ടോമൊബൈൽ), റിസപ്ഷനിസ്റ്റ്/കാഷ്യർ, ടീം ലീഡർ (പർച്ചേസ്), ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, ക്യാപ്റ്റൻ, സപ്ലയർ, സെക്യൂരിറ്റി, ഡെലിവറി ബോയ്. യോഗ്യത: എം ബി എ, ഓട്ടോമൊബൈലിൽ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്്രേടഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
ജില്ലാതല സമിതി രൂപീകരിച്ചു
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 15 അംഗ സമിതി രൂപീകരിച്ചു. കണ്ണൂർ താഴെ ചൊവ്വ സുന്നി സെന്ററിൽ നടന്ന ജില്ലാ നേതൃസംഗമം ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ മദ്രസാ അധ്യാപകരെയും കേരള മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി അംഗങ്ങൾക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവന വായ്പയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാൻ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉമർഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ഇ യാക്കൂബ് ഫൈസി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് എന്നിവർ വിഷയാവതരണം നടത്തി. ബോർഡ് അംഗങ്ങളായ പി കെ മുഹമ്മദ് ഹാജി, ഹാരിസ് ബാഫഖി തങ്ങൾ, എം കെ ഹാമിദ്, ഒ പി ഐ കോയ, അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു.
സംരഭകത്വ ശിൽപശാല
കണ്ണൂർ കോർപറേഷൻ പരിധിയിലെ നവാഗത സംരഭകർക്കായി, വ്യവസായ വകുപ്പ് സംരഭക ശിൽപശാല സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പ് മുഖേന നൽകുന്ന വായ്പകൾ, സബ്സിഡികൾ, ഗ്രാന്റുകൾ, കച്ചവട സംരഭത്തിലേക്കായി കേരള സർക്കാരിന്റെ കെൽസ് വായ്പ, ലൈസൻസിനുള്ള കെ സ്വിഫ്റ്റ് എന്നിവയെ കുറിച്ചുള്ള സംരഭകത്വ ശിൽപശാല നവംബർ ഒമ്പത് രാവിലെ 10 മണിക്ക് കോർപറേഷൻ കൗൺസിൽ ഹാളിൽ നടക്കും. ഫോൺ 9447772638
വുമൺ ഫിലീം ഫെസ്റ്റ്
ചലച്ചിത്ര അക്കാദമിയും കുടുംബശ്രി ജില്ലാ മിഷനും സംഘടിപ്പിക്കുന്ന വുമൺ ഫിലീം ഫെസ്റ്റ് ന്യൂ മാഹി പഞ്ചായത്തിൽ പ്രദർശനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. മഹേഷ് മാണിക്കോത്ത്, അരുൺ ജിതേഷ്, അസ്മിന സിവി, രജിത സിവി എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നിശ്ചയം, ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.