തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ, സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ചേർന്ന ഉന്നതതല യോഗത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആക്ഷൻ പ്ലാനിന് രൂപം നൽകിയത്.

കൊവിഡ് വ്യാപനത്തിന്റെ തോത് സൂപ്പർ സ്‌പ്രെഡിലേക്ക് കടന്ന പൂന്തുറ ഉൾപ്പെടെയുളള പ്രദേശങ്ങളെ പ്രത്യേക ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കാനും രോഗം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കാനും രോഗ ബാദിതരെ കണ്ടെത്തി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി ക്വാറന്റീനിൽ പ്രവേശിപ്പിക്കാനുമുള്ള നിർദേശങ്ങൾ പുറത്തിറക്കി.

ക്വറന്റീൻ നിർദേശങ്ങൾ കർശനമായി പാലിക്കണം. എല്ലാ ദിവസവും യോഗം കൂടി പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കും. ബോധവത്ക്കരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗ വ്യാപനം കൂടുതലുള്ള തമിഴ്‌നാട്ടിൽ നിന്ന് ആളുകൾ കേരളത്തിലേക്ക് എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നുണ്ട്. ഇത് തടയാൻ നിരീക്ഷണം ശക്തിപ്പെടുത്തും. അന്യസംസ്ഥാനനങ്ങളിൽ നിന്നെത്തുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒ.പിയും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവും പ്രത്യേകം ഒരുക്കും.

വയോജനങ്ങൾ, മറ്റ് ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഓരോ കുടുംബവും വളരെയധികം ശ്രദ്ധിക്കണം. അവരെല്ലാവരും റിവേഴ്‌സ് ക്വാറന്റീൻ സ്വീകരിക്കണം. ഇവർ ഒരു കാരണവശാലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. വിട്ടുവീഴ്ചയുണ്ടാകുന്ന പക്ഷം അതിഗുരുതരമായ അവസ്ഥയുണ്ടാകും. സാഹചര്യം കൈവിട്ട് പോകാതിരിക്കാൻ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.