അഫ്ഗാനിസ്ഥാനില് വന് ഭൂചലനം; 920 പേർ മരിച്ചു, 621 പേർക്ക് പരിക്ക്
കാബൂള്> കിഴക്കന് അഫ്ഗാനിസ്ഥാനില് മലയോര മേഖലയില് ഉണ്ടായ ഭൂചനത്തിൽ 920 പേർ മരിച്ചു. 621 പേർക്ക് പരിക്കേറ്റെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്.
കിഴക്കന് അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്മല, സിറുക്, നക, ഗയാന് ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. റിക്ടര് സ്കെയിലില് 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മഹാരാഷ്ട്ര പ്രതിസന്ധി: രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ
മുംബൈ> മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കോവിഡ് രോഗബാധിതനായതിനാൽ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക വസതിയിൽ നിന്ന് ഉടൻ മാറും. മുഖ്യമന്ത്രി പദവിയോട് ആർത്തിയില്ല. ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായതെന്നും കോവിഡ് അടക്കം പല പ്രതിസന്ധികളും നേരിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വയിൽ വിട്ടുവീഴ്ചയില്ല, അതിനായി പോരാടും. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല. ശിവസേനയിൽ ചിലർക്ക് തന്നെ ആവശ്യമില്ല. പരസ്പരം ഭയമുള്ള ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ത്രീപദവി പഠനം:
വിദ്യാഭ്യാസത്തിൽ പുരുഷന്മാരെ പിന്തള്ളി സ്ത്രീകൾ
സ്ത്രീകൾ ബിരുദമടക്കമുള്ള മികച്ച വിദ്യാഭ്യാസം നേടുമ്പോൾ പുരുഷൻമാർ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോട്ടുപോവുന്നതായി പഠനം. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെ ലിംഗ സൗഹൃദമാക്കാനായി നടത്തിയ സ്ത്രീപദവി പഠനത്തിലാണ് സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് പുരുഷന്മാരേക്കാൾ ഉയർന്നതായുള്ള കണ്ടെത്തൽ. സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതയും പുരുഷൻമാരേക്കാൾ ഉയർന്നതാണ്. പഠനവിധേയമാക്കിയവരിൽ 62 ശതമാനം പുരുഷന്മാരും 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയവരാണ്. 15% പേർ ബിരുദവും അതിനു മുകളിലും യോഗ്യത നേടിയവരും. 65% പുരുഷന്മാരും കൂലിപ്പണി പോലെ അവിദഗ്ധ ജോലികൾ ചെയ്യുന്നവരാണ്. പുരുഷന്മാരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതുണ്ട്.
എന്നാൽ, പഞ്ചായത്തിൽ 50% സ്ത്രീകളും ഹയർസെക്കൻഡറിയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. അതേസമയം, പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകൾ വെറും 24% മാത്രമാണ്. 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ 44% മാത്രമാണ്.
സാമൂഹിക ചുറ്റുപാട് പുരുഷന്മാരുടെ വിദ്യാഭ്യാസ നിരക്ക് കുറയാൻ കാരണമാകുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് പുരുഷന്മാരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉയർന്ന വിദ്യാഭ്യാസം നേടാതെ വരുമാനമുണ്ടാക്കുന്ന ജോലികളിലേക്ക് അവർ തിരിയാൻ കാരണമാകുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായതും വിവാഹപ്രായം 18 വയസ്സിനു മുകളിൽ ആക്കിയതും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ ഉള്ളതും ഒരു പരിധി വരെ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ സഹായകമായി.
വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ താരതമ്യേന കുറവാണ്. 47% സ്ത്രീകൾ കൂലിപ്പണി, തൊഴിലുറപ്പ് പോലുള്ള ജോലികൾ ചെയ്യുന്നു. ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം മൂലവും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനുവാദമില്ലാത്തതുകൊണ്ടും ജോലിക്ക് പോവാൻ സാധിക്കാത്ത 45.1% സ്ത്രീകളാണുള്ളത്. വീടിന്റെയും വീട്ടുകാരുടെയും കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സ്ത്രീയുടെ ചുമതലയായി മാത്രം കണക്കാക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. പുറത്ത് പോയി ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത 39% സ്ത്രീകളും ഇത്തരം ചിന്താഗതിയിൽ വിശ്വസിക്കുന്നവരാണ്. കലാകായിക രംഗത്ത് വളരെയധികം മികവ് പുലർത്തിയിരുന്ന പല സ്ത്രീകളും വീട്ടുത്തരവാദിത്തം കാരണം ഈ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതായി പഠനം കാണിക്കുന്നു.
തയ്യൽ, കോഴിവളർത്തൽ, മൃഗപരിപാലനം, ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി വിൽക്കുന്നത് തുടങ്ങിയവയാണ് സ്ത്രീകൾ പ്രധാനമായും വീട്ടിൽ നിന്ന് തന്നെ വരുമാനം കണ്ടെത്തുന്ന മാർഗങ്ങൾ. 17% സ്ത്രീകൾ മാത്രമാണ് വീടിനുള്ളിൽ വരുമാനം കണ്ടെത്തുന്ന ജോലികൾ ചെയ്യുന്നവർ.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഉണ്ടായിവരുന്ന വർധനവ് സ്ത്രീകളുടെ പുരോഗതിയിലേക്കുള്ള സൂചനയാണ്. പഞ്ചായത്തിലെ 71 ശതമാനം സ്ത്രീകളും ഫേസ്ബുക്ക്, വാട്ട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. കൃത്യമായ അറിവില്ലാതെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാൽ പലരുടെയും ജീവിതം പലതരത്തിൽ പ്രയാസത്തിലാകുന്നുണ്ട്. അതിനാൽ ഇന്റർനെറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് മുതിർന്നവരെയും കുട്ടികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരിക്കും.
വ്യായാമക്കുറവ്, ജീവിത ശൈലി, ജോലിഭാരം, ആരോഗ്യകാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ , ഭക്ഷണക്രമം തുടങ്ങിയവ മൂലം സ്ത്രീകളിൽ രോഗങ്ങൾ ഏറുന്നു. ഗർഭാശയ, മൂത്രാശയ, അസ്ഥി സംബന്ധ രോഗങ്ങളാണ് ഏറെയും. പഞ്ചായത്തിലെ 83 അർബുദ ബാധിതരിൽ 51 പേർ സ്ത്രീകളാണ്. അതിനാൽ അർബുദം നേരത്തെ കണ്ടെത്താനുള്ള ക്യാമ്പുകളും ബോധവത്കരണവും പഞ്ചായത്ത് നടത്തും. 10% പേർ ജീവിത ശൈലി രോഗങ്ങൾക്ക് ചികിത്സ തേടുന്നു. ആർത്തവ സമയത്ത് 69% പേരും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുണ്ട്. സാനിറ്ററി പാഡ് പ്രകൃതിക്ക് ദോഷം ചെയ്യുന്നതിനാൽ മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് ധാരണ ഇല്ലാതെ വിവാഹം കഴിച്ചവരാണ് 64% പേരും. വ്യക്തമായ ബോധമില്ലായ്മ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി പ്രീ മാരിറ്റൽ കൗൺസിലിംഗ് നടത്തും.
ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളെയും പരിചരിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയായാണ് പലരും കാണുന്നത്. അതിനാൽ ഇവർക്ക് വീടുകളിൽനിന്ന് പുറത്തു പോകാൻ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. 80% വീടുകളിലും സ്ത്രീകൾ മാത്രമാണ് വീട്ടു ജോലികൾ ചെയ്യുന്നത്. 35% പേർ പുരുഷന്മാരിൽ നിന്ന് തുറിച്ചുനോട്ടം, മോശമായ പദപ്രയോഗം എന്നിവ നേരിടുമ്പോൾ 24% ഭർത്താവിൽ നിന്നും 20% ഭർതൃ മാതാവിൽ നിന്നും ശാരീരിക മാനസിക പീഡനം നേരിടുന്നു. ഇത് തടയാൻ അവകാശങ്ങളെയും നിയമസഹായങ്ങളെയും കുറിച്ച് ബോധവത്കരിക്കും. കുടുംബഭദ്രത നിലനിൽക്കാൻ സ്വയം താഴ്ന്നു കൊടുക്കണമെന്നാണ് 55% സ്ത്രീകളുടെയും വിശ്വാസം.
കിലയുമായി സഹകരിച്ച് ശാസ്ത്രീയ രീതികൾ അവലംബിച്ചായിരുന്നു പഠനം. പഞ്ചായത്തിലെ മൊത്തം സ്ത്രീ ജനസംഖ്യ 20,084 (അംഗനവാടി കണക്കുകൾ, 2021 പ്രകാരം) ആണ്. ഇതിന്റെ മൂന്ന് ശതമാനമായ 600 സ്ത്രീകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 18 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്. പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്താൻ വയസ്സ്, മതം എന്നിവ പരിഗണിച്ച് സാംപിൾ തിരുമാനിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ സ്ഥാപന വിശകലനം, വനിതാ ഘടക പദ്ധതി വിശകലനം, പ്രാഥമിക വിവര ശേഖരണം, ഫോക്കസ് ഗ്രൂപ്പ് ഡിസ്ക്കഷൻ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് പഠനം നടത്തിയത്. പാപ്പിനിശ്ശേരി പഞ്ചായത്തിനെ ലിംഗ പദവി സമത്വ പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പഠനം.
മണ്ണറിഞ്ഞ് വിത്തിട്ട് മടി നിറയെ കൊയ്ത്
കക്കീൽ ദാമോദരൻ
മണ്ണിന്റെ മനമറിഞ്ഞ് വിത്തിട്ടാൽ മടി നിറയെ കിട്ടുമെന്നതിന്റെ നേർസാക്ഷ്യമാണ് ചെറുതാഴം കോടിത്തായലിലെ സമ്മിശ്ര കർഷകനായ കക്കീൽ ദാമോദരൻ. ശാസ്ത്രീയ കൃഷിരീതികളിലൂടെ ഉത്പാദനച്ചെലവ് കുറച്ച് ഉത്പാദനക്ഷമത വർധിപ്പിച്ച മാതൃകാ കർഷകനാണ് ഇദ്ദേഹം. ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നെല്ലുത്പാദനം ഹെക്ടറിന് മൂന്ന് ടൺ ലഭിച്ചിരുന്നത് എട്ട് ടൺ ആക്കി ഉയർത്താൻ ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങൾക്ക് കഴിഞ്ഞു. ജില്ലയിലെ നെൽകർഷകർക്കാവശ്യമായ വിത്തുകൾ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രവുമായി ചേർന്ന് പങ്കാളിത്ത കൃഷിയാണ് നടപ്പാക്കുന്നത്. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ഡെമോൺസ്ട്രേഷൻ പ്ലാറ്റ്ഫോം കൂടിയാണ് ദാമോദരന്റെ കൃഷിയിടം. മനുരത്ന, മഹാമായ, അക്ഷയ, പൗർണമി തുടങ്ങിയ വിത്തുകൾ ഏറ്റവും മികച്ച രീതിയിലാണ് ഇവിടെ വിളയിച്ചെടുക്കുന്നത്
2012 -13 വർഷത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിച്ച കർഷകനായിരുന്നു കൈക്കീൽ ദാമോദരൻ. ഇദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന കർഷകർക്കും മികച്ച വിളവ് ലഭിച്ചു. വെറും നാലോ അഞ്ചോ മാസം കൊണ്ട് ഉത്പാദനച്ചെലവിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാവുന്ന വിളയാണ് നെല്ലെന്ന് ഇദ്ദേഹം പറയുന്നു.
തെങ്ങും വാഴയും പച്ചക്കറിയും പാഷൻ ഫ്രൂട്ടും കിഴങ്ങുവർഗങ്ങളും ആടും പശുവും കോഴിയും തുടങ്ങി ഒട്ടുമിക്ക കൃഷികളും ഇദ്ദേഹം ചെയ്യുന്നുണ്ട്. പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഇദ്ദേഹം
12 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നത് മുതലാണ് കൃഷിയിൽ സജീവമായത്. 15 വർഷമായി കാർഷികരംഗത്തുണ്ട്. അനുഭവങ്ങളെ പാഠങ്ങളാക്കിയ വിജയകഥകളാണ് ഇദ്ദേഹത്തിന്റേത്.
2019-20 മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ആട് വളർത്തൽ ഇന്ന് വലിയ വിജയമാണ്. അമ്പതോളം ആടുകൾ ഇന്ന് ഇവിടെയുണ്ട്. ബീറ്റൽ, മലബാറി, സങ്കരയിനങ്ങൾ ആരോഗ്യത്തോടെ വളരുന്നു. രണ്ട് വയസ്സുള്ള പഞ്ചാബുകാരൻ ബീറ്റലിന് ഒരു ക്വിന്റലോളം തൂക്കം വരും. അമ്പത് സെൻറിൽ തെങ്ങ്, മുപ്പത് സെന്റിൽ വാഴ, എന്നിവയുമുണ്ട്.
കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വിജ്ഞാനകേന്ദ്രം, എന്നിവയുടെ നിറഞ്ഞ പ്രോത്സാഹനം ഇദ്ദേഹത്തിനുണ്ട്. കാർഷികരംഗത്തെ യന്ത്രവത്കരണം, ഏറ്റവും പുതിയ സാങ്കേതിക രീതികൾ എന്നിവ പരീക്ഷിച്ച് വിജയം കണ്ട ഇദ്ദേഹം തന്റെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നുമുണ്ട്. മണ്ണറിഞ്ഞ്, വിത്തറിഞ്ഞ്, വിളയറിഞ്ഞ്, വിളവറിഞ്ഞ് കൃഷി ചെയ്യുന്നതാണ് കർഷകന്റെ വിജയം. പ്രകൃതിക്ഷോഭങ്ങൾക്കും വന്യജീവികൾക്കുമല്ലാതെ മറ്റൊന്നിനും കൃഷിയെ തകർക്കാനാവില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ആത്മ മികച്ച കർഷകനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഭാര്യ ദാക്ഷായണിയാണ് എല്ലാ പരീക്ഷണങ്ങൾക്കും കൂട്ട്.
ഓണവിപണി ലക്ഷ്യമിട്ട് ഖാദി സർവേ തുടങ്ങി
ഡോക്ടർമാരും നഴ്സുമാരും ഖാദി കോട്ട് ധരിക്കണമെന്ന ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തി സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. നിർദേശം നടപ്പായാൽ വലിയ വിപണിയാണ് കേരളത്തിൽ ഖാദിക്ക് ലഭിക്കുക. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കുന്ന ഖാദി സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരറിൽനിന്ന് വിവരം ശേഖരിച്ചായിരുന്നു സർവേ ഉദ്ഘാടനം.
പരുക്കൻ തുണിയാണ് ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കുക, ഖാദി നവീകരിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക. നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ നിർമ്മിക്കാൻ ഖാദി ബോർഡ് തീരുമാനിച്ചതായും പി ജയരാജൻ അറിയിച്ചു.
കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എ ഡി എം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പദ്മനാഭൻ, ഖാദി ബോർഡ് ഡയറക്ടർ ടി സി മാധവൻ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസർ ഐ കെ അജിത്കുമാർ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ കെ വി ഫാറൂഖ്, മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ആഗസ്ത് രണ്ട് മുതൽ സപ്തംബർ 7 വരെയാണ് ഖാദി ഓണം മേള നടക്കുക.
നാവിക പരിശീലനം: ജാഗ്രത പാലിക്കണം
ഏഴിമല നാവിക അക്കാദമിയിലെ സമോറിൻ ബീച്ചിൽ നിന്നും പരിശീലനത്തിന്റെ ഭാഗമായി കടലിലേക്ക് വെടിവെപ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഉൾപ്പെടെ ആരും ജൂൺ 24 ന് വൈകിട്ട് 5.30 മുതൽ രാത്രി ഒമ്പത് മണി വരെ ഈ പരിസരത്ത് പ്രവേശിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സൂക്ഷ്മ തൊഴിൽ സംരംഭ യൂനിറ്റ്: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് മുഖേന തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭ യൂനിറ്റ് തുടങ്ങാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു പേർ വരെ അംഗങ്ങളാവാം. ഒരംഗത്തിന് ഒരു ലക്ഷം എന്ന നിലയിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസിൽ ഉൾപ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്സ്. വിധവകൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർ എന്നിവർക്ക് മുൻഗണ. ഇവർക്ക് വ്യക്തിഗത ആനുകൂല്യമായും സഹായം ലഭിക്കും. അപേക്ഷാഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മേൽ പറഞ്ഞ ഓഫീസുകളിൽ ജൂൺ 30 നകം സമർപ്പിക്കണം. മുൻപ് സാഫിൽ നിന്ന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല . ഫോൺ: 7902502030, 8075561552.
രാഹുൽ ഗാന്ധിക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും, അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും ആവശ്യപെട്ട് AICC ആസ്ഥാനത്ത് സത്യാഗ്രഹം നടന്നു.രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി അശോക് ഗഹ്ലോട്ട്, ഭൂപേഷ് ഭാഗൽ, സച്ചിൻ പൈലറ്റ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ സത്യാഗ്രഹത്തിൽ പങ്കെടുത്തു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മോദി സർക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് രാഹുൽ ഗാന്ധി വേദിയിൽ പറഞ്ഞു..ഇ.ഡി ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ലെന്നും പ്രതിഷേധ പരിപാടിയിൽ രാഹുൽ പറഞ്ഞു.
അതേസമയം അഗ്നിപഥ് പിൻവലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസും, അഗ്നിപഥ് വിഷയവും വ്യക്തമാക്കുന്ന ലഖുലേഖകൾ രാജ്യവ്യാപകമായി വിതരണം ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നീട്ടി കൊണ്ട് പോകുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള അജണ്ടയുടെ ഭാഗമായാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വിമർശിച്ചു.
സിഎൻജി വാഹനത്തിൽ നിന്ന് സർക്കാർ പിൻമാറാൻ ഒരുങ്ങുന്നു
സിഎൻജിയുടെ വില അടിക്കടി വർധിക്കുന്നതോടെ സിഎൻജി വാഹനത്തിൽ നിന്ന് സർക്കാർ പിൻമാറാൻ ഒരുങ്ങുന്നു. പകരം കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രാധാന്യം നൽകുകയാണെന്ന് ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു പറഞ്ഞു. ക്ലീൻ എനർജി ഇന്നോവേഷൻ ആന്റ് ബിസിനസ്സ് ഇൻക്യൂബേഷൻ സെന്റർ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം അപ്പോളോ ഡയമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവൻ മുഖ്യാതിഥിയായി. സോഷ്യൽ ആൽഫ എംഡി മനോജ്കുമാർ, ടാറ്റാ പവർ എംഡി പ്രവീഷ് സിൻഹ, ഡോ പിവി ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പാൾ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ഐഎഎസ്, ഇഎംഎസി ഡയരക്ടർ ഡോ ആർ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
ഊരജ്ജ സരംക്ഷണ റിസോഴ്സ് പേഴ്സൺ പരിശീലനം തുടങ്ങി
പാഴായി പൊകുന്ന ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയുള്ള റിസോഴ്സ് പേഴ്സൺ പരിശീലനം തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിൽ തുടങ്ങി. ഇഎംഎസി ഡയരക്ടർ ഡോ ആർ ഹരികുമാർ, ബിവി സുരേഷ്ബാബു, ഇജാസ് എംഎ, കെ ആർ രാജീവ് എന്നിവർ ക്ലാസെടുത്തു. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത നൂറോളം പേരാണ് പങ്കെടുക്കുന്നത്. പരിശീലനം വ്യാഴാഴ്ച സമാപിക്കും.
ആഭരണത്തൊഴിലാളികൾ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി

കണ്ണൂർ ജില്ലാ സ്വർണ്ണ തൊഴിലാളി യൂണിയൻ സിഐടിയു ആഭിമുഖ്യത്തിൽ ആഭരണ തൊഴിലാളികൾ ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. തൊഴിൽ സംരക്ഷിക്കാൻ സർക്കാർ ഇടപ്പെടുക, കേരളസർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ജിഎസ്ടിയുടെ പേരിൽ തൊഴിലാളികളെ ദ്രോഹിക്കാതിരിക്കുക, വിലക്കയറ്റം തടയുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും ആഭരണ തൊഴിലാളിസംസ്ഥാന ഫെഡറഷൻ ജോയിന്റ് സെക്രട്ടറി യുമായ കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ സെക്രട്ടറി കെ. സി. ജ്യോതീന്ദ്രൻ സ്വാഗതവും കുടുവൻ പത്മനാഭൻ അധ്യക്ഷതയും വഹിച്ചു ഒ. സജിത്ത്, സി. സുരേഷ് എന്നിവർ സംസാരിച്ചു കെ. വി. പ്രസന്നൻ, ഇ. എസ്. സന്തോഷ്, പി. മനോഹരൻ എന്നിവർ നേതൃത്വം നൽകി
170 കോടിയുടെ ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിൻറെ 48 റോഡുകൾക്കും 3 പാലങ്ങൾക്കും 4 കെട്ടിടങ്ങൾക്കുമായി 170.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 14 ജില്ലകളിലും വിവിധ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ പീപ്പിൾസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി
കണ്ണൂർ പീപ്പിൾസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷയായി. ഇ രാജേന്ദ്രൻ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു, എംകെ സൈബൂന്നീസ് കമ്പ്യൂട്ടർ സ്വിച്ച് ഓൺകർമം നിർവഹിച്ചു. പി മുകുന്ദൻ, സുരേഷ്ബാബു എളയാവൂർ, ഒ ഹരിദാസൻ, ഡോ കെ വി പവിത്രൻ, എ പവിത്രൻ, ജീനാ ജനാർദ്ദനൻ, കെപി സതീശൻ എന്നിവർ സംസാരിച്ചു.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് എരഞ്ഞോളി പാലത്തിന് സമീപമുള്ള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ അഭിമുഖത്തിന് ഹാജരാവുക. ഏഴാം ക്ലാസ് പാസായ, 45 വയസ്സിന് താഴയുള്ള, ശാരീരിക ക്ഷമതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04902 321605.
കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെൻറ് (കീഡ്) വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച സംരംഭക വികസന പരിശീലനങ്ങളിൽ പങ്കെടുത്തവർക്ക് കളമശ്ശേരി കീഡ് ക്യാമ്പസിൽ ജൂൺ 25ന് കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് നടത്തുന്നു. നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംരഭകർക്ക് തുടർസേവനങ്ങൾ ലഭ്യമാക്കാനും കൂട്ടായ്മ രൂപപ്പെടുത്താനുമാണ് മീറ്റപ്പ്. മെൻറ്റർമാർ, ജില്ലാ വ്യവസായ കേന്ദ്രം, ഫ്ളിപ്പ്കാർട്ട്, ഹീൽ, ഫ്രഷ് ടു ഹോം, പവിഴം, ടൈ കേരള ,കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും. സംരംഭക മേഖലയിൽ താത്പര്യമുള്ളവർക്ക് ഉത്പന്ന പ്രദർശനം കാണുവാനും ഉത്പന്നങ്ങൾ വാങ്ങുവാനും അവസരം ഉാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2550322, 2532890.
സ്റ്റാഫ് നഴ്സ് നിയമനം
തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള, ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28 ന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321511.
വാഹന വായ്പാ പദ്ധതി
പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ തുക. പ്രായപരിധി 18നും 55നും ഇടയിൽ . കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്. വായ്പാ തുകയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളിൽ ഒമ്പത് ശതമാനവും ആണ് പലിശ നിരക്ക്. വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ അനുവദിക്കും. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ഓഫീസുമായി ബന്ധപെടുക. ഫോൺ 04972 705036, 9400068513.
എൽ ഐ സി യെ സംരക്ഷിക്കാൻ ജനസഭകൾ
എൽ ഐ സി യെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ജില്ലയിലുടനീളം പോളിസി ഉടമകളേയും ബഹുജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള 'ജനസഭകൾ'നടത്താൻ പീപ്പിൾ ഫോർ എൽ ഐ സി, കണ്ണൂർ ജില്ലാ സമിതി തീരുമാനിച്ചു.
ജില്ലയിലെ ആദ്യ ജനസഭ ജൂലായ് മധ്യത്തിൽ പയ്യന്നൂരിൽവെച്ച് നടത്താനും ജൂലായ് അവസാനത്തോടെ മണ്ഡലം തല ജനസഭകൾ പൂർത്തീകരിക്കാനും തീരുമാനിച്ചു. കണ്ണൂരിൽ സി. കണ്ണൻ സ്മാരകമന്ദിരത്തിൽ ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന ചെയർമാൻ ഡോ.ടി. എം.തോമസ് ഐസക് ഉൽഘാടനം ചെയ്തു.
വികസനപദ്ധതികൾക്ക് വൻതോതിൽ മൂലധനം ലഭ്യമാക്കുകയും പോളിസി ഉടമകൾക്ക് ഏറ്റവുമധികം ബോണസ് നൽകുകയും ചെയ്യുന്ന എൽ ഐ സി യെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പോളിസി ഉടമകളുടെ താല്പര്യത്തിനും രാജ്യതാല്പര്യത്തിനുമെതിരാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ തല സമിതി വൈസ് ചെയർമാൻ എം. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ, കെ. ബാഹുലേയൻ, പി. മനോഹരൻ, ഇ. സുർജിത് കുമാർ, എൻ. സുരേന്ദ്രൻ, ടി. ആർ. രാജൻ, പി. കെ. വിജയൻ, എ. മോഹനൻ, കുടുവൻ പദ്മനാഭൻ, എ. പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
ഓൾ കേരളാ കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജൂലായ് 13 ന്
ഓൾ കേരളാ കേറ്ററേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് 13 ന് സാധു കല്യാണ മണ്ഡപത്തിൽ ചേരും പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, കുടുബ സംഗമം, രുചി വൈവിധ്യങ്ങൾ, കലാവിരുന്ന്, വിവിധ സ്റ്റാളുകൾ എന്നിവയുണ്ടാകും. പ്രതിനിധി സമ്മേളനം ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ. കേറ്ററിങ്ങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റെ പി.ജോയ് , ജില്ലാ ജനറൽ സെക്രട്ടറി ജോയിസ് തോമസ, പി ഉമ്മർ, എം.എം. രമേശൻ സിഎം മെഹബൂബ് എന്നിവർ പങ്കെടുത്തു.