കണ്ണൂര്‍
  വെള്ളപ്പൊക്കത്തെ അതിജീവിച്ച് പ്രളയ നാട്ടിലെ കുടുംബാംഗങ്ങള്‍. കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തിലായിരുന്നെങ്കിലും  ഇക്കുറി വെള്ളപ്പൊക്കമുണ്ടാപ്പോള്‍ അത് ബാധിച്ചേ ഇല്ലെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. തൂണുകളില്‍ ഉയര്‍ത്തി നിര്‍മിച്ച വീടിനെ വെള്ളം തൊട്ടില്ല. റീബില്‍ഡ് കേരളയില്‍ നിര്‍മിച്ച വീട്ടിലാണ്  ഏഴുമാസത്തിലധികമായി ഇവര്‍ താമസിക്കുന്നു.  സര്‍ക്കാര്‍ നാലുലക്ഷം രൂപയാണ് നല്‍കിയത്.      
   ഇത്തവണ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കൂടുതലുണ്ടായ കൈനകരിയിലുള്ളവരുടെയെല്ലാം സ്ഥിതി്യാണിത്. പ്രളയത്തെ അതിജീവിക്കുന്ന 738 വീടുകള്‍ കുട്ടനാട്ടില്‍ ഇപ്പോഴുണ്ട്. റീബില്‍ഡ് കേരളയില്‍ കുട്ടനാട്ടില്‍ പ്രളയത്തെ അതിജീവിക്കുന്ന 1826 വീടാണ് നിര്‍മിക്കുന്നത്. സര്‍ക്കാരിന്റെ നാലുലക്ഷം രൂപയുടെ സഹായത്തോടെ ഗുണഭോക്താവ് സ്വന്തം നിലയില്‍ നിര്‍മിക്കുന്ന 1726 ഉം സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ 75 ഉം വീടുകള്‍. ഇതില്‍ 738 വീട് പൂര്‍ത്തിയായി. സര്‍ക്കാര്‍ സഹായത്തോടെ ഗുണഭോക്താവ് സ്വന്തം നിലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് 667 വീടുകള്‍. കെയര്‍ഹോമില്‍ നിര്‍മിച്ചത് 71.
  കെയര്‍ഹോം പദ്ധതിയിലെ നാലെണ്ണമടക്കം 895 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതില്‍ 291 എണ്ണത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മേല്‍ക്കൂര വരെ പൂര്‍ത്തിയായത് 271. കൂടുതല്‍ ചെലവു വരുന്നതും നിര്‍മാണ സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസമുള്ളതുമായ വീടുകള്‍ കെയര്‍ഹോം പദ്ധതിയില്‍ സഹകരണ സംഘങ്ങളാണ് നിര്‍മിച്ചത്. ഇവയ്ക്കും സര്‍ക്കാര്‍ നാലുലക്ഷം നല്‍കും.
കൈനകരി, വെളിയനാട്, കാവാലം, പുളിങ്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലാണ് വീട് നിര്‍മിച്ചത്. കൈനകരിയില്‍ മടവീണ് മണ്ണൊലിച്ചുപോയി ഒരു വീട് തകര്‍ന്നതൊഴിച്ചാല്‍ വെള്ളം കയറിയയിടങ്ങളിലെ മറ്റ് വീടുകള്‍ക്കൊന്നിനും കേടുപാടുകളില്ല. തൂണുകളിലും സ്ഥലം മണ്ണിട്ട് പൊക്കിയുമാണ് വീടുകള്‍ നിര്‍മിച്ചത്. ഒരു മീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തിലുള്ള തൂണുകളിലാണ് നിര്‍മാണം.
  പ്ലാനിനനുസരിച്ചാണ് തൂണുകളുടെ എണ്ണം നിശ്ചയിക്കുന്നതെന്ന് റീബില്‍ഡ് കേരള എന്‍ജിനിയര്‍ ബി അനന്തകൃഷ്ണന്‍ പറഞ്ഞു. 2018 ലെ മഹാപ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഉയര്‍ത്തിയോ ഒരോസ്ഥലത്തെയും വെള്ളപ്പൊക്കത്തിന്റെ തോതനുസരിച്ച് വീട്ടുകാര്‍ പറയുന്നയത്ര പൊക്കിയോ ആണ് നിര്‍മാണം. കൈനകരിയില്‍ മാത്രം കെയര്‍ഹോമിന്റെ ഏഴെണ്ണമടക്കം 351 പ്രളയ വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ 255ഉം തൂണുകളില്‍ നിര്‍മിച്ചവയാണ്.
 
 
 
 

Most Read

  • Week

  • Month

  • All