കണ്ണൂർ
പക്ഷികളുടെ ആവാസവ്യവസ്ഥ നിലനിർത്തികൊണ്ട് സഞ്ചാരികൾക്ക് പക്ഷി നിരീക്ഷണത്തിനും തദ്ദേശവാസികൾക്ക് ജീവനോപാധികളോടൊപ്പം അധികവരുമാനം ലഭിക്കുന്നതിനും വേണ്ടി 73.5 ലക്ഷം രൂപ ചെലവിലാണ് മുണ്ടേരി ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിലേക്കായി വിവിധ ടൂർ പാക്കേജുകൾക്ക് രൂപകൽപന ചെയ്യുകയും ഗൈഡ് ടൂർ പാക്കേജുകളിലെത്തുന്ന സഞ്ചാരികൾക്ക് അറിവും വിവരവും പകരുന്ന കേന്ദ്രങ്ങൾ ഒരുക്കുന്നതിനുമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കൂടാതെ കരകൗശല വസ്തുക്കൾ, ആഹാരപദാർഥങ്ങൾ എന്നിവയുടെ വില്പനശാലകൾ സജ്ജീകരിക്കുന്നതിനും അവയ്ക്കുള്ള പരിശീലനം നൽകുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതാദ്യമായാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി സ്വകാര്യ സംരംഭകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടു കൂടി ഒരു ജനകീയ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നത്. 60 ഓളം തരത്തിലുള്ള ദേശാടനപ്പക്ഷികളും 210 ൽ പരം മറ്റു പക്ഷികളെയും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സംഘനയായ ബേർഡ് ലൈഫ് ഇന്റർനാഷണൽ അവകാശപ്പെടുന്ന വലിയ പുള്ളി പരുന്ത്, തങ്കത്താറാവ് എന്നിവ പ്രദേശത്ത് ധരാളമായി കാണപ്പെടുന്നുണ്ട്. കണ്ടൽകാടുകളാലും വിവിധയിനം മത്സ്യങ്ങളാലും ഔഷധസസ്യങ്ങളാലും സമ്പന്നമായ പ്രദേശം കാട്ടാമ്പള്ളി തണ്ണീർത്തടത്തിന്റെ ഭാഗമാണ്. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ (ടിഇപിഎസ്) റിസർച്ച് ആൻഡ് കസൾട്ടൻസി വിഭാഗമായ ഹരിതത്തിനാണ് പദ്ധതിയുടെ ചുമതല. ടൂർ പാക്കേജുകളിൽ തദ്ദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തും. ഇത്തരം പാക്കേജുകൾ വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്.
പദ്ധതുയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ, വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, അംഗം മുംതാസ് ടീച്ചർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ എസ് അരുൺ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് നോർത്തേൺ സർക്കിൾ ഡി കെ വിനോദ് കുമാർ, ടിഇപിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഡി രതീഷ് എന്നിവർ പങ്കെടുത്തു.

 

 

Most Read

  • Week

  • Month

  • All