പധാന വാർത്തകൾ
ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്‌സിനായി 35,000 കോടി സ്വകാര്യ മേഖലക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് കേന്ദ്ര ബജറ്റ്
സാന്ത്വന സ്പർശം; ഇരിട്ടി അദാലത്തിൽ പരിഗണിച്ചത് 1266 പരാതികൾ
പരാതി രഹിത കേരളം സൃഷ്ടിക്കുക ലക്ഷ്യമെന്ന് മന്ത്രി ഇ പി ജയരാജൻ
ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി; പെട്രോളിന് 2.50ഉം ഡീസലിന് 4 രൂപയും ചുമത്തി
സ്വകാര്യവത്കരണവും ഓഹരി വിൽപനവും; കേന്ദ്രബജറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല-സിപിഐ എം
പേരിടുന്നവർക്ക് പുരസ്‌കാരം; സർക്കാർ സംവിധാനത്തിലെ അഴിമതിക്കെതിരെ ജനകീയ പദ്ധതി
മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു; കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്
കേരളത്തെ വിജ്ഞാന സമൂഹമായി ഉയർത്താൻ ഉന്നത വിദ്യാഭ്യാസ മേഖലകളെ പ്രാപ്തമാക്കും മുഖ്യമന്ത്രി
വാർത്തകൾ വിശദമായി
സ്വകാര്യവൽക്കരണത്തിന് പ്രധാന്യം നൽകിയിള്ള കേന്ദ്ര ബജറ്റ് കേരളത്തെ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും കോവിഡ് രാജ്യാന്തര സാമ്പത്തിക ബന്ധങ്ങൾ പൊളിച്ചെഴുതിയെന്നും ഇത് പ്രതിസന്ധികാലത്തെ ബജറ്റെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.
വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികളുടെ സേവനം ഉറപ്പാക്കുമെന്നത് സ്വകാര്യവൽക്കരണത്തിനുള്ള പച്ചക്കൊടിയാണ്. 1,75, 000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നത് ഭാരത് പെട്രോളിയം കമ്പനി ഉൾപ്പെടെയുള്ള നവ രത്‌ന കമ്പനിയുടെ വിൽപ്പനയിലൂടെയാണ്. പ്രഖ്യാപിച്ച ഓഹരി വിൽപനയെല്ലാം 2022ൽ പൂർത്തിയാക്കാനുള്ള നിർദേശവും ബജറ്റ് മുന്നോട്ട് വെക്കുന്നുണ്ട്.
വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിലും സ്വകാര്യവത്കരണം തന്നെയാണ് സർക്കാർ നയം.
ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം കൂടുതൽ കൊണ്ട് വരും. 62 ദിവസമായി കർഷകർ നടത്തുന്ന സമരത്തിന് പരിഹാരമാകുന്ന ഒരു നിർദേശവും പാക്കേജും ബജറ്റിൽ ഉണ്ടായിലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഈ വർഷം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഏറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തി. കേരളത്തിൽ 1100 കി.മീ റോഡ് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും റോഡ് വികസനത്തിനുള്ള പദ്ധതികൾ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ബംഗാളിൽ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കി.മീ റോഡ് നിർമാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിനായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം മന്ത്രിമാരുടെ അദാലത്തിന് ജില്ലയിൽ തുടക്കമായി. ഇരിട്ടി ഫാൽക്കൻ പ്ലാസയിൽ നടന്ന അദാലത്തിന്മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ്‌സാന്ത്വന സ്പർശം അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
അദാലത്തിലെത്തിയ അപേക്ഷകളിൽ ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയോ നിയമനിർമാണം ആവശ്യമുള്ളവയോ ആണ്. അത്തരം അപേക്ഷകൾ ആ രീതിയിൽ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇരിട്ടിയിൽ നടന്ന അദാലത്തിൽ ഓൺലൈനായി ലഭിച്ച പരാതികൾ ഉൾപ്പെടെ 1266 അപേക്ഷകളാണ് മന്ത്രിമാർ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ സഹായനിധിയുമായി ബന്ധപ്പെട്ട അപേക്ഷകൾ (327), ബാങ്ക് ലോൺ ഇളവ്/എഴുതിത്തള്ളൽ (313), വീട് നിർമാണം (208), മുൻഗണനാ റേഷൻ കാർഡ് (206), ഭൂമി സംബന്ധമായ പരാതികൾ (68), കൃഷിയുമായി ബന്ധപ്പെട്ടവ (42), സഹകരണ വകുപ്പുമായി ബന്ധപ്പെട്ടവ (28), മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ടവ (74) എന്നിങ്ങനെ പരാതികളാണ് അദാലത്തിലെത്തിയത്. പുതിയ പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.
തലശ്ശേരി, കണ്ണൂർ താലൂക്കുകളുടെ അദാലത്ത് നാളെ കണ്ണൂർ മുനിസിപ്പൽ ഹയർസെക്കന്ററി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും. നിരവധി പരാതികൾക്ക് ഉടൻ പരിഹാരമായി.
പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തി ധനമന്ത്രാലയം. ഫാം സെസാണ് ചുമത്തിയിരിക്കുന്നത്.
ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. എന്നാൽ നിലവിലെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ വില കൂടില്ല.
ആദ്യ ഘട്ടത്തിൽ വിലക്കൂടുതൽ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്താവിന് ഇത് ബാധ്യതയായേക്കും.
പെട്രോളിനും ഡീസലിനും പുറമെ വിലക്കൂടുന്ന മറ്റ് വസ്തുക്കൾ- ഇരുമ്പ്, സ്റ്റീൽ, നൈലോൺ തുണി, ഇൻഷുറൻസ്, ഇലക്ട്രിസിറ്റി, സ്റ്റീൽ പാത്രങ്ങൾ എന്നിവയ്ക്ക് വില കൂടും.
കോവിഡ് കാലത്ത് രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല കേന്ദ്ര ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ആസ്തി വിൽപനയും സ്വകാര്യവൽക്കരണവും മുന്നോട്ടുള്ള വഴിയായി കാണുന്നതാണ് കേന്ദ്രബജറ്റിലെ നിർദേശങ്ങൾ. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപന വഴി നടപ്പുവർഷം 1,75,000 കോടി രൂപ ഖജനാവിലേക്ക് കണ്ടെത്താനാണ് ശ്രമിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയും അടക്കം അടുത്തവർഷം സ്വകാര്യവൽക്കരിക്കും.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച മൂന്ന് ആത്മനിർഭർ പാക്കേജുകളിൽ കോർപറേറ്റുകൾക്ക് വമ്പൻ ഇളവുകൾ നൽകി. ഇതു തുടരുമെന്നാണ് ബജറ്റിൽ പറയുന്നത്. ജനങ്ങൾക്ക് നേരിട്ട് വരുമാനം എത്തിക്കാനും ആശ്വാസം നൽകാനും പദ്ധതികൾ ഒന്നുമില്ല. സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ ജനങ്ങളെ വീണ്ടും പിഴിയുകയാണ്. അതിസമ്പന്നരുടെ വരുമാനത്തിനും ലാഭത്തിനും അധിക നികുതി ചുമത്തി പ്രതിസന്ധി മറികടക്കണമെന്ന നിർദേശം സർക്കാർ ചെവിക്കൊള്ളുന്നില്ലെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാൽ അതെക്കുറിച്ച് ജനങ്ങൾക്ക് ഇനി മുതൽ നേരിട്ടു പരാതിപ്പെടാം. പദ്ധതിയുടെ പേര് ജനങ്ങൾക്കു നിർദേശിക്കാം. തിരഞ്ഞെടുക്കുന്ന പേരു നിർദേശിക്കുന്നവർക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പത്തിന കർമപരിപാടികളുടെ ഭാഗമായി 'സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും അഴിമതിയെ തുരുത്തുന്നതിനും' ജനങ്ങളുമായി സഹകരിച്ചാണു പദ്ധതിക്കു തുടക്കമിടുന്നത്. ജനങ്ങൾക്ക് തെളിവുകൾ ഉൾപ്പെടെ സമർപ്പിക്കാവുന്ന ഒരു വെബ്‌സൈറ്റ് തയാറാക്കും. ഇതു വഴി ഫോൺ സന്ദേശങ്ങൾ, സ്‌ക്രീൻ ഷോട്ടുകൾ, എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയവ തെളിവുകളായി സമർപ്പിക്കാം. ജനങ്ങളുടെ പങ്കാളിത്തത്തിലൂടെ അഴിമതിയും കെടുകാര്യസ്ഥതയും പൂർണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണു കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ന്യുമോണിയ കാരണം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യ സ്ഥിതിയിൽ ഭേദപ്പെട്ട പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമായി. രക്തത്തിലെ ഓക്സിജന്റെ അളവിലും ക്രമമായ പുരോഗതി ദൃശ്യമായതിനാൽ മിനിമം വെന്റിലേറ്റർ സപ്പോർട്ടാണ് ഇപ്പോൾ നൽകുന്നത്.
സാധാരണനിലയിലേക്ക് ശ്വാസോച്ഛ്വാസ പ്രക്രിയ മാറിവരുന്നതിനായി ഓക്സിജൻ കൊടുത്തുള്ള തുടർചികിത്സ ഏതാനും ദിവസങ്ങൾക്കൂടി തുടരും. കോവിഡ് ന്യുമോണിയ കാരണം ശ്വാസകോശത്തിലുണ്ടായ അണുബാധ മാറിവരുന്നതേയുള്ളൂ എന്നതിനാൽത്തന്നെ ഗുരുതരാവസ്ഥ വിട്ടുമാറിയിട്ടില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചതിൽ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട്. ദീർഘനാളായുള്ള ആവശ്യമാണ് സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. 19 വർഷങ്ങൾക്ക് ശേഷമാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.
അണക്കെട്ടിൻറെ ഷട്ടറുകൾ ഉയർത്തുന്നതിന് 1980ൽ വനപാതയിലൂടെ മുല്ലപെരിയാറിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നു. വൈദ്യുതി കമ്പി പൊട്ടി വീണ് വന്യമൃഗങ്ങൾ ഷോക്കേറ്റ് ചാകുന്നത് പതിവായതോടെയാണ് 1999ൽ വൈദ്യുതി വിച്ഛേദിച്ചത്. 1.65 കോടി മുതൽ മുടക്കി 5.65 കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് ഇപ്പോൾ വൈദ്യുതി എത്തിക്കുന്നത്.
കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താൻ ഉതകുന്ന മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി ഗവേഷണനത്തിനു കൂടുതൽ പ്രാധാന്യം നൽകണം. ഗവേഷണ തല്പരരായ വിദ്യാർത്ഥികൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. അത്തരം ഗവേഷണങ്ങൾ വിവിധ മേഖലകൾക്ക് കരുത്താകും. അത് സമ്പദ് ഘടനയ്ക്ക് പുതിയ മാനങ്ങൾ നൽകി വികസന കുതിപ്പിലേക്ക് നയിക്കും ഇത്തരത്തിലുള്ള സമൂഹമാണ് വിജ്ഞാന സമൂഹം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുത്. ഗവേഷണത്തിന് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പായി പ്രതിമാസം ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഞ്ച് സർവകലാശാലകളിലെ വിദ്യാർഥികളുമായി നടത്തുന്ന സംവാദ പരിപാടിയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന ശാസ്ത്ര സാംസ്‌കാരികോൽസവത്തിന് സംഘാടക സമിതിയായി. 20 മുതൽ 28 വരെ ജില്ലയിൽ അമ്പത് കേന്ദ്രങ്ങളിൽ ഒരാഴ്ച നീണ്ടു നിൽകുന്ന സാംസ്‌കാരികോൽസവവും ആയിരത്തോളം കേന്ദ്രങ്ങളിൽ ക്ലാസും നടക്കും.
വീട്ടുമുറ്റ നാടകങ്ങൾ, ഡിജിറ്റൽ കലാജാഥ, പുസ്തകോൽസവം, സ്വാശ്രയ ഉൽപ്പന്ന പ്രദർശനം എന്നിവ ശാസ്ത്ര സാംസ്‌കാരികോൽസവത്തിന്റെ ഭാഗമായി നടക്കും.
പരിഷത് ഭനവിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഉദ്ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ വീണ്ടും
ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്‌സിനായി 35,000 കോടി സ്വകാര്യ മേഖലക്ക് ഷേക്ക് ഹാൻഡ് കൊടുത്ത് കേന്ദ്ര ബജറ്റ്
സാന്ത്വന സ്പർശം; ഇരിട്ടി അദാലത്തിൽ പരിഗണിച്ചത് 1266 പരാതികൾ
പരാതി രഹിത കേരളം സൃഷ്ടിക്കുക ലക്ഷ്യമെന്ന് മന്ത്രി ഇ പി ജയരാജൻ
ഇന്ധനത്തിന് സെസ് ഏർപ്പെടുത്തി; പെട്രോളിന് 2.50ഉം ഡീസലിന് 4 രൂപയും ചുമത്തി
സ്വകാര്യവത്കരണവും ഓഹരി വിൽപനവും; കേന്ദ്രബജറ്റ് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല-സിപിഐ എം
പേരിടുന്നവർക്ക് പുരസ്‌കാരം; സർക്കാർ സംവിധാനത്തിലെ അഴിമതിക്കെതിരെ ജനകീയ പദ്ധതി
മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു; കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്
കേരളത്തെ വിജ്ഞാന സമൂഹമായി ഉയർത്താൻ ഉന്നത വിദ്യാഭ്യാസ മേഖലകളെ പ്രാപ്തമാക്കും മുഖ്യമന്ത്രി
ആസാദി സായാഹ്ന വാർത്തകൾ സമാപിച്ചു. അടുത്ത വാർത്താ ബുള്ളറ്റിൻ നാളെ വൈകുന്നേരം. നന്ദി നമസ്‌കാരം ന്യൂസ് ഡസ്‌ക് ആസാദി വാർത്തകൾ.