വികസന ജാഗ്രത 25
എല്ലാവർക്കും കുടിവെള്ളം നൽകാൻ പെരളശേരി
പെരളശ്ശേരി
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് വെള്ളം എത്തിച്ച് നൽകുന്ന പ്രധാന പ്രവർത്തനമാണ് പെരളശ്ശേരി പഞ്ചായത്ത് ഏറ്റെടുത്തത്. നാഷണൽ റർബൻ മിഷൻ ചെമ്പിലോട് - -പെരളശേരി ക്ലസ്റ്ററിലുൾപ്പെടുത്തി 45 കി.മീ. നീളത്തിലാണ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. ഇത് യാഥാർഥ്യമാകുന്നതോടെ 2500 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. വാട്ടർ ടാങ്കും സ്ഥാപിക്കും.
ഇത്തരത്തിലുള്ള നൂതന പ്രവൃത്തികൾ പൂർത്തിയാക്കിയാണ് കെ പി ബാലഗോപാലൻ പ്രസിഡന്റും സി കെ സൗമിനി വൈസ് പ്രസിഡന്റുമായ ഭരണസമിതി ഡിസംബറിൽ സ്ഥാനം ഒഴിഞ്ഞത്.
പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പച്ചത്തുരുത്ത് പദ്ധതി , സ്മൃതി തീരം കുഴിക്കിലായി വാതക ശ്മശാനത്തോട് ചേർന്ന് 40 സെന്റ് സ്ഥലത്ത് ഒരുങ്ങുന്ന പച്ചത്തുരുത്ത്, തരിശിടം ഹരിതാഭം, ഹരിത കർമസേന, ജലസമൃദ്ധിയിൽ പൊതുകുളങ്ങൾ, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്നിവക്കും തുടക്കം കുറിച്ചു. സ്ത്രീകൾക്കായി മാവിലായി, ഐവർകുളം, മക്രേരി, ബാവോഡ് എന്നിവിടങ്ങളിലായി സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിച്ചു. സ്ത്രീ സൗഹൃദം സംബന്ധിച്ച ജൻഡർ നയരേഖ പ്രഖ്യാപനം നടത്തിയ ആദ്യ പഞ്ചായത്താണ് പെരളശേരി. എ കെ ജി സ്മാരക മ്യൂസിയം നിർമാണവും പെരളശേരി അമ്പലം തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതുമെല്ലാം എടുത്ത് പറയേണ്ട നേട്ടങ്ങളാണ്. എബി ഷീബ പ്രസിഡന്റും വി പ്രശാന്തൻ വൈസ് പ്രസിഡന്റുമായ ഭരണ സമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 18 അംഗം ഭരണ സമിതിയിൽ 16 സിപിഐഎം പ്രതിനിധികളാണ് ഉള്ളത്. സിപിഐക്കും മുസ്ലീം ലീഗിനും ഓരോ പ്രതിനിധികളുമുണ്ട്.

Most Read

  • Week

  • Month

  • All