സഞ്ചാരികൾക്ക് സന്തോഷ വാർത്ത, ഇടുക്കിയിലും എളുപ്പത്തിലെത്താം
മധുര ബോഡിനായ്ക്കന്നൂർ റെയിൽ പാത റെഡി

പി കെ ബൈജു
ഇടുക്കി
ഇടുക്കി ജില്ലക്ക് ഗുണം ലഭിക്കുന്ന മധുര ബോഡിനായ്ക്കന്നൂർ റെയിൽ പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക്. റെയിൽപാതയില്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന പാതയാണിത്.
മധുരയിൽനിന്ന് തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എൻജിൻ രണ്ടുതവണ തേനി വരെ പരീക്ഷണ ഓട്ടവും നടത്തി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള ജോലികൾ പുരോഗമിക്കുകയാണ്.
മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയ്ക്കും ഏറെ പ്രതീക്ഷനൽകുന്നത്. തേക്കടി, മൂന്നാർ, രാമക്കൽമേട് തുടങ്ങി ജില്ലയിലെ എല്ലാ ടൂറിസം മേഖലകളിലേക്കും സഞ്ചാരികൾക്കു സൗകര്യപ്രദമായി എത്താൻ ഈ പാത സഹായകമാകും.
ശാന്തൻപാറയിൽനിന്ന് 30 കിലോമീറ്റർ ദൂരമേയുള്ളു ബോഡിനായ്ക്കന്നൂരെത്താൻ. തേനിക്ക് 45 കിലോമീറ്റർ ദൂരവും. കമ്പംമെട്ടിൽനിന്ന് തേനിക്ക് 53 കിലോമീറ്റർ ദൂരവുമുണ്ട്. ട്രെയിൻ എത്തുന്നത് ജില്ലയിലെ വ്യാപാരമേഖലയ്ക്കും സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാണ്.
അതേസമയം, ബോഡിനായ്ക്കന്നൂർവരെ ട്രെയിൻ സർവീസ് തുടങ്ങുന്നതോടെ തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് എളുപ്പത്തിൽ ഇടുക്കിയിലുമെത്താം. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ച് മടങ്ങാൻ കഴിയും.
ഈ റൂട്ടിലെ ട്രെയിൻ യാത്ര തന്നെ മനോഹരമായ കാഴ്ചയായിരിക്കും.
കേരളത്തിൽ നിന്ന് ഇടുക്കിയിലേക്ക് പാത നീട്ടാനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ റെയിൽപാത കടന്നു പോകാത്ത ഏക ജില്ലയായി വയനാട് മാറും. തലശേരി മൈസുരു പാത ആരംഭിക്കുന്നതോടെ ഇതിനും പരിഹാരമാകും. ഈ പാതക്ക് വേണ്ടിയുള്ള സർവ്വേ പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

Most Read

  • Week

  • Month

  • All