റെയിൽവേ ഗ്രൗണ്ടിൽ നടക്കാനും നികുതി നൽകണം

പി കെ ബൈജു
കണ്ണൂർ
റോഡിലൂടെ നടക്കാനും നികുതി പണം നൽകേണ്ടി വരുമെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ ഗ്രൗണ്ടിൽ നടക്കാനും കളിക്കാനും പണം ഈടാക്കാൻ റെയിൽവേ ഉത്തരവിറങ്ങി.
രാജ്യത്തിന്റെ ആസ്തി വിറ്റ് തുലക്കുന്നതിനെതിരെ കഴിഞ്ഞയാഴ്ച നടന്ന സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു എസ്ആർപിയുടെ കേന്ദ്ര സർക്കാരിനെതിരായ പരാമർശം.
റെയിൽവേ കോളനി ഗ്രൗണ്ടിൽ കൂടി നടക്കാൻ പൊതുജനങ്ങൾക്ക് വർഷത്തിൽ 500 രൂപയും മാസത്തിൽ 50 രൂപയും നൽകണം. റെയിൽവേ ജീവനക്കാർക്കാണെങ്കിൽ വർഷത്തിൽ 100 രൂപ നൽകണം. മാസമാണ് അടക്കുന്നതെങ്കിൽ 10 രൂപ നൽകണം. വിരമിച്ച ജീവനക്കാർക്ക് ഇത് യഥാക്രമം 150 രൂപയും 15 രൂപയുമാണ്.
രാവിലെ 5.30 മുതൽ 8.30 വരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയുമാണ് ഗ്രൗണ്ടിൽ നടക്കാൻ അനുവദിക്കുക. ഫുട്‌ബോൾ കളിക്കാൻ പൊതുജനം 1000 രൂപ നൽകണം. റെയിൽവേ ജീവനക്കാർ 200 രൂപയും വിരമിച്ച ജീവനക്കാർ 300 രൂപയും അടക്കണം.
വോളിബോൾ കളിക്കാനും ഇതേ രീതിയിൽ നികുതി അടക്കണം. പണം അടക്കുന്നവർക്ക് റെയിൽവേ തിരിച്ചറിയിൽ കാർഡ് വിതരണം ചെയ്യും. കാർഡുള്ളവർക്ക് മാത്രമേ ഗ്രൗണ്ടിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.
സർക്കാർ സ്‌കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കും ഗ്രൗണ്ടിൽ പ്രവേശിക്കണമെങ്കിൽ തുക അടക്കേണം.
റോഡിൽ കൂടി നികുതി അടക്കാതെ നടക്കുന്നതിന് വേണ്ടി പ്രക്ഷോഭം നയിച്ചവരാണ് ഇന്ത്യക്കാർ. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി എഴുപത്തി അഞ്ച് വർഷം എത്തുന്ന സമയത്താണ് നാം വീണ്ടും അടിമത്തത്തിലേക്ക് നീങ്ങുന്നത്.
റെയിൽവേ ആസ്തികൾ പൂർണമായും സ്വകാര്യവൽക്കരിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്. ഉപയോഗിക്കുന്ന എല്ലാ സേവനങ്ങൾക്കും ഫീസ് ഏർപ്പെടുത്തുക എന്നത് സ്വകാര്യ കച്ചവടക്കാർക്ക് ലാഭം ലഭിക്കുന്നതിന് വേണ്ടിയാണ്. 5 രൂപയുണ്ടായിരുന്ന ഫ്‌ളാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രധാന സ്റ്റേഷനിൽ മാത്രമുണ്ടായിരുന്ന വർധനവ് ഇന്നലെ മുതൽ എല്ലാ സ്റ്റേഷനുകളിലും വ്യാപിപ്പിച്ചു.
400 റെയിൽവേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യ മേഖലക്ക് കൈമാറാൻ 1.52 ലക്ഷം കോടി രൂപക്കാണ് കച്ചവടം ഉറപ്പിച്ചിട്ടുള്ളത്.

Most Read

  • Week

  • Month

  • All