'കോഹ' സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൈപ്പിടിച്ച് അക്കാദമിക്ക് ലൈബ്രറികളും ഗ്രാമീണ ലൈബ്രറികളും.

നിരവധി സ്വകാര്യ സോഫ്റ്റ്വെയറുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതെല്ലാം താൽക്കാലിക പ്രതിഭാസമായതോടെയാണ് കോഹ സോഫ്റ്റ് വെയർ ലൈബ്രറികൾ ഉപയോഗിക്കാൻ തുടങ്ങിയത്. എന്നാൽ ചില അക്കാദമിക് ലൈബ്രറികളും ഗ്രാമീണ ലൈബ്രറികളും തെറ്റിദ്ധാരമങ്ങളുടെ പേരിൽ കൂണ് പോലെ മുളച്ചുയരുന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലംഘിച്ചാണ് ഇത്തരം സോഫ്റ്റ് വെയറുകളുടെ വ്യാപനം നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ് വെയർ തന്നെ ഉപയോഗിക്കണമെന്നാണ് സർക്കാർ ഉത്തരവ്. 1999ൽ ന്യൂസിലാന്റിലെ ഹോറോവെന ലൈബ്രറിക്ക് വേണ്ടി കാറ്റിപ്പോ കമ്മ്യൂണിക്കേഷൻ നിർമിച്ചതാണ് സമ്പൂർണ ലൈബ്രറി ഓട്ടോമേഷൻ സോഫ്റ്റ് വെയറായ കോഹ സോഫ്റ്റ് വെയർ. നിർമിച്ച കമ്പനി ഇത് സ്വകാര്യമാക്കാതെ സോഴ്സ് കോഡ് പരസ്യമാക്കുകയും ലോകത്ത് എവിടെയുമുള്ളവർക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്യാൻ സാധിക്കും. ലൈബ്രറി കാറ്റലോഗിന്റെ അന്താരാഷ്ട്ര നിലവാരം ഉയർത്തി പിടിക്കാൻ ഓരോ ആറ് മാസം കൂടുമ്പോഴും പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുകയാണ്.

ലിനക്സ് അധിഷ്ടിത സ്വതന്ത്ര സോഫ്റ്റ് വെയറായതിനാൽ ഉപയോഗിക്കാനും മാറ്റം വരുത്താനും എളുപ്പമാണ്. ലോകത്തെ എല്ലാ സർവ്വകലാശാല ലൈബ്രറികളും കോഹയാണ് ഉപയോഗിക്കുന്നത്. ഇത് പിന്തുടർന്ന് ഭൂരിഭാഗം കോളേജുകളും കോഹയുടെ പാതയിലേക്കാണ്. നേരത്തെ പുറത്തിറങ്ങിയ അഡ്ലിബ്, സോൾ, ബുക്ക് വേർഡ്, ലിബ്സിസ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്ന കോളേജ് ലൈബ്രറികളും കോഹയിലേക്ക് മാറുകയാണ്.

സംസ്ഥാനത്തെ ആറായിരത്തി അഞ്ഞൂറോളം വരുന്ന ഗ്രാമീണ ഗ്രന്ഥശാലകളും കോഹ സോഫ്റ്റ് വെയർ ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ ഇതിന് വേണ്ട ഒരുക്കങ്ങൾ നേരത്ത തന്നെ തുടങ്ങിയിരുന്നു. സ്വന്തമായി സെർവർ ഇല്ലാത്തതായിരുന്നു തുടങ്ങുന്നതിന് തടസ്സം ഉണ്ടായത്. ഇപ്പോൾ സർക്കാരിന്റെ സെർവർ സ്ഥലം ലൈബ്രറി കൗൺസിലിന് ലഭിച്ചതോടെ കമ്പ്യൂട്ടർ സംവിധാനമുള്ള മുവുവൻ ലൈബ്രറികൾക്കും കോഹ ഉപയോഗിക്കാൻ സാധിക്കും. രാജാറാം മോഹൻ റായ് ഫൗണ്ടേഷൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിൽപ്പശാല സംഘടിപ്പിച്ച് കോഹയുടെ പരിശീലനം നൽകുന്നുണ്ട്. ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ കണ്ണൂരിൽ സപ്തംബറിൽ ശിൽപ്പശാലയും കണ്ണൂർ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഒക്ടോബറിൽ അന്താരാഷ്ട്ര സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

Most Read

  • Week

  • Month

  • All