തളിപ്പറമ്പ്
കരിമ്പം ജില്ലാ കൃഷിത്തേട്ടത്തിലെ ബാർബർ ബംഗ്ലാവ് ആധുനിക സൗകര്യങ്ങളോടെ അതിഥികളെ വരവേൽക്കാനൊരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിത്തോട്ടത്തിലെ അതിഥി മന്ദിരമായ ബാർബർ ബംഗ്ലാവാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി നവീകരിച്ചത്. 117 വർഷംമുമ്പ് പൂർണമായും തേക്കിൻ തടിയിലാണ് മന്ദിരം നിർമിച്ചത്. ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിൽ രണ്ട് കിടപ്പുമുറിയും സായിപ്പിന്റെ കുതിരകളെ കെട്ടാനുള്ള കുതിരാലയവുമുണ്ട്. 1958 ൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, മകൾ ഇന്ദിരാഗാന്ധി, മുൻ രാഷ്ട്രപതി വി വി ഗിരി, മുഖ്യമന്ത്രി ഇ എം എസ് എന്നിവർ ഇവിടെ താമസിച്ചു.
2015ൽ 25 ലക്ഷം രൂപ ചെലവഴിച്ച് ഒന്നാംഘട്ടം നവീകരിച്ചിരുന്നു. കുതിരലായം, കുശിനി എന്നിവ നവീകരിക്കാൻ 2018ൽ 60 ലക്ഷം രൂപയും അനുവദിച്ചു. കുതിരലായം നവീകരിക്കൽ, ചുറ്റുമതിൽ, പുൽത്തകിടി എന്നിവയുടെ നിർമാണം പൂർത്തിയാക്കി. കൃഷി വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഡിടിപിസി, ടൂറിസം വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി സെപ്തംബർ അവസാനം ഉദ്ഘാടനംചെയ്യും. ഇന്ത്യയിലെ മികച്ച ഫാമാക്കി കരിമ്പം ഫാമിനെ മാറ്റുമെന്നും ടൂറിസത്തിന്റെ ഭാഗമായി ഫാമിൽ നടപ്പാക്കേണ്ട അടിസ്ഥാന വികസനങ്ങളെ സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് സർക്കാറിന് നൽകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചാത്തംഗം കെ കെ രത്നകുമാരി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ കരിമ്പം കൃഷിത്തോട്ടം സന്ദർശിച്ചു.