കണ്ണൂർ കോർപ്പറേഷനിൽ വിവരങ്ങൾ വിരൽതുമ്പിൽ

കണ്ണൂർ
ഭൗമ വിവര സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായി കണ്ണൂർ.
കണ്ണൂർ കോർപ്പറേഷന്റെ ജിഐഎസ് മാപ്പിങ്ങ് പദ്ധതിയായ ദൃഷ്ടിയുടെ പൂർത്തീകരണ പ്രഖ്യാപനം കെ സുധാകരൻ എംപി നിർവ്വഹിച്ചു.
നഗരാസൂത്രണവും സമഗ്രവികസനവും ലക്ഷ്യമിട്ട് നടപ്പാക്കിയ ദൃഷ്ടി വെബ്പോർട്ടലിൽ കോർപ്പറേഷനിലെ ഒരു ലക്ഷത്തോളം വരുന്ന കെട്ടിടങ്ങൾ, റോഡുകൾ, തണ്ണീർത്തടങ്ങൾ, പാർക്കുകൾ, ലാന്റ്മാർക്കുകൾ തുടങ്ങി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ഫോട്ടോ സഹിതം ലഭിക്കും. യു എൽ ടി എസാണ് പോർട്ടൽ തയ്യാറാക്കിയത്. ആധുനികതയിലൂന്നിയ നഗരാസൂത്രണം, കൃത്യതയാർന്ന പദ്ധതി വിഭാവനം, നിർവ്വഹണം, ക്ഷേമ പദ്ധതികൾ ഏറ്റവും അർഹരായവരിൽ എത്തിക്കുക എന്നിവ പോർട്ടലിന്റെ സഹായത്തോടെ സാധ്യമാകും. കൃഷി, ആരോഗ്യം, വ്യവസായം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനും കഴിയും. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലെ വിവരങ്ങൾ ആവശ്യമായ രീതിയിൽ വിശകലനം ചെയ്യാനും ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും ഇത് സഹായകമാകും. ഇവ കോർപ്പറേഷന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും രേഖകളുമായി താരതമ്യം ചെയ്യാം. കൂടാതെ ഭൗമശാസ്ത്രപരമായ വിശകലനം, വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശകലനം എന്നിവയും പോർട്ടലിൽ സാധ്യമാകും.
ചേമ്പർ ഹാളിൽ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീമ ടീച്ചർ, പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ്ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, സെക്രട്ടറി ഡി സാജു, മുൻമേയർമാരായ സുമ ബാലകൃഷ്ണൻ, സി സീനത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജിഐഎസ് ഹെഡ് ജെയ്ക്ക് ജേക്കബ് എന്നിവർ പങ്കെടുത്തു.

Most Read

  • Week

  • Month

  • All