സഹകരണം പൂട്ടാൻ വീണ്ടും കേന്ദ്രം
റിസർവ് ബാങ്ക് വഴി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഹകരണ ബാങ്കുകൾ കൈപ്പിടിയിലാക്കാൻ വീണ്ടും കേന്ദ്രനീക്കം. ഏത് പ്രതിസന്ധി ഘട്ടത്തിലും കേരളത്തിന് തുണയാകുന്ന സഹകരണ മേഖലയിലെ ചില പുഴുക്കുത്തുകൾ ചൂണ്ടി കാണിച്ചാണ് ലോകത്തിന് മാതൃകയായ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ വലിഞ്ഞ് മുറുക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. റിസർവ് ബാങ്ക് നടപടികളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്നും സർക്കാരും ഭരണകക്ഷിയായ സിപിഐഎമ്മും വ്യക്തമാരരക്കിയിട്ടുണ്ട്.
റിസർവ്വ് ബേങ്കിനെ കേരളത്തിലെ സഹകരണമേഖലയുടെ പ്രത്യേകത ബോധ്യപ്പെടുത്തും. തുടർചർച്ചകളുടെ സാധ്യതയും പരിശോധിക്കും. സർക്കാരിനായി സഹകരണ വകുപ്പും പ്രാഥമിക സഹകരണ സംഘങ്ങൾക്കായി പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷനും റിസർവ് ബാങ്കിന് നിവേദനം നൽകും.
ആർബിഐ നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ സർക്കാർ ആലോചന തുടങ്ങിയതിന്റെ ഭാഗമായി വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസം സർവകക്ഷി യോഗം വിളിക്കും. ബാങ്കിങ് ഭേദഗതി നിയമം സംബന്ധിച്ച വാർത്താക്കുറിപ്പ് കഴിഞ്ഞ ദിവസമാണ് ആർബിഐ പുറത്തിറക്കിയത്. സുപ്രീംകോടതി റദ്ദാക്കിയ കേന്ദ്രത്തിന്റെ ഭേദഗതി മറ്റൊരു രൂപത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം.
സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളാണതിൽ. വളഞ്ഞവഴിയിലൂടെ സഹകരണമേഖലയിൽ കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമാണിത്. സഹകരണം സംസ്ഥാന വിഷയമാണ്. വോട്ടവകാശമുള്ള അംഗങ്ങൾക്കും ഇല്ലാത്തവർക്കും തുല്യാവകാശമാണെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ നിർദേശങ്ങൾ.
ഇതിനെതിരെ അടിയന്തര നടപടികളിലേക്ക് സഹകരണ വകുപ്പ് നീങ്ങി. പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ഭാരവാഹികളുമായും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായും മന്ത്രി വി എൻ വാസവൻ വ്യാഴാഴ്ച ചർച്ച നടത്തി. 29ന് അസോസിയേഷൻ പ്രതിനിധികളുടെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെയും വിപുലയോഗം ചേരും. ആശങ്കയിലായ സഹകാരികളെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ പ്രചാരണം സംഘടിപ്പിക്കും. പ്രാദേശിക പരിപാടികൾ 29ന് തീരുമാനിക്കും.
എന്ത് തന്നെയായാലും കേരളത്തിലെ സഹകരണ മാതൃക സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിന്നേ മതിയാകു.

Most Read

  • Week

  • Month

  • All