നെല്ലും മീനും സമന്വയിപ്പിച്ചുള്ള കൃഷി
കടലിൽ നിന്നുള്ള ഉപ്പുവെള്ളവും തോടുകളിൽ നിന്നും പുഴകളിൽ നിന്നും മഴക്കാലത്ത് എത്തുന്ന നല്ല വെള്ളവും ചേരുന്ന പ്രദേശങ്ങളിലാണ് നെല്ലും മീനും സമന്വയിപ്പിച്ചു കൊണ്ടുള്ള കൃഷി ആദായകരമായി ചെയ്യാനാവുന്നത്. ഒന്നാം വിള നെൽകൃഷിയുടെ സമത്തു തന്നെയാണ് ഇത്തരം സ്ഥലത്ത് നെൽകൃഷി ആരംഭിക്കേണ്ടത്. ജൂൺ മാസത്തിൽ കൃഷി ആരംഭിച്ചാൽ ഏതാണ്ട് നാല് മാസമാകുമ്പോഴേക്കും കൊയ്ത്തിന് പാകമാകും. അപ്പോഴേക്കും പാടങ്ങളിൽ ഉപ്പുവെള്ളം കയറിത്തുടങ്ങും. പിന്നീട് അടുത്ത മഴക്കാലാരംഭം വരെ മത്സ്യ കൃഷി ചെയ്യാം.
ഉപ്പുരസത്തെ ചെറുക്കാൻ ശേഷിയുള്ള പൊക്കാളി നെല്ലിനങ്ങളാണ് പൊക്കാളി നിലങ്ങളിലും കൈപ്പാട് കൃഷിയിലും ഉപയോഗിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ ജൈവ സമ്പുഷ്ടമായതു കൊണ്ട് യാതൊരുവിധ വളപ്രയോഗവും ഇത്തരം കൃഷിയിടങ്ങളിൽ ആവശ്യമായി വരുന്നില്ല. ഇവിടെ ഉപയോഗിച്ചു വരുന്ന നാടൻ വിത്തുകൾക്ക് അതീവ രോഗകീട പ്രതിരോധ ശേഷി ഉള്ളതു കൊണ്ട് കീടനാശിനികളുടെ പ്രയോഗവും ആവശ്യമായി വരാറില്ല. വർഷക്കാലത്ത് മഴ പെയ്ത് പുഴകളിലെ വെള്ളം ഉയരുമ്പോൾ സ്വാഭാവികമായും നദീമുഖങ്ങളോട് ചേർന്നു കിടക്കുന്ന പൊക്കാളി, കൈപ്പാട് നിലങ്ങളിലെ ഓരിന്റെ അഥവാ ഉപ്പിന്റെ അളവും കുറയും. മറ്റു നെൽകൃഷി സമ്പ്രദായങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒന്നാണ് ഇവിടങ്ങളിലെ കൃഷി.
പൊക്കാളി, ചെടി വിരിപ്പ്, ഓർക്കഴമ, ചേറ് വിരിപ്പ്, കതിര് വിത്ത് തുടങ്ങിയ ഉപ്പുരസത്തെ ചെറുക്കാൻ ശേഷിയുള്ള നെല്ലിനങ്ങളാണ് ഇത്തരം പ്രദേശങ്ങളിൽ കൃഷി ചെയ്തു വരുന്നത്. വൈറ്റില ഒന്ന് മുതൽ അഞ്ചു വരെയുള്ള ഇനങ്ങളും ഏഴോം വിത്തും ഇത്തരം സ്ഥലങ്ങളിൽ നല്ല വിളവ് നൽകുന്നതായി അനുഭവമുണ്ട്. പരമ്പരാഗതമായ ഇനങ്ങൾ ഒരേക്കറിന് ശരാശരി ഒരു ടൺ വിളവ് തരുമ്പോൾ വൈറ്റില, ഏഴോം ഇനങ്ങൾ ഏക്കറിന് ഒന്നര ടണ്ണിലധികം വിള തരാൻ ശേഷി ഉള്ളവയാണ്.
ഉപ്പുരസമുള്ള പാടങ്ങളിൽ ചെയ്യുന്ന കൃഷിക്ക് പൊതുവെ പൊക്കാളി കൃഷി എന്നു പറയാറുണ്ട്. കണ്ണൂർ ജില്ലയിൽ തീരങ്ങളോട് ചേർന്നു ഉപ്പുവെള്ളം കയറിയിറങ്ങുന്ന പ്രദേശങ്ങളിൽ ചെയ്യുന്നതും പൊക്കാളി കൃഷിയോട് ഏറെ സാദൃശ്യം പുലർത്തുന്നതുമായ പ്രത്യേക തരം കൃഷിയാണ് കൈപ്പാട് കൃഷി. മുട്ടോളം ആണ്ട് പോകുന്ന കറുത്ത് ഫലഭൂയിഷുമായ ചെളിമണ്ണാണ് കയ്പ്പാട് നിലങ്ങളിലേത്. വൈവിധ്യമേറിയ ഒട്ടേറെ മത്സ്യങ്ങളുടേയും ചെമ്മീനുകളുടേയും കലവറയാണ് കയ്പ്പാട് നിലങ്ങൾ.
മണ്ണ് കൂന കൂട്ടലാണ് ആദ്യ പണി. ഉപ്പ് വെള്ളം കയറി ഓര് മണ്ണിലെ ഉപ്പ് നീക്കം ചെയ്യാനുള്ള മാർഗ്ഗമാണിത്. തയ്യാറാക്കുന്ന മൺകൂനകൾക്ക് അടിഭാഗത്ത് ഒരു ചതുരശ്ര മീറ്ററോളം വിസ്തീർണ്ണവും അരമീറ്ററോളം ഉയരവും ഉണ്ടാകും. മണ്ണ് വെയിൽ കൊണ്ട് നല്ലവണ്ണം ഉണങ്ങണം. ഇപ്രകാരം ഉണങ്ങുനത് കൊണ്ട് മഴ പെയ്യുമ്പോൾ മണ്ണിലെ ഉപ്പ് എളുപ്പം ഇറങ്ങുന്നതിന് സഹായകമാണ്. കുറഞ്ഞ സമയം കൊണ്ട് മണ്ണ് പൊടിഞ്ഞു കിട്ടാനും ഇടവപ്പാതി മഴയിൽ ഉപ്പിന്റെ അംശം മുഴുവനായി കഴുകിപ്പോകാനും ഇത് സഹായകമാകും. മഴ പെയ്ത് ഉപ്പുരസം കുറയുമ്പോൾ മുൻകൂട്ടി മുളപ്പിച്ച വിത്ത് കൂനകളിൽ വിതക്കുന്നു. കടലിലെ വേലിയേറ്റം, വേലിയിറക്കം എന്നിവ ഈ നിലങ്ങളെ ബാധിക്കുമെന്നതിനാൽ ചന്ദ്രദശ അടിസ്ഥാനമാക്കിയാണ് വിത സമയം കണക്കാക്കുക.
ഒരേക്കർ സ്ഥലത്തേക്ക് ഏകദേശം നാൽപ്പത് കി.ഗ്രാം എന്ന തോതിൽ വിത്ത് വിതക്കണം. വിത്ത് വിതച്ച് ചെളി കൊണ്ട് പൊതിയുന്നു.
വിത്ത് വിതച്ച് മൂന്ന് നാലാഴ്ച കൊണ്ട് അര മീറ്റർ വരെ ഞാറുകൾ ഉയരം വെക്കും. ഈ സമയത്ത് ഞാറ് ഓരോന്നായി പറിച്ചു നടുന്ന രീതിക്ക് പകരം നെൽച്ചെടികളാേടൊപ്പം മണ്ണ് വെട്ടി നിരത്തുകയാണ് ചെയ്യുന്നത്. വെട്ടി നിരത്തുന്ന നെൽച്ചെടികൾ അവ പറ്റി വളരുന്ന ചെളിക്കട്ടകളോടൊപ്പം പാടങ്ങളിൽ നിരത്തുന്നു. ഇവ വേര് പിടിച്ചു വളരും. യാതൊരു വളപ്രയോഗവും ആവശ്യമില്ല. വേലിയേറ്റവും വേലിയിറക്കവും ഈ നിലങ്ങൾക്കാവശ്യമായ പോഷകമൂലകങ്ങളും പ്രാണവായുവും എത്തിച്ചു കൊടുക്കുന്നു. ഒട്ടേറെ ജലസസ്യങ്ങൾ അഴുകി ചേർന്നും ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്നു. ഞാറുകൾക്ക് ചിനപ്പുകൾ വളരുന്നതു കൊണ്ട് ഒറ്റച്ചെടിയിൽ നിന്നു തന്നെ നിരവധി കതിരുകൾ ഉണ്ടാവും. വളർന്നു വരുന്ന ചെടികൾക്ക് കാര്യമായ പരിചരണമൊന്നും ആവശ്യമില്ല. പെട്ടെന്ന് വളർന്നു പൊങ്ങുന്ന നെല്ലിനൊപ്പം ജലവിതാനം ഉയർത്തി നെൽച്ചെടി താഴെ വീഴാതെ നോക്കണം. മൂന്ന് മാസങ്ങൾ കൊണ്ട് നെല്ല് കതിരണിയും. ശരാശരി 110 - 130 ദിവസമാണ് മൂപ്പ്. കതിർ മാത്രമാണ് സാധാരണ കൊയ്‌തെടുക്കുന്നത് . വൈക്കോലും മറ്റും നിലത്ത് കിടന്ന് മണ്ണിൽ അഴുകിച്ചേരും. ഇത് ചെമ്മീൻ തുടങ്ങിയ കൃഷിക്ക് ഭക്ഷണവും പാർപ്പിടവുമാകും.
ചെലവ് താരതമ്യേന കുറഞ്ഞ കൃഷിയാണിത്. വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നിവ ഇല്ലാത്തതിനാൽ ഈ ഇനത്തിൽ ചെലവൊന്നുമില്ല. ആകെ വരുന്ന ചെലവ് മണ്ണ് കൊത്തി കൂട്ടുന്നതിനും വിത്ത് കൊത്തിച്ചാടിക്കുന്നതിനുമാണ്. നെൽച്ചെടികൾ വളർന്നു കഴിഞ്ഞാൽ പിന്നെ പാടത്തേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. കൊയ്യാറാവുന്ന സമയത്ത് ചെന്നാൽ മതിയാകും. നെല്ല് കൊയ്ത്തിനു ശേഷം ചെമ്മീൻ കെട്ടുകളാക്കുന്നു. വെള്ളം ഏറ്റമാകുന്ന സമയത്ത് ചീപ്പ് തുറന്നിടുമ്പോൾ വെള്ളത്തോടൊപ്പം ചെമ്മീനുകളും മത്സ്യങ്ങളും കെട്ടിനുള്ളിലേക്ക് കടക്കും.
നെല്ലും , കൊയ്ത്ത് കഴിഞ്ഞാൽ ചെമ്മീനും എന്ന കൃഷി രീതി ലോകത്തിലെ തന്നെ ഏറ്റവും സുസ്ഥിരമായ കൃഷിയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കടലിൽ നിന്ന് കയറുന്ന ഉപ്പുവെള്ളവും നദികളിലൂടെയും തോടിലൂടെയും മഴക്കാലത്ത് എത്തുന്ന നല്ല വെള്ളവും ചേർന്ന് പല ലവണ സാന്ദ്രതകൾ ഉണ്ടാകുന്നതിനാൽ ഈ മേഖലകൾ ജൈവ വൈവിധ്യം നിറഞ്ഞതാണ് . വിവിധ ലവണ സാന്ദ്രതകളിൽ വളരാൻ കെൽപ്പുള്ള സസ്യജന്തു ജാലങ്ങളാണ് ഈ മേഖലകളിൽ വളരുന്നതും വസിക്കുന്നതും. കണ്ടൽ കാടുകളും ലവണ മണ്ണിൽ വളരുന്ന പലതരം സസ്യലതാദികളും ഈ ജൈവ വൈവിധ്യത്തിന്റെ ഉദാഹരണങ്ങളാണ്. ലവണ മണ്ണിലും പുളി നിലങ്ങളിലും വളരാൻ കെൽപ്പുള്ള അനേകം ജീവാണുക്കളും ഈ മേഖലകളിലെ സവിശേഷതകളാണ്. ഇത്തരം മണ്ണിലെ പി.എച്ചും പലപ്പോഴും 4.5 ന് താഴെയായിരിക്കും. മഴക്കാലം കഴിയുന്നതോടെ കയറുന്ന ഉപ്പുവെള്ളം ഇതിനെ ലവണ മണ്ണാക്കി മാറ്റുന്നു. ഇക്കാലത്ത് ഈ മണ്ണുകളുടെ ലവണ സാന്ദ്രത 18 മുതൽ 23 മീറ്റർ മോസ് വരെ ആവാറുണ്ട്. ഇടവപ്പാതിക്കൊപ്പം എത്തുന്ന നല്ല വെള്ളം ഉപ്പു കഴുകി മാറ്റി ഈ നിലങ്ങളെ ലവണ വിമുക്തമാക്കുന്നു. മഴക്കാലവും വേനൽക്കാലവും ഇത്തരം നിലങ്ങളെ മാറി മാറി ലവണ മണ്ണുകളാക്കുകയും ലവണ വിമുക്തമാക്കുകയും ചെയ്യുന്നു. മണ്ണിൽ ലവണ സാന്ദ്രത വർദ്ധിക്കുന്നതോടൊപ്പം ഉയർന്ന ഉപ്പുരസത്തിൽ വളരുന്ന മത്സ്യങ്ങൾ ഇത്തരം പാടത്തക്ക് ചേക്കേറുന്നു. നാരൻ ചെമ്മീൻ തുടങ്ങി വിവിധ മത്സ്യങ്ങൾ ഉയർന്ന ലവണ സാന്ദ്രതയിൽ വളരുന്നയിനമാണ്. ഒപ്പം അനുയോജ്യമായ മത്സ്യ കുഞ്ഞുങ്ങളെ ആവശ്യാനുസരണം നിക്ഷേപിച്ച് പ്രത്യേകം വളർത്തിയെടുക്കാനും ശദ്ധിക്കണം.

 

Most Read

  • Week

  • Month

  • All