Colors: Orange Color

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍  അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

ഭിന്ന ശേഷിക്കാർക്കായി 'സഹജീവനം'
ഭിന്നശേഷിക്കാരുടേയും രക്ഷകർത്താക്കളുടേയും സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കുന്ന 'സഹജീവനം'പദ്ധതി പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റുന്ന പദ്ധതിയാണ്.
പ്രകൃതി ദുരന്തങ്ങളുടേയും മഹാമാരിയുടേയും പ്രയാസഘട്ടങ്ങളിൽ നാട്ടിലെ സൂക്ഷ്മ ജീവിയെപോലും സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമായി ഏറ്റെടുത്ത് പദ്ധതികൾ ആസൂത്രണം ചെയ്ത് വരുന്ന സംസ്ഥാന സർക്കാർ ഭിന്നശേഷിക്കാരുടേയും അവരുടെ രക്ഷകർത്താക്കളുടേയും സംരക്ഷണത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് സഹജീവനമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
സമൂഹത്തിലെ ഭിന്നശേഷി വിഭാഗത്തെ സർവ്വതല സ്പർശിയായ സംരക്ഷണത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന ശ്രദ്ധേയമായ പരിപാടിയാണിത്. പല കാരണങ്ങളാൽ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാർ കൊവിഡ് കാലത്ത് കൂടുതൽ പ്രയാസത്തിലായി.
അവർക്കായി പ്രവർത്തിച്ചിരുന്ന വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിനാൽ തന്നെ വീട്ടിലകപ്പെട്ട ഇവർക്ക് മാനസികവും വൈകാരികവുമായ പുതിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നു. ഇതിനുള്ള പരിഹാരമായിരിക്കും ഹെൽപ് ഡെസ്‌ക്.
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്‌സ് സ്‌കൂളുകൾ, വൊക്കേഷണൽ ട്രെയ്നിങ് സെന്ററുകൾ, ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചും സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. ഈ കേന്ദ്രവുമായി ബന്ധപ്പെടുന്നവരുടെ ആവശ്യങ്ങളിൽ ഉടൻ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദ്ദേശം.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർ ഉണ്ടാകും. ഇവർ ഭിന്നശേഷിക്കാരെയും അവരുടെ രക്ഷിതാക്കളെയും ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും ഇവ ക്രോഡീകരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും.
കൗൺസിലിങ്, ഡോക്ടർമാരുടെ സേവനം എന്നിവയും ആവശ്യാനുസൃതം ഉറപ്പാക്കും. കുടുംബാംഗങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടപ്പാക്കും. ഇത്തരം ഇടപെടലുകളിലൂടെ ലഭ്യമാകുന്ന വിവരങ്ങളെ ശ്രേണിബന്ധിതമായി ഏകോപിപ്പിച്ച് നിരീക്ഷിക്കുകയും അവശ്യം വേണ്ട ഇടപെടൽ നടത്തുകയും ചെയ്യും.
ഭിന്ന ശേഷിക്കാരും അവരുടെ രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. അനുഭവിച്ചറിയുക തന്നെ വേണം. ഇത്തരം വിഭാഗങ്ങൾക്ക് നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും ഇതെല്ലാം യഥാർത്ഥ ആവശ്യക്കാരിൽ പലപ്പോഴും എത്തുന്നില്ല. ഹെൽപ്പ് ഡസ്‌ക് തുടങ്ങി ഫലപ്രദമായാൽ ഏറെ ആശ്വാസകരമാകും.

അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ സർക്കാർ ധനസഹായത്തോടു കൂടി ബന്ധുക്കൾക്ക് പോറ്റി വളർത്താൻ കഴിയുന്ന കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കുന്നതിന് 84 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.

ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളിൽ 25,484 കുട്ടികളാണ് താമസിച്ചു വരുന്നത്. സ്ഥാപനത്തിൽ നിൽക്കുന്ന മിക്ക കുട്ടികൾക്കും ബന്ധുക്കളുടെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് മിക്ക കുട്ടികളുടേയും ബന്ധുക്കൾ. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് മിക്കവരും കുട്ടികളെ ഏറ്റെടുക്കാൻ മടിക്കുന്നത്. ഈയൊരു സാഹചര്യം മുൻനിർത്തിയാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിക്ക് ഈ സർക്കാർ രൂപം നൽകിയത്.

കുട്ടിയുമായി അടുപ്പമുള്ള ബന്ധുക്കൾ കുട്ടിയെ ഏറ്റെടുക്കാൻ തയ്യാറാവുന്ന സാഹചര്യത്തിൽ ഒരു നിശ്ചിത തുക മാസംതോറും നൽകിയാൽ കുട്ടികളുടെ സ്ഥാപനവാസം കുറയ്ക്കാനും അതിലൂടെ സന്തോഷം വർധിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പോറ്റിവളർത്തൽ (Foster Care) രീതിയെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി 2017ൽ തുടങ്ങിയ പദ്ധതിയാണ് സനാഥനബാല്യം. വ്യക്തിഗത പോറ്റിവളർത്തൽ (Individual Foster Care), ഒന്നിലധികം കുട്ടികളെ പോറ്റി വളർത്തൽ (Group, Foster Care), അവധിക്കാല പരിപാലനം (Vacation Foster Care), ബന്ധുക്കളുടെ കൂടെ (Kinship Foster Care), ഇടക്കാല പോറ്റി വളർത്തൽ (Respite Foster Care) എന്നിങ്ങനെ 5 തരം പോറ്റിവളർത്തൽ സംവിധാനമാണുള്ളത്. ഇതിൽ ആദ്യത്തെ നാല് തരം പോറ്റി വളർത്തലുകളിലും പ്രാഥമികമായി ഹ്രസ്വകാലത്തേയ്ക്കും പിന്നീട് പരിശോധിച്ച് വേണമെങ്കിൽ ദീർഘകാലത്തേയ്ക്കും കുട്ടികളെ മറ്റ് കുടുംബങ്ങളിൽ പാർപ്പിക്കാറുണ്ട്. ഇതിലെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരംഭിക്കുന്നതിനായി തുക അനുവദിച്ചത്.

ബന്ധുക്കളുടെ മുഴുവൻ സമയ പരിചരണത്തിനുള്ള ഒരു ക്രമീകരണമാണ് കിൻഷിപ്പ് ഫോസ്റ്റർ കെയറിലൂടെ വനിത ശിശുവികസന വകുപ്പ് ഒരുക്കുന്നത്. കുട്ടിയുമായി അടുത്ത ബന്ധമുള്ള മുത്തശ്ശി-മുത്തച്ഛൻമാർ, അമ്മാവന്മാർ, അമ്മായിമാർ അല്ലെങ്കിൽ കുട്ടികളല്ലാത്ത മറ്റുള്ളവർ എന്നിവർക്കും ഈ പദ്ധതിയിലൂടെ കുട്ടികളെ ഏറ്റെടുക്കാം. കുട്ടികളെ നന്നായി പോറ്റി വളർത്തുന്നതിനായാണ് സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നത്. ബന്ധുക്കളോടൊപ്പം താമസിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും.

ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ചൈൽഡ് വെൽഫയർ കമ്മിറ്റിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. തയ്യാറാവുന്ന ബന്ധുക്കളുടെ അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിക്കുന്നു. കുട്ടികളെയും രക്ഷിതാക്കളെയും ശരിയായ രക്ഷിതാക്കൾ ഉള്ള കുട്ടികളാണെങ്കിൽ അവരെയും പ്രത്യേകം കൗൺസിലിംഗിന് വിധേയമാക്കി അപേക്ഷയ്ക്ക് മേൽ പ്രത്യേക അന്വേഷണവും നടത്തിയാണ് ചൈൽഡ് വെൽഫയർ കമ്മിറ്റി കുട്ടികളെ ബന്ധുക്കൾക്ക് വിട്ടു നൽകുന്നത്.

ജില്ലയിലെ സ്പോൺസർഷിപ്പ് ഫോസ്റ്റർ കെയർ അഡോപ്ഷൻ കമ്മിറ്റിയുടേയും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടേയും ഉത്തരവിന്റേയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തിൽ സ്പോൺസർഷിപ്പ് ഫോസ്റ്റർകെയർ അപ്രൂവൽ കമ്മിറ്റിയാണ് എത്ര തുക മാസം തോറും നൽകണമെന്ന് തീരുമാനിക്കുന്നത്. കുട്ടിയുടെയും വളർത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേയ്ക്കാണ് ജില്ല ശിശു സംരക്ഷണ ഓഫീസർ തുക നിക്ഷേപിക്കുന്നത്. 3 മാസത്തിലൊരിക്കൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വീട്ടിലും നാട്ടിലും എത്തി അന്വേഷണം നടത്തുകയും തുക കുട്ടിയുടെ കാര്യത്തിനു തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികളുടെ പഠനവും ജീവിതവും 4 മാസത്തിലൊരിക്കൽ പ്രത്യേക യോഗം വിളിച്ച് അവലോകനം നടത്തുന്നതാണ്. ഒരു ജില്ലയിൽ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി വിജയമെന്നു കണ്ടാൽ വ്യാപിപ്പിക്കും....

 

പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ നാളെ മുതല്‍ കോവിഡ് ഐപി ആരംഭിക്കും. ഇവിടെ ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സജ്ജീകരണം പൂര്‍ത്തിയായി. കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായാണ് മെയിന്‍ ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. എം.എസ് പത്മനാഭന്‍ അറിയിച്ചു.

രോഗലക്ഷണം കുറഞ്ഞ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് എന്ന രീതിയില്‍ ചികിത്സ നല്‍കുക. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ആരോഗ്യനില പരിശോധിച്ച് ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതാണ്.

നിലവില്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ഒപിയും സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കൊവിഡ് പരിശോധന നടത്തുന്നതിനായി സജ്ജമാക്കിയ ആര്‍ടിപിസിആര്‍ ലാബിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചതായും നാളെ മുതല്‍ പരിശോധന തുടങ്ങാനാകുമെന്നും മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയില്‍ കൊവിഡ് ഫലം നിലവിലുള്ളതിനേക്കാള്‍ വേഗത്തില്‍ ലഭിച്ചു തുടങ്ങും.

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മദ്ധ്യവേനൽ അവധിക്കാലത്തേക്കുള്ള ഫുഡ് സെക്യൂരിറ്റി അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച വിശദമായ പ്രൊപ്പോസലിന് സർക്കാർ അനുമതി നൽകി. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.
പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈക്കോ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. ഭക്ഷ്യകിറ്റ് വിതരണം ജൂലൈ ആദ്യവാരത്തോടെ ആരംഭിക്കും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂൾ മുഖേന രക്ഷിതാക്കൾക്ക് നൽകും.

 

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) കോവിഡ്-19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറല്‍ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പങ്കെടുത്തു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്. വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തത്. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്ന് കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുത് എന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്-19 മഹാമാരി ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിംഗ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.

Page 1 of 3

Most Read

  • Week

  • Month

  • All