ശ്രീ നാരായണഗുരു കേന്ദ്ര സർക്കാരിന് എങ്ങിനെ എതിരാകും
റിപ്പബ്ലിക് ദിന പരേഡിൽ ഫ്‌ലോട്ടിൽ ശ്രീനാരായണ ഗുരുവിനു പകരം ശങ്കരാചാര്യർ എന്ന ജൂറിയുടെ നിലപാട് പ്രതിഷേധാർഹമാണ്. മലയാളിയുടെ ജീവിതവീഥിയിൽ പ്രകാശം പരത്തുന്ന മഹാസ്മരണയോടുള്ള അനാദരംകൂടിയാണ്. ഗുരുമഹത്വത്തെ അതിന്റെ സമഗ്രതയിൽ ഉൾക്കൊണ്ടുകൊണ്ട് കേരളീയരുടെ അഭിമാനത്തിന്റെ പ്രതീകമായി ഗുരുവിന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം അഭിനനന്ദനീയവും സ്വാഗതാർഹവുമാണ്.
മതാധിഷ്ഠിത വീക്ഷണത്തിനും മതേതരത്വത്തിനുംകൂടി ഒന്നിച്ചുനിൽക്കാനാകല്ല. സമത്വാധിഷ്ഠിതവും മതദ്വേഷ ജടിലവുമല്ലാത ഒരു സമൂഹത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പുതിയൊരു രാഷ്ട്രസങ്കൽപ്പത്തിന്റെ മാർഗരേഖകൂടിയാണ്. ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പുരോഗമനാത്മകവും ലക്ഷ്യോന്മുഖവുമായ മുന്നേറ്റത്തിൽ ഗുരുദർശനം കരുത്തുപകരുകതന്നെ ചെയ്യും.
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്‌കർത്താവും ആണ് ശ്രീനാരായണഗുരു . ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.ധ1പ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ട നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
ഇത്തരം നവോത്ഥാന നായകരുടെ പിന്തുടർച്ചയാണ് കേരളത്തിന്റെ നേട്ടം. ഇത്തരം നേട്ടങ്ങളെ രാജ്യത്തിന്റെ അഭിമാനമായി ഉയർത്തി കാട്ടുക എന്നത് ഏതൊരു ജനാധിപത്യ പ്രകൃയയുടെയും ഭാഗമാണ്. ഇത് എങ്ങിനെ കേന്ദ്രത്തിന് എതിരാകും. ശങ്കരാചാര്യരെ വേണമെന്ന് പറയാം. പക്ഷേ നാരായണ ഗുരുവിനെ മാറ്റി അവിടെ ശങ്കരാചാര്യരെ പ്രതിഷ്ഠിക്കണമെന്ന് പറഞ്ഞാൽ അത് കേരളം അംഗീകരിക്കില്ല. വലിയ വാർത്തയും വിവാദവും ആകേണ്ട വിഷയത്തെ മുഖ്യധാരാ മാധ്യമങ്ങൾ പലതും മുക്കി എന്നുള്ളതും അവരുടെ വർഗ്ഗ താൽപര്യം വ്യക്തമാകുന്നതാണ്.