പ്രധാന വാർത്തകൾ
ചങ്ങല പൊട്ടിച്ച നായയെന്ന് മുഖ്യമന്ത്രിയെ ആക്ഷേപിച്ച് സുധാകരൻ
മുഖ്യമന്ത്രിയ്ക്കെതിരെ അധിക്ഷേപം; കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇ പി ജയരാജൻ
കുടുംബശ്രീക്ക് ഇരുപത്തി അഞ്ചാം പിറന്നാൾ
ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം: തീരദേശ ഗ്രാമസഭ
ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
മന്ത്രി ജി ആർ അനിൽ നാളെ കണ്ണൂർ ജില്ലയിൽ സഞ്ചരിക്കുന്ന റേഷൻകട ഉദ്ഘാടനം ചെയ്യും.
വരുന്നൂ കെഎസ്ആർടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്
ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ; ആശങ്ക ഉയരുന്നു
സംസ്ഥാനത്താകെ പാറിപറന്ന് വേനൽതുമ്പികൾ

 

ചങ്ങല പൊട്ടിച്ച നായയെന്ന് മുഖ്യമന്ത്രിയെ ആക്ഷേപിച്ച് സുധാകരൻ


മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചങ്ങല പൊട്ടിച്ച നായയെന്നു വിളിച്ച് അധിക്ഷേപിച്ചു. തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന് കെ സുധാകരൻ പറയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ തരംതാണ ആക്ഷേപം.
'' ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയിൽനിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയിൽനിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങൾക്ക് ഹാലിളകിയിട്ടില്ല. ഞങ്ങൾക്ക് അർഹതപ്പെട്ടതേ ഞങ്ങൾ പറയുന്നുള്ളൂ.
''ബിഹൈൻഡ് ദ വുഡ്സ് ഇൻക് എന്ന വാർത്താചാനൽ ലേഖിക എൽഡിഎഫ് പ്രചാരണത്തിൽ യുഡിഎഫിന് ഹാലിളകിയെന്നാണല്ലോ? എന്നുമാത്രമേ ചോദിച്ചുള്ളൂ. മുഖ്യമന്ത്രി പറഞ്ഞെന്നോ, എൽഡിഎഫ് ആരോപണമെന്നോപോലും പറഞ്ഞില്ല. അതിൽ പ്രകോപിതനായാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ''ഹാലിളകിയത് ഞങ്ങൾക്കല്ല; ഹാലിളകിയത് അദ്ദേഹത്തിനാണ്. അതാണിങ്ങനെ നീളെ തേരാപാര നടക്കുന്നത്.'' എന്നു പറഞ്ഞിട്ടാണ് നായയെന്നു വിളിച്ച് ആക്ഷേപിച്ചത്. ബിഹൈൻഡ് ദി വുഡ്സ് ഇൻക് വിവാദ അഭിമുഖം ബിഹൈൻഡ് ദി വുഡ്സ് മലയാളം എന്ന അവരുടെ ഫെയ്സ്ബുക് പേജിലും ഇട്ടതോടെ സമൂഹമാധ്യമങ്ങളിലും സുധാകരന്റെ പ്രയോഗത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.


മുഖ്യമന്ത്രിയ്ക്കെതിരെ അധിക്ഷേപം; കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇ പി ജയരാജൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തൃക്കാക്കര മണ്ഡലത്തിൽ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോൺ?ഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രിയനായകനാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മുഖ്യമന്ത്രിയ്ക്കുമള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദർശിക്കും. എന്നാൽ ഇതിനെ ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുകയാണെന്ന സുധാകരന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോ?ഗിക്കാൻ പറ്റാത്ത വാക്കുകളും നടപടിയുമാണ് കെപിസിസി പ്രസിഡന്റ് നടത്തിയത്.

തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാ?ഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമായി വിമർശിക്കാം, എന്നാൽ എന്തുപറയാം എന്ന നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എത്തി. ഇതാണ് കോൺഗ്രസ് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം: തീരദേശ ഗ്രാമസഭ
തീരദേശത്തെ ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് മാട്ടൂലിൽ ചേർന്ന തീരദേശ ഗ്രാമസഭയിൽ വിവിധ ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടു. ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ സഹായം ആവശ്യമാണെന്നും ഇത് ജില്ലാ പദ്ധതിയായി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോവുമെന്നും ഗ്രാമസഭയിൽ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യത്തേതായ 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച തീരദേശ ഗ്രാമസഭ എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കയ്പാട് നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണമെന്ന് ഏഴോം, കല്ല്യാശ്ശേരി, പട്ടുവം, രാമന്തളി ഗ്രാമപഞ്ചായത്തുകൾ ആവശ്യപ്പെട്ടു. പഴയങ്ങാടി-അഴീക്കൽ ടൂറിസം പദ്ധതി, മാട്ടൂൽ പുലിമുട്ട് കേന്ദ്രമാക്കി ടൂറിസം പദ്ധതി, ഇരിണാവ് ഡാം പുതുക്കി പണിയൽ, നട്ടിക്കടവ് ടൂറിസം പദ്ധതി, വിവിധ പുഴകളുടെ സംരക്ഷണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മൂന്ന് ഭാഗം പുഴകളാലും ഒരു ഭാഗവും കടലാലും ചുറ്റപ്പെട്ട രാമന്തളി ഗ്രാമപഞ്ചായത്തിനെ കായൽദ്വീപ് പരിഗണനയിൽനിന്ന് നീക്കം ചെയ്തതിന്റെ ബുദ്ധിമുട്ടുകൾ രാമന്തളി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. ടൂറിസ്റ്റുകൾക്കായി എട്ടിക്കുളം-പാലക്കോട് നടപ്പാത, അപായ സൂചനാബോർഡുകൾ എന്നീ ആവശ്യങ്ങളും ഉയർന്നു. അഴീക്കോട് ഫിഷറീസ് ഹൈസ്‌കൂളിൽ തദ്ദേശീയരായ മത്സ്യ അനുബന്ധമേഖലയിൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കും പ്രവേശനം നൽകണമെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ടു. അനധികൃത മണൽവാരൽ വളപട്ടണം, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾക്ക് ഭീഷണിയാവുന്നതിനാൽ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി മേഖലയിൽ മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ കേന്ദ്രം, നീർക്കടവിൽ ഫിഷ് ലാൻഡിംഗ് സെൻറർ എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. ഗ്രാമസഭയിൽ ഉയർന്നുവന്ന നിർദേശങ്ങൾക്ക് മുഖ്യപരിഗണന നൽകി പദ്ധതി രൂപീകരണം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ വികസന രൂപരേഖ അവതരിപ്പിച്ചു. ഗ്രാമപ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ക്ഷണിക്കപ്പെട്ട മറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രിക്ക് ഇന്ന് ഇരുപത്തി അഞ്ചാം പിറന്നാൾ

പെൺകരുത്തിന്റെ 25 വർഷങ്ങൾ ഇന്ന് പൂർത്തിയാകുകയാണ്. ഇത് തലശേരി പുതിയ സ്റ്റാന്റിൽ പ്രവൃത്തിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലാണ്. കുടുംബശ്രീ രൂപീകൃതമായിട്ട് കാൽ നൂറ്റാണ്ട് തികയുന്ന സമയത്ത് ഇത് പോലെ ആയിരക്കണക്കിന് സംരഭകർ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ദിവസം ആയിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്. കോവിഡ് കാലത്ത് എല്ലാവരും ലോക്ക് ഡൗൺ ആയപ്പോൾ സർക്കാരിന്റെ സാമൂഹ്യ അടുക്കളയായു പ്രവർത്തിച്ചു. 20 രൂപക്ക് ഊൺ നൽകുമ്പോൾ സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രി പദ്ധതിയിൽ ഇന്ന് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. സ്ത്രീകളുടെ കൂട്ടായ്മയായതുകൊണ്ട് തന്നെ രണ്ടാം തരമായി പലപ്പോഴും സമൂഹം വിലയിരുത്തുന്ന കുടുംബശ്രീ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി നൽകിയതെന്ന് മലയാളികൾ മറക്കരുത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കളയ്ക്ക് മാത്രമേ സാധിക്കൂ.
ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ൽ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. സംസ്ഥാനത്ത് നായനാർ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. 1999 ഏപ്രിൽ 1 ന് പ്രവർത്തനം തുടങ്ങി. സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതവും കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി ഷെഹരി റോസ്ഗാർ ജന പദ്ധതിയുമായി സഹകരിച്ച് കേരള സർക്കാർ, ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കൽ.
കേന്ദ്ര സർക്കാർ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ സ്ത്രീജീവിതത്തിന്റെ സമസ്തമേഖലയേയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളർന്നു.
സോപ്പും പേപ്പർബാഗും മുതൽ കേറ്ററിംഗ് സർവീസും ഡ്രൈവിംഗ് പരിശീനക്ലാസുകളും വരെ തയ്യൽ പരീശീലനം മുതൽ വസ്ത്രനിർമാണം വരെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ് സ്ത്രീകൾക്ക് മുന്നിൽ കുടുംബശ്രീ തുറന്നിട്ടത്. ജീവിതവഴിയിൽ തളർന്നു നിന്നവർ , സാമ്പത്തിക പരാധീനത അനുഭവിച്ചവർ, കുടുംബശ്രീയിലൂടെ ജീവിതം തിരിച്ചുപിടിച്ചവർ ഏറെയാണ്. ഇരുപത്തി അഞ്ചാം വർഷത്തിലെത്തുമ്പോൾ 43 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. രണ്ടര ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങൾ, 19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികൾ, 1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ, 1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം, 551.22 കോടി രൂപയുടെ വായ്പകൾ അങ്ങനെ കുടുംബശ്രീ മുന്നേറുകയാണ്...കരുത്തോടെ തന്നെ. ന്യൂസ് ഡസ്‌ക് ആസാദി മീഡിയ

വരുന്നൂ കെഎസ്ആർടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്
കെഎസ്ആർടിസി ബസുകൾ ക്ലാസ് മുറികളാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകൾ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്ലോർ ബസുകൾ ഗതാഗത വകുപ്പ് വിട്ടുനൽകും.
എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്ലോർ ബസുകൾ അനുവദിച്ചത്. കെഎസ്ആർടിസിയെ കൈപിടിച്ചുയർത്താനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതികളെല്ലാം ഇതിനോടകം തന്നെ ഹിറ്റാണ്.
സ്വിഫ്റ്റ് ബസുകൾ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്ആർടിസി. അതിനുപിന്നാലെയാണ് കെഎസ്ആർടിസിയുടെ പുതിയ പരീക്ഷണം. വിദ്യാർത്ഥികൾക്ക് വ്യത്യസ്ത അന്തരീക്ഷത്തിൽ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സർക്കാർ.ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
ജില്ലയിലെ അഞ്ചു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10), പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്), കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്), മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്), മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവേലി (അഞ്ച്) എന്നീ വാർഡുകളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. മുഴപ്പിലങ്ങാട് ഹയർസെക്കണ്ടറി സ്‌കൂൾ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്, കണ്ണൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.


മന്ത്രി ജി ആർ അനിൽ നാളെ കണ്ണൂർ ജില്ലയിൽ സഞ്ചരിക്കുന്ന റേഷൻകട ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ നാളെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണി കലക്ടറേറ്റ്, 12.30-ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണ ശാല ശിലാസ്ഥാപനം-പയ്യന്നൂർ പുല്ലുപാറ, വൈകിട്ട് മൂന്ന് മണി-ആദിവാസി ഊരുകളിലേക്കുള്ള മൊബൈൽ റേഷൻ വിതരണം ജില്ലാതല ഉദ്ഘാടനം-ആറളം. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗോത്രവർഗ കോളനികളിൽ ആരംഭിക്കുന്ന സഞ്ചരിക്കുന്ന റേഷൻകടകളുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നാളെ നടക്കും. കീഴ്പ്പള്ളി 18ാം നമ്പർ റേഷൻ കട പരിസരത്ത് വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. യാത്രാസൗകര്യം കുറഞ്ഞ ഗോത്രവർഗ കോളനികളിലേക്ക് റേഷൻകടയിൽ നിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രജിസ്ട്രേഷൻ പുതുക്കൽ മെയ് 31 വരെ

വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2022 മാർച്ച് 31വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാൻ അവസരം. രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 01/2022 വരെ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ ചേർക്കാത്തവർക്കും നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാനാകാതെ നിയമനാധികാരിയിൽ നിന്നും ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും ജോലി ലഭിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളാലും ഉപരിപഠനാർഥവും തൊഴിൽ കാലയളവ് പൂർത്തിയാക്കാനാകാത്തവർക്കും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സീനിയോറിറ്റി പുന:സ്ഥാപിച്ച് ലഭിക്കും. അവസാന തീയതി മെയ് 31.

ചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല ബാക്ടീരിയ; ആശങ്ക ഉയരുന്നു
ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തിൽ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം നാലാം തീയതിയാണ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ആകെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഐഡിയൽ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിച്ചതോടെയാണ് ഇപ്പോഴത്തെ നിർണായക കണ്ടെത്തൽ. നേരത്തെ ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന് വിഷബാധയുണ്ടായതിന് പിന്നാലെ ഭക്ഷ്യ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ നിന്നുള്ള ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്താകെ പാറിപറന്ന് വേനൽതുമ്പികൾ


നാടും നഗരവും കീഴടക്കി ബാലസംഘം വേനൽതുമ്പികൾ പര്യടനം തുടരുന്നു.
രണ്ട് വർഷത്തെ കോവിഡ് അടച്ചിടലിന് ശേഷം ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലസംഘത്തിന്റെ വേനൽതുമ്പികൾ പറന്ന് കളിക്കുന്നു. സംസ്ഥാനത്താകമാനം കലാപരിപാടികൾ അവതരിപ്പിക്കുകയാണ്. കണ്ണൂർ ജില്ലയിൽ 18 ഏരിയാ ട്രൂപ്പുകളുടെ നേതൃത്വത്തിൽ 260 കേന്ദ്രങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്. പരമ്പരാഗത കലാപരിപാടികളിൽ നിന്ന് മാറി ന്യൂജെൻ പാട്ടും കളിയുമായാണ് വേനൽ തുമ്പികൾ പാറി നടക്കുന്നത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ നിന്നും ഇരിട്ടി പരിക്കളത്ത് നടന്ന ജില്ലാ ക്യാമ്പിൽ നിന്നും നടന്ന പരിശീലനത്തിൽ നിന്നാണ് ഏരിയാതല പരിശീലകരെ തെരഞ്ഞെടുത്തത്. ബാലസംഘം ജില്ലാ പ്രസിഡന്റ് പ്രശാഖും പ്രസിഡന്റ് ഐശ്വര്യയും കൺവീനർ അഴീക്കോടൻ ചന്ദ്രനും നേതൃത്വം നൽകിയാണ് വേനൽതുമ്പികൾ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

Most Read

  • Week

  • Month

  • All