പ്രധാന വാർത്തകൾ
ഉപതെരഞ്ഞെടുപ്പിൽ കുതിച്ച് എൽഡിഎഫിന് കുതിപ്പ് 4 ഇടത്ത് ജയം, 9 യുഡിഎഫ്, ബിജെപി സീറ്റുകൾ പിടിച്ചെടുത്തു
പകർച്ചവ്യാധി പ്രതിരോധം: മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി
എല്ലാ താലൂക്കുകളിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കും: മന്ത്രി ജി ആർ അനിൽ
സ്‌കൂൾ തുറക്കൽ- മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ നിർദേശം
പ്രാദേശിക പദ്ധതികൾ മെച്ചപ്പെടുത്താൻ ജില്ലാ റിസോഴ്‌സ് സെന്റർ; ആദ്യ യോഗം ചേർന്നു
കെഎസ്ആർടിസിക്ക് 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി
ഗുജറാത്തിൽ ഫാക്ടറിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണു; 12 തൊഴിലാളികൾ മരിച്ചുവ്യാപകമാവുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തും: മുഖ്യമന്ത്രി
ജൂണോടെ ആയിരം സ്മാർട്ട് റേഷൻകടകൾ വരും: മന്ത്രി ജി ആർ അനിൽ
ജില്ലയിലെ 11 കോളനികളിൽ ഇനി സഞ്ചരിക്കുന്ന റേഷൻ കട

 


വിശദമായി വാർത്തകൾ
ഉപതെരഞ്ഞെടുപ്പിൽ കുതിച്ച് എൽഡിഎഫിന് കുതിപ്പ് 4 ഇടത്ത് ജയം, 9 യുഡിഎഫ്, ബിജെപി സീറ്റുകൾ പിടിച്ചെടുത്തു

സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും വിജയിച്ചു. 20 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് 24 ലേക്ക് ഉയർന്നു. 16 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫ് 4 വാർഡുകൾ നഷ്ടപ്പെട്ട് 12 ലേക്ക് താഴ്ന്നു. ബിജെപിക്ക് ഉണ്ടായിരുന്ന 6 വാർഡുകൾ നിലനിർത്തി. ആകെ 9 വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ 7 എണ്ണം യുഡിഎഫിൽനിന്നും രണ്ടെണ്ണം ബിജെപിയിൽ നിന്നുമാണ്. 3 എൽഡിഎഫ് വാർഡുകളിൽ യുഡിഎഫും, രണ്ടിടത്ത് ബിജെപിയും ജയിച്ചു.

 

പകർച്ചവ്യാധി പ്രതിരോധം: മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടത്തുമെന്ന് മുഖ്യമന്ത്രി

മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മേയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, സാമൂഹ്യ വിലയിരുത്തൽ മുതലായവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാക്കണം. മഴക്കാലപൂർവ്വ ശുചീകരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് സൂക്ഷ്മതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 50 വീടുകൾ/ സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌കോഡുകൾ രൂപീകരിച്ച് കർമ്മ പരിപാടികൾ നടപ്പിലാക്കണം. വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതിയിൽ ഹരിതകർമ്മ സേന പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി ക്യാമ്പയിൻ പ്രവർത്തനം ഏറ്റെടുക്കണം. ഓരോ വാർഡിലെയും വീടുകൾ, സ്ഥാപനങ്ങൾ, ജലാശയങ്ങൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിലെ ശുചിത്വ മാലിന്യ പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 


സ്‌കൂൾ തുറക്കൽ- മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ നിർദേശം

സ്‌കൂൾ തുറക്കുന്ന ദിവസങ്ങളിൽ കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽകണ്ട് വാഹനം പാർക്ക് ചെയ്യാൻ അതതു സ്‌കൂളുകൾ സൗകര്യം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. റോഡരികിലും മറ്റുമായി അലക്ഷ്യമായി പാർക്കു ചെയ്യുന്നത് ഗതാഗതതടസ്സം സൃഷ്ടിക്കാൻ ഇടയാക്കും.
കുട്ടികൾ യാത്രക്കായി ഉപയോഗിക്കുന്ന വാടക വാഹനങ്ങൾ സ്‌കൂൾ പരിസരത്ത് നിർത്തിയിട്ട് ക്ലാസ്സ് കഴിഞ്ഞതിനു ശേഷം കുട്ടികളെയും കൂട്ടി തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകരുത്. സ്വകാര്യ / ടാക്സി വാഹനങ്ങൾ കുട്ടികൾ വരുന്നതുവരെ നിർത്തിയിടുകയാണെങ്കിൽ അതിനുള്ള സൗകര്യം സ്‌കൂൾ ഒരുക്കണം.
വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ മുതലായവ അപകടകരമായ നിലയിലുണ്ടെങ്കിൽ അവ മാറ്റണം. ട്രാഫിക് ഐലന്റ്, ഫുട്പാത്ത് മുതലായ സ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ബോർഡുകളോ കൊടിതോരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ നീക്കണം. വിദ്യാലയത്തിനു സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ മുതലായവ സ്ഥാപിക്കണം.
സ്‌കൂൾ ബസ്സുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വാഹനത്തിന്റെ ഫിറ്റ്നസ്സ് മുതലായവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്‌ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. സ്‌കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തണം. നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികൾ ഏതെങ്കിലും കാരണവശാൽ ക്ലാസ്സിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അദ്ധ്യാപകർ വിവരം തിരക്കണം. സ്‌കൂളിലേക്ക് പുറപ്പെട്ട് കുട്ടി സ്‌കൂളിൽ എത്തിയില്ലെങ്കിൽ അടിയന്തിരമായി അക്കാര്യം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ താലൂക്കുകളിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കും: മന്ത്രി ജി ആർ അനിൽ

കേരളത്തിലെ എല്ലാ താലൂക്കുകളിലും ഘട്ടം ഘട്ടമായി ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സ്ഥാപിക്കുന്ന ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം പയ്യന്നൂർ താലൂക്കിലെ പുല്ലുപാറയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയ സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ സംഭരണശാലകൾ നിർമ്മിക്കാൻ കഴിയാതെ വന്നു. സ്വകാര്യ മേഖലയിൽ പഴയ തിയറ്ററുകളോ കല്യാണ മണ്ഡപങ്ങളോ ആണ് ഭക്ഷ്യധാന്യ സംഭരണശാലകളാക്കി മാറ്റിയത്. ഇതു മൂലം ഉത്പന്നങ്ങൾ കേടാവുന്നതിന് പുറമെ ഒരു വർഷക്കാലം 49 കോടി രൂപ വാടകയിനത്തിൽ നൽകേണ്ടിയും വരുന്നു. തുടർന്നാണ് ഓരോ താലൂക്കിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. സംസ്ഥാന ബജറ്റിൽ പതിനാറര കോടി രൂപ ഇതിന് മാറ്റി വെച്ചിട്ടുണ്ട്. എന്നാൽ മുഴുവൻ താലൂക്കിനും ഈ തുക മതിയാവില്ല. കേന്ദ്ര കൃഷി, ഭക്ഷ്യ വകുപ്പുകൾ 20 ഭക്ഷ്യധാന്യ സംഭരണശാലകൾ നിർമ്മിക്കാൻ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നബാർഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ആലോചിച്ച് ഭക്ഷ്യധാന്യ സംഭരണശാലകൾ നിർമ്മിക്കും.താലൂക്ക് തല ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളിൽ ആദ്യത്തേതാണ് പുല്ലുപാറയിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആറ് വശങ്ങളിൽ നിന്നും ലോഡുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന വിധം ഹെക്സഗൺ ആകൃതിയിലാണ് സംഭരണശാലകൾ നിർമ്മിക്കുക.
ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാൻ 50 സെന്റ് സ്ഥലം വിട്ടുനൽകിയ പുല്ലുപാറ പൊതുജന വായനശാല ഭാരവാഹികളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി സജിത് ബാബു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വൽസല, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി തമ്പാൻ മാസ്റ്റർ, എം രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ പി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ ചന്ദ്രകാന്ത്, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ടി കെ രാജൻ, പുല്ലുപാറ പൊതുജന വായനശാല പ്രസിഡന്റ് കെ അശോകൻ, ഡെപ്യൂട്ടി കൺട്രോളർ റേഷനിംഗ് കെ മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ, വിവിധ രാഷ്ട്രീകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

പ്രാദേശിക പദ്ധതികൾ മെച്ചപ്പെടുത്താൻ ജില്ലാ റിസോഴ്‌സ് സെന്റർ; ആദ്യ യോഗം ചേർന്നു

പ്രാദേശിക പദ്ധതികളുടെ ഉള്ളടക്കവും ഗുണവും മെച്ചപ്പെടുത്താൻ സർക്കാർ നിർദ്ദേശ പ്രകാരം രൂപീകരിച്ച ജില്ലാ റിസോഴ്‌സ് സെന്ററിന്റെ പ്രഥമ യോഗം ചേർന്നു. 13 മേഖലകളിലെ 84 വിദഗ്ധരെ ഉൾപ്പെടുത്തിയാണ് റിസോഴ്സ് സെന്റർ രൂപീകരിച്ചത്.
ജില്ലാ ആസുത്രണ സമിതി ആവശ്യപ്പെടുന്ന മേഖലകളിൽ പഠനം നടത്തുക, പ്രാദേശിക അറിവുകളും സാങ്കേതിക മികവും മെച്ചെപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകുക, പ്രാദേശിക സർക്കാരുകളുടെ പദ്ധതിയും പ്രൊജക്ടുകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക, മാതൃക പ്രൊജക്ടുകളുടെ ഡോക്യുമേന്റേഷൻ നടത്തുക, പദ്ധതി രൂപീകരണത്തിന് ഡി പി സിയെ സഹായിക്കുക തുടങ്ങിയവയാണ് റിസോഴ്‌സ് സെന്ററിന്റെ ചുമതല. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം, വ്യവസായം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, വനിത-ശിശു വികസനം, ദുരന്ത നിവാരണം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ഉപസമിതികളിൽ ഉള്ളത്.
റിസോഴ്‌സ് സെന്റർ യോഗത്തിന് ശേഷം 13 ഉപസമിതികളുടെ യോഗവും നടന്നു. ഉപസമിതികൾ ജില്ലക്ക് ആവശ്യമായ പദ്ധികളുടെ റിപ്പോർട്ട് ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറി. ഇവയിൽ നിന്നും തെരഞ്ഞെടുക്കുന്ന പദ്ധിതകൾ 2022-23 വാർഷിക പദ്ധതിയിയൽ ഉൾപ്പെടുത്താൻ ആസൂത്രണ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. ഡി പി സി ഹാളിൽ നന്ന യോഗത്തിൽ കലക്ടറും റിസോഴ്‌സ് സെന്റർ ചെയർമാനുമായ എസ് ചന്ദശേഖർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി ഗംഗാധരൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡി പി സി അധ്യക്ഷയുമായ പി പി ദിവ്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

 

കെഎസ്ആർടിസിക്ക് 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി

കിഫ്ബിയിൽ നിന്നും 4 ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ വായ്പ ലഭ്യമാക്കി പുതിയ 700 സിഎൻജി ബസ്സുകൾ വാങ്ങുന്നതിന് കെഎസ്ആർടിസിക്ക് മന്ത്രിസഭാ യോഗത്തിൽ അനുമതി നൽകി.
പട്ടികജാതി - പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുവാൻ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കും.
ജില്ലാ പട്ടികജാതി വികസന ഓഫീസർ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കാണ് ചുമതല. സ്ഥലം എംഎൽഎ ചെയർമാനും പട്ടികജാതി വികസന ഓഫീസർ കൺവീനറുമായിരിക്കും.

 ഗുജറാത്തിൽ ഫാക്ടറിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണു; 12 തൊഴിലാളികൾ മരിച്ചു

ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ തകർന്നുവീണ് 12 തൊഴിലാളികൾ മരിച്ചു. 20 പേർക്ക് സാരമായി പരുക്കേറ്റു. മൂന്നുപേർകൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ മോർബി ജില്ലയിലെ ഉപ്പ് നിർമാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. ചാക്കിൽ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റൻ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേരാണ് സംഭവസമയത്തുണ്ടായിരുന്നത്.

 

വ്യാപകമാവുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തും: മുഖ്യമന്ത്രി

അടുത്തിടെ സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പോലീസ് ജില്ലാ ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പോലീസ് സ്റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം തുടങ്ങിയവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും ഏറെ മുന്നിലായിട്ടും ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യമാണ്. ഇത്തരം അബദ്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾ പലതവണ പുറത്തുവന്നിട്ടും മലയാളി വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നു എന്നത് ഗൗരവമായി പരിശോധിക്കണം. ഉത്തരേന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേര് ഉപയോഗിച്ച് പോലും വ്യാജസന്ദേശങ്ങൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നു.
ഇടക്കാലത്തായി സജീവമായ മറ്റൊരു തട്ടിപ്പാണ് ഉടനടി വായ്പ നൽകാനുള്ള ആപ്പുകൾ. പ്രത്യേകിച്ച് രേഖകൾ ഒന്നും തന്നെയില്ലാതെ വായ്പകൾ നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു. ഇതുപയോഗിച്ച്, വായ്പ എടുത്തവരേയും കോൺടാക്ട് ലിസ്റ്റിലുള്ളവരേയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടപ്പെട്ട ധാരാളം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെല്ലാം അറുതി വരുത്തുകയാണ് പുതിയ യൂനിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയവുമുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിലേക്ക് മാത്രമായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളും പുതുതായി സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് സർക്കാറിനെതിരെ ജനരോഷം ഇളക്കി വിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാവുന്ന ഒന്നും സംഭവിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ് ഫോറൻസിക് ലാബുകൾ കൂടി ഉദ്ഘാടനം ചെയ്തതേടെ 14 ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകളായി. സംസ്ഥാനത്തെ 141 പോലീസ് സ്റ്റേഷനുകളിൽ വനിത ശിശു സൗഹൃദ ഇടവും സജ്ജമായി.
ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് സ്വാഗതം പറഞ്ഞു.
പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നടന്ന പ്രാദേശിക ചടങ്ങിൽ ടിഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ വി ലളിത, കൗൺസിലർ മണിയറ ചന്ദ്രൻ, ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കെ നായർ, കെപിഒഎ സംസ്ഥാന ജേയിൻറ് സെക്രട്ടറി രമേശൻ വെള്ളോറ, കെപിഎ കണ്ണൂർ റൂറൽ സെക്രട്ടറി കെ പ്രിയേഷ് എന്നിവർ സംസാരിച്ചു.


ജൂണോടെ ആയിരം സ്മാർട്ട് റേഷൻകടകൾ വരും: മന്ത്രി ജി ആർ അനിൽ

ജൂൺ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാർട്ട് റേഷൻകടകൾ പ്രവർത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴിൽ ഗോത്രവർഗ കോളനികളിൽ ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പ്പള്ളിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലകളിലേക്കടക്കം സ്മാർട്ട് റേഷൻകടകൾ വരും. ഒരു പഞ്ചായത്തിൽ ഒരു സ്മാർട്ട് റേഷൻകടകൾ സ്ഥാപിക്കണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിശാലമായ മുറികളിൽ മെച്ചപ്പെട്ട ഭക്ഷ്യധാന്യങ്ങൾ നൽകുന്നതോടൊപ്പം എടിഎം, അക്ഷയകേന്ദ്രങ്ങൾ പോലുള്ള ജനസേവന കേന്ദ്രങ്ങളും റേഷൻകടയിലൊരുക്കുന്നതാണ് സ്മാർട്ട് റേഷൻകട കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അനിൽ പറഞ്ഞു. സംസ്ഥാനത്തെ ഒരാൾ പോലും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് സർക്കാരിന്റെ ലക്ഷ്യം. റേഷൻകടകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ അതാത് പ്രദേശത്തെ ആവശ്യക്കാർക്ക് അനുസരിച്ച് ക്രമീകരിക്കും.
അർഹരായവർക്ക് മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. ഇതുവരെ 154000 മുൻഗണനാ റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്ക് കൈമാറാനായി. 5625 കുടുംബങ്ങൾക്കു കൂടി മുൻഗണനാ റേഷൻ കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ ഇ സി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, വാർഡ് അംഗം വൽസാ ജോസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.

 


ജില്ലയിലെ 11 കോളനികളിൽ ഇനി സഞ്ചരിക്കുന്ന റേഷൻ കട

ജില്ലയിലെ 11 കോളനികളിലേക്ക് ഇനി റേഷൻ ധാന്യങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. സംസ്ഥാന സർക്കാരിന്റെ കീഴിൽ പട്ടികവർഗ കുടുംബങ്ങൾക്കു റേഷൻ ധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻ കട ജില്ലയിൽ പ്രവർത്തനം തുടങ്ങി. കോളനികളിലുള്ള കുടുംബങ്ങൾക്ക് യാത്രാക്ലേശം അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അർഹതപ്പെട്ട ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി കോളനികളിലെ വീട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പള്ളിയിൽ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു.
ജില്ലയിലെ മൂന്നു താലൂക്കുകളിലായി 11 കോളനികളിലേക്കാണ് ഇതോടെ പ്രയോജനം ലഭിക്കുക. 11 കോളനികളിലായി 458 കുടുംബങ്ങൾക്കു ആശ്വാസമാകും. ഇരിട്ടി താലൂക്കിൽ ആറളം പഞ്ചായത്തിലെ ചതിരൂർ 110, വിയറ്റ്നാം, അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കർ, കൊട്ടിയൂരിലെ കൂനംപള്ള, കേളകത്തെ രാമച്ചി പണിയ, രാമച്ചി കുറിച്യ എന്നീ കോളനികളിലേക്കും തലശ്ശേരി താലൂക്കിലെ കോളയാട് പഞ്ചായത്തിലെ പറക്കാട്, കൊളപ്പ, പാട്യത്തെ മുണ്ടയോട്, കടവ് കോളനികളിലേക്കും തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർ പഞ്ചായത്തിലെ ഏറ്റുപാറ കോളനികളിലേക്കുമാണ് ആദ്യഘട്ടത്തിൽ സഞ്ചരിക്കുന്ന റേഷൻ കട പ്രവർത്തിക്കൂക.
നിലവിൽ വാഹനങ്ങൾ വാടകക്കെടുത്താണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. അതാത് മണ്ഡലങ്ങളിലേക്കായി എംഎൽഎമാർ വാഹനം വാങ്ങാനായി ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. ജില്ലയിൽ യാത്രാബുദ്ധിമുട്ട് നേരിടുന്ന മറ്റു ഗോത്രകോളനികളിലേക്കും സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് കെ രാജീവ് അറിയിച്ചു.

 

 

Most Read

  • Week

  • Month

  • All