പ്രതിഷേധം ആളിക്കത്തിക്കാൻ കോൺഗ്രസ്സ്
സ്വന്തം ലേഖകൻ
വയനാട്
രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലേക്ക് നടതത്തിയ മാർച്ചിനെതിരെ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്സ്. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ സിപിഐഎമ്മിന്റെ നിരവധി ഓഫീസുകൾക്ക് നേരെ അക്രമം നടന്നു. ഇന്നലെ വൈകീട്ട് സംഭവം നടന്നയുടനെ എകെജി സെന്ററിലേക്ക് .യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.ട
ബഫർസോൺ വിഷയത്തിൽ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. മാർച്ചിനിടയിൽ യൂത്ത് കോൺഗ്രസുകാർ ഇടപെട്ടതോടെ സംഘടർഷാവസ്ഥയിലായി. പോലീസ് ലാത്തി വീശിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്. എന്നാൽ മാർച്ചിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത് വന്നു. ഇവിടെ മാർച്ച് നടത്തേണ്ട ഒരു കാര്യവുമില്ലെന്നാണ് ജയരാജൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടർന്ന് കൽപ്പറ്റ ടൗണിൽ പ്രതിഷേധയോഗവും നടത്തും
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, കെപിസിസി വർക്കിം?ഗ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് അടക്കമുള്ള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഇതിനായി നേതാക്കളിൽ പലരും വയനാട്ടിലെത്തി.
പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോഴിക്കോട് കോൺഗ്രസ് പ്രവർത്തകർ കമ്മിഷണർ ഓഫീസിന് മുന്നിൽ റോഡ് ഉപരോധിച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും എൽ.ഡി.എഫിന്റെ ഫ്ലക്സുകൾ നശിപ്പിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഓഫിസിലെ എസ്എഫ്ഐ ആക്രമണം: സർക്കാർ ഉന്നതതല അന്വേഷണം നടത്തും
തിരുവനന്തപുരം
രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിൽ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണചുമതല നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി
സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

മെഡിസെപ്പ് പെൻഷൻ പദ്ധതി ജൂലൈ ഒന്ന് മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 500 രൂപയാണ് പ്രതിമാസ പ്രീമിയം. പ്രതിവർഷം 4800 രൂപയും 18 % ജിഎസ്ടിയുമാണ് ഇൻഷുറൻസ് വിഹിതം. ഇതിൽ ജിഎസ്ടി സർക്കാർ നൽകും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. വർഷം 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതുവഴി ലഭ്യമാകുക. സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് ആനുകൂല്യം ലഭിക്കും. സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം. പെൻഷൻകാർക്ക് പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താനാകൂ. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ കാഷ്‌ലെസ് ചികിൽസ നൽകും.
സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജൻറ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളിലെ ഉൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സർക്കാർ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അംഗങ്ങളാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ നേരിട്ട് നിയമിച്ച പേഴ്‌സണൽ സ്റ്റാഫും ഗുണഭോക്താക്കളാകും. ആകെ 11 ലക്ഷം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെ ഏറെ നാളത്തെ ആവശ്യം കൂടിയാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.

വനിതാ ഫോറം ഇന്ന്
കണ്ണൂർ
തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായുള്ള വനിതാ ഫോറം ശനിയാഴ്ചനടക്കും. വൈകീട്ട് അഞ്ചിന് എപിജെ അബ്ദുൾ കലാം ലൈബ്രറി അങ്കണത്തിൽ നടക്കുന്ന വനിതാ ഫോറം അഡ്വ ചിത്തിര ശശിധരൻ ഉദ്ഘാടനം ചെയ്യും.

പുതുക്കിയ വൈദ്യുതിനിരക്ക് ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം
സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും. ശനി പകൽ 2.30ന് വൈദ്യുത റെഗുലേറ്ററി കമീഷൻ ചെയർമാനാണ് നിരക്കുകൾ പ്രഖ്യാപിക്കുക. പുതിയ നിരക്ക് നിരക്കുവർധന ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമീഷന് നിർദേശം നൽകിയിരുന്നു.
പൊതുജനങ്ങളിൽനിന്നടക്കം അഭിപ്രായങ്ങൾ തേടിയാണ് കമീഷൻ അന്തിമനിരക്കുകൾ നിശ്ചയിച്ചത്. കെഎസ്ഇബി ആവശ്യപ്പെട്ട അത്രയും വർധന കമീഷൻ അനുവദിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിമാസം വൈദ്യുതിബിൽ ലഭിക്കുന്നവർക്ക് പുതുക്കിയ നിരക്കുപ്രകാരമുള്ള ബിൽത്തുക ആഗസ്തിലെ ബില്ലിലാകും പ്രതിഫലിക്കുക. ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് സെപ്തംബറിലുമായിരിക്കും.

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് വിമാനം
കൊച്ചി
രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് വിമാനയാത്ര അവതരിപ്പിക്കുന്നു. സർവീസിന് തുടക്കം കുറിച്ചുള്ള ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വൈകീട്ട് 8:05ന് (പ്രാദേശിക സമയം) പുറപ്പെട്ട് 10:40ന് (പ്രാദേശിക സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
റിട്ടേൺ വിമാനംഅബുദാബിയിൽ നിന്നും രാത്രി 11:40ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 5:10ന് (പ്രാദേശിക സമയം) കൊച്ചിയിലെത്തും. കൊച്ചിക്കും അബുദാബിക്കും ഇടയിൽ ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. ആകർഷകമായ 15793 രൂപയുടെ റിട്ടേൺ നിരക്കിൽ ബുക്കിങ് ആരംഭിച്ചു. മിഡിൽ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകൾ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുക.
കൊച്ചി-അബുദാബി റൂട്ടിൽ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ ബ്ലൂ കോളർ ജോലിക്കാർക്ക് മാത്രമല്ല വേനൽ അവധിക്ക് യുഎഇയും കേരളവും സന്ദർശിക്കാൻ ആലോചിക്കുന്ന യാത്രക്കാർക്കും ഉപകാരപ്രദമാകും.
അബുദാബി ഒരു യാത്രാ കേന്ദ്രം മാത്രമല്ല. യുഎഇയുടെ തലസ്ഥാനം കൂടിയായ അബുദാബി ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്. ആഡംഭര വെക്കേഷനുള്ള ഏറ്റവും മികച്ച കേന്ദ്രം കൂടിയാണ്.മൊബൈൽ ആപ്പ് ഉപയോഗിച്ചും യാത്രക്കാർക്ക് ബുക്ക് ചെയ്യാം.
മിഡിൽ ഈസ്റ്റിലെ തങ്ങളുടെ കണക്റ്റീവിറ്റി ശക്തിപ്പെടുത്തികൊണ്ട് കേരളത്തിനും അബുദാബിക്കും ഇടയിൽ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.

ഇലക്ട്രിക് ബസുകളെത്തി, കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ഇനിയും ഉഷാറാവും
തിരുവനന്തപുരം
നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്.
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായതായി ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക്കിലേക്ക് മാറ്റും. ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്ററാണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടി ശനിയാഴ്ച എത്തിച്ചേരും. ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഡീസൽ ബസുകൾക്ക് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാവും ചെലവ്. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ദിനംപ്രതിയുണ്ടായിരുന്ന 1000 യാത്രക്കാർ 28,000 ആയി വർധിച്ചത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സിഎൻജിക്ക് വിലവർദ്ധിച്ചത്. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു. 27 ന് നടത്താനിരുന്ന കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചർച്ച 29 ന് നടത്തുമെന്നും കെഎസ്ആർടിസിയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.


യോഗ കായിക സംസ്‌കാരമാകണം

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ രാജ്യമാകെ നടന്നു. യോഗയെ ആത്മീയമായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. മതനിരപേക്ഷ കാഴ്ചപ്പാടും മാനവിക മൂല്യവും ഉയർത്തിപ്പിടിക്കുന്ന യോഗ ശാസ്ത്രത്തിന്റെ സംഭാവനകൾ ലോകത്തെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 'യോഗമനുഷ്യത്വത്തിന് വേണ്ടി' എന്ന സന്ദേശമുയർത്തി എട്ടാമത് അന്തർദേശീയ യോഗദിനം ആചരിച്ചത്. യോഗ ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന ആശയ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് അഹിംസയും ദയയും. അഹിംസയുടെ വേരിന്റെ അറ്റം ചെന്നെത്തിച്ചേരുന്നത് മനുഷ്യത്വത്തിലേക്കാണ്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും കൊന്നൊടുക്കുകയും ചെയ്യുന്ന ആശയങ്ങൾക്കെതിരെയുള്ള ബദൽ സന്ദേശങ്ങളാണ് യോഗ ശാസ്ത്രത്തിലൂടെ മനുഷ്യമനസ്സിൽ ഉരുത്തിരിയുന്നത്.
സാമൂഹ്യ അച്ചടക്കത്തിന് വേണ്ടിയുള്ള മനുഷ്യ കുലത്തിന്റെ നിരന്തര ശ്രമത്തിന്റെ ഉൽപ്പന്നമാണ് യോഗാഭ്യാസ മുറകൾ. മനസ്സിന്റെയും ശരീരത്തിന്റെയും അസ്വസ്ഥതകൾക്കുള്ള പരിഹാരം തേടിയാണ് ജനങ്ങൾ യോഗയെ പ്രാപിക്കുന്നത്. യോഗ ഒരനുഭവ പദ്ധതിയാണ്. അത് സുഖകരമായ ഒരു നീന്തൽ പോലെയാണ്. വെള്ളത്തിലിറങ്ങി പരിശീലിക്കുന്നവനേ ആ സുഖം അനുഭവിക്കാനാകൂ. കരയിൽനിന്ന് നോക്കി ആ അനുഭവം ആസ്വദിക്കാനാകില്ല എന്നുപറയുന്നത് പോലെയാണത്. അഭ്യാസം ചെയ്യാത്ത ഒരുവന് അതിന്റെ ഗുണദോഷങ്ങളെ ചൂണ്ടിക്കാണിക്കാനാകില്ല.
ശ്വാസോച്ഛ്വാസത്തിന്റെ വേഗത് കുറച്ച് ശാരീരിക അവയവങ്ങളെ വിവിധ ദിശകളിലേക്ക് സാവധാനം ചലിപ്പിക്കുന്ന യോഗാഭ്യാസരീതികൾ മനുഷ്യന്റെ ശ്വസന രക്ത ചംക്രമണ വ്യവസ്ഥകളെ കാര്യക്ഷമമാക്കുമെന്നും അതുവഴി മറ്റ് ശാരീരിക വ്യവസ്ഥകളെ പുഷ്ടിപ്പെടുത്തുമെന്നുമുള്ള ഋഷിമാരുടെ കണ്ടെത്തലുകളാണ് യോഗ ശാസ്ത്രത്തെ സ്വീകാര്യമാക്കുന്നത്. മനുഷ്യൻ അമിതമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സമയത്ത് ശ്വാസത്തിന്റെ വേഗത ക്രമാതീതമായി ഉയരുമെന്ന് കണ്ടെത്തിയ ഋഷിമാർ ശ്വാസോച്ഛ്വാസത്തിലെ വേഗത കുറയ്ക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാം എന്ന പ്രായോഗിക ആശയം മുന്നോട്ട് വയ്ക്കുകയാണുണ്ടായത്. യോഗ ഹൃദയത്തിന്റെയും രക്തവാഹിനികളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായകരമാണെന്ന് അമേരിക്കയിലെ ഡോക്ടർ ഡേവിഡ് കൗട്‌ലർ തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഇളംതലമുറകളിൽ വളർന്നുവരുന്ന മൃഗീയ വാസനകളും അമിതാസക്തിയും അരാജകത്വ ജീവിത രീതികളും കുറച്ചുകൊണ്ടുവരുന്നതിന് യോഗവഴി കഴിയും. യോഗയെ കായിക സംസ്‌കാരമായി വളർത്തിയെടുത്ത് ഇത്തരം തമസ്‌കരണ രീതികളിൽനിന്ന് വിദ്യാർഥികളെയും യുവജനങ്ങളെയും മോചിപ്പിക്കുന്നതിന് സാധിക്കേണ്ടതുണ്ട

അക്കായി ഒരു ന്യൂ ജനറേഷൻ ഫലവർഗ്ഗം.
രവീന്ദ്രൻ തൊടീക്കളം
അരിക്കേസി സസ്യകുടുംബാംഗമായ ഒരു ഉഷ്ണമേഖലാ വിള കാഴ്ചയിൽ കവുങ്ങ് പോലെ തന്നെ. ധാരാളം പോഷകങ്ങൾ അടങ്ങിയത്. ഇത്‌കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരും. കൂടുതൽ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന വിളയാണിത്. കാൽസ്യം.വിറ്റാമിനുകൾ,കാർബോഹൈഡ്രേറ്റ്, ഊർജ്ജം തുടങ്ങി ഒട്ടേറെ പോഷകങ്ങളുടെ കലവറ. നൂറ് ഗ്രാം പൊടിയിൽ 533 . 9 കലോറി ഊർ ഞ്ജം അടങ്ങിയിരിക്കുന്നു. എൽ.ഡി. കൊളസ്‌ട്രോൾ കുറക്കുന്നതിനും , ട്യൂമർ , കാൻസർ എന്നിവ പ്രതിരോധിക്കുന്നതിനും ഇത് സഹായിക്കുന്നു. മൂല്യവർദ്ധിത ഉൽപ്ന്നമായ അക്കായി ഓയലിനും വൻ ഡിമാന്റ് തന്നെ.
കൃഷി രീതി.
നല്ല സൂര്യപ്രകാശവും നീർവാർച്ചയും ജൈവ സമ്പന്നവുമായ മണ്ണിൽ രണ്ടടി ആഴം ,വീതി, നീളത്തിൽ കുഴികളെടുത്ത് പത്ത് കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണിട്ട് മൂടിയ ശേഷം തൈകൾ നടാം. വിത്തുപാകി മുളപ്പിച്ച തൈകളാണ് സാധാരണയായി നടാൻ ഉപയോഗിക്കുന്നത്. കാറ്റത്ത് ആടി ഉലയാതിരിക്കുവാൻ കമ്പ് നാട്ടി ചെടിയെ കെട്ടിവെക്കണം വേനലിൽ ജലസേചനവും മറ്റ് പരിചരണമുറകളും കൃത്യമായി കൊടുക്കണം.
നന്നായി പരിപാലിച്ചാൽ നാലാം വർഷം കായക്കും , വർഷം മുഴുവൻ കായ്ക്കുമെങ്കിലും മഴക്കാലം വിളവെടുപ്പിന് അനുയോജ്യമല്ല. ജനുവരി മുതൽ ജൂൺ വരെയും ആഗസ്ത് മുതൽ ഡിസംമ്പർ വരെയുമുള്ള കാലങ്ങളിൽ വിളവെടുക്കാം. ഇരുപത്തിയഞ്ച് മീറ്റർ വരെ ഉയരത്തിലെത്തുന്ന ഈ പന വർഗ്ഗത്തിന്റെ ശാഖകളും ശിഖിരങ്ങളും മൂന്ന് മീറ്റർ വരെ വ്യാപിച്ചു കിടക്കും. കായകൾ അക്കായി ബെറിയെന്ന പേരിലാണ് അറിയപ്പെടുന്നത്. കറുത്ത മുന്തിരി പോലുള്ള കായകൾ ഒരു കുലയിൽ 500 മുതൽ 800 വരെ എണ്ണം കാണും. പഴങ്ങൾ നേരിട്ട് കഴിക്കാം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമുണ്ടാക്കാം.

ഗ്രാമീണ വായനശാലക്ക് പുസ്തകങ്ങൾ നൽകി


നായാട്ടുപാറ
കുന്നോത്ത് ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിനുള്ള പുസ്തക ശേഖരണത്തിന് വി സുരേഷ് ബാബു 5000 രൂപയുടെ പുസ്തകം സംഭാവന നൽകി. സിപിഐഎം പട്ടാന്നൂർ സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായ സുരേഷ് ബാബുവിൽ നിന്ന് വായനശാല പ്രസിഡണ്ട് വി കെ രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി,. ലൈബ്രറി കൗൺസിലിൽ അഫലിയേറ്റ് ചെയ്യുന്നതിനാവശ്യമായ പുസ്തകങ്ങളാണ് വായനശാലാ പ്രവർത്തകർ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിക്കുന്നത്. കഴിഞ്ഞ വായനാദിനത്തിലാണ് ഗ്രാമീണ വായനശാല പ്രവർത്തനം ആരംഭിച്ചത്. പുസ്തകങ്ങൾ സംഭാവന നൽകണമെന്ന് വായനശാല ഭാരവാഹികൾ അഭ്യർത്ഥിച്ചു.

രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്

തളിപ്പറമ്പ്:
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒടുവള്ളിത്തട്ട് സാമുഹികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച ആരോഗ്യ മേളയിൽ ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബി ഡി കെ താലൂക്ക് പ്രസിഡന്റ് മൻസൂർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ മുഖ്യാതിഥിയായി. ബി ഡി കെ ജില്ലാ പ്രസിഡന്റ് വി പി സജിത്ത്, എയ്ഞ്ചൽസ് വിംഗ് ജില്ലാ പ്രസിഡന്റ് സിനി ജോസഫ്, അനൂപ് സുശീലൻ, നീന ഐവിയറ്റ്, ശ്രീജേഷ് മൊറാഴ, റഷീദ് നെടുവോട്, സലീം പടപ്പേങ്ങാട്, ഷിജിൽ മാമ്പ, സലീഷ്യ റോസ് തോമസ്, സവിത മനോജ്, പ്രസീത അജേഷ്, സോണി സിബി എന്നിവർ സംസാരിച്ചു. ശരണ്യ തെക്കീൽ സ്വാഗതവും പി.വി ശ്രുതി നന്ദിയും പറഞ്ഞു.

'സ്‌കൂൾവിക്കി' പുരസ്‌കാരം: ജില്ലയിൽ ഒന്നാം സ്ഥാനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന്

കണ്ണൂർ
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളിൽ ജില്ലാ തലത്തിൽ ഒന്നാം സമ്മാനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിന്. ജി യു പി എസ് മുഴക്കുന്ന്, എൻ എ എം എച്ച് എസ് എസ് പെരിങ്ങത്തൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
15000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയ കൈറ്റ് ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.
ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 24 വിദ്യാലയങ്ങൾക്കും കൈറ്റ് പ്രശംസാപത്രം നൽകും.

 

 

 

 

Most Read

  • Week

  • Month

  • All