കേരള ഖരമാലിന്യ പരിപാലന പദ്ധതി; ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി ചർച്ചനടത്തി

 

 

തിരുവനന്തപുരം> കേരള ഖരമാലിന്യ പരിപാലന പദ്ധതി സംബന്ധിച്ച്  ലോകബാങ്ക് പ്രതിനിധി സംഘവുമായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്‌ച‌ നടത്തി. ലോകബാങ്ക് പ്രാക്‌ടീസ് മാനേജർ മെസ്‌‌കെരം ബ്രഹനെ, സീനിയർ അർബൻ ഇക്കണോമിസ്റ്റ് ആൻഡ് ടാസ്‌ക് ടീം ലീഡർ ഷിയു ജെറി ചെൻ, അർബൻ കൺസൾട്ടന്റ് റിദിമാൻസാഹ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡയറക്‌ടർ മിർ മുഹമ്മദ്, ജോയിന്റ് ഡയറക്‌ടർ യു വി ജോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.  മാലിന്യസംസ്‌കരണത്തിന്റെ ലോകമാതൃകയാക്കി ഖരമാലിന്യ പരിപാലന പദ്ധതിയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലനത്തിനും സംസ്കരണത്തിനുമായി തദ്ദേശ സ്ഥാപന തലങ്ങളിലും മേഖലാ തലങ്ങളിലും വിവിധ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കും. പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ച് ഓരോ നഗരസഭകളും തയ്യാറാക്കുന്ന സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റർ പ്ലാന് ആവശ്യമായ സാങ്കേതിക സഹായം നൽകും. ഇതിലൂടെ സാങ്കേതികമായും സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമായ ഖരമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ വികസിപ്പിക്കുവാനും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുവാനും സാധിക്കും

പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതുമായി ആദ്യഘട്ട ഗ്രാന്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളിൽ ആ ഭൂമി വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും ആദ്യഘട്ടത്തിൽ ആരംഭിച്ചിട്ടുണ്ട്.

നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്‌ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് സാമ്പത്തിക സഹായത്താൽ കേരള സർക്കാർ വിഭാവനം ചെയ്‌ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ആറുവർഷമാണ് പദ്ധതി കാലയളവ്. ഏകദേശം 2300 കോടി രൂപയാണ് പദ്ധതി അടങ്കൽ തുക.

തെങ്ങ് കടപുഴകി തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

 

പേരാമ്പ്ര> തൊഴിലുറപ്പ് ജോലിക്കിടെ ഉണങ്ങിയ തെങ്ങ് കടപുഴകി തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11.30ന് വീടിന് തൊട്ടടുത്ത കണിയാം കണ്ടി മീത്തൽ പറമ്പിൽ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് തലയിൽ തെങ്ങ് കടപുഴകി വീണത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഞായർ ഉച്ചക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: രാജൻ പിള്ള. മക്കൾ: ഷീബ, ഷീബേഷ്. മരുമകൻ: ഗംഗൻ (പാലേരി).

 


വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന; 40 യൂണിറ്റ് വരെയുള്ളവർക്ക് സൗജന്യ നിരക്ക്

വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് . പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വർധനയില്ല. അടുത്ത ഒരു വർഷത്തേക്കുള്ള നിരക്ക് വർധനയാണ് പ്രഖ്യാപിച്ചത്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. 51 മുതൽ 100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 25 പൈസയുടെ വർധനയുണ്ടാകും.
അനാഥാലയം, അങ്കണവാടി, വൃദ്ധസദനം എന്നിവിടങ്ങളിൽ നിരക്ക് വർധനയില്ല. മാരക രോഗികളുള്ള വീടുകൾക്കുള്ള ഇളവ് തുടരും. പെട്ടിക്കടകൾക്ക് കൂടുതൽ ആനുകൂല്യങ്ങളും റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. പുതുക്കിയ വൈദ്യുതിനിരക്ക് ജൂലൈമുതൽ പ്രാബല്യത്തിൽവരും.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് മാർച്ച് പ്രതിഷേധം വ്യാപകം, സംസ്ഥാനത്താകെ കലാപത്തിന് ശ്രമം, ദേശാഭിമാനി വയനാട് ബ്യൂറോ തകർത്തു
എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ കൽപ്പറ്റയിൽ കോൺഗ്രസ് റാലി. റാലിക്കിടെ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.
രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവർത്തകർ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവയ്ച്ചതോടെയാണ് പ്രവർത്തകർ പിന്തിരിഞ്ഞത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകർത്ത എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കും. സിപിഐഎം എസ്എഫ്ഐയെ തള്ളിപ്പറയുന്നത് വിരോധാഭാസവും മുഖം രക്ഷിക്കാനുള്ള നടപടിയുമാണ്. സിപിഐഎം തിരക്കഥ പ്രകാരമാണ് നിലവിലെ പൊലീസ് നടപടി. പ്രതിപട്ടികയിലുള്ളവരെ രക്ഷിക്കാൻ നിയമസഹായം ഉറപ്പാക്കിയ ശേഷമാണ് പാർട്ടി അക്രമത്തെ അപലപിക്കുന്നത്. സുധാകരൻ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്താകമാനം കലാപത്തിനുള്ള ശ്രമമാണ്. വിവിധ ജില്ലകളിൽ കലക്‌ട്രേറ്റ് മാർച്ചിൽ അക്രമം ഉണ്ടായി. പോലീസിന് നേരെ വ്യാപക അക്രമമാണ് ഉണ്ടായത്.


മര്യാദക്ക് ഇരുന്നോളണം ഇല്ലേൽ ഇറക്കിവിടും' മാധ്യമപ്രവർത്തകരോട് കയർത്ത് വി ഡി സതീശൻ

വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശനിയാഴ്ച രാവിലെ വയനാട് ഡിസിസി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനുനേരരെ ഉണ്ടായ ആക്രമണത്തിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ വിദ്യാർഥികൾ തകർത്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ സംഘർഷശേഷം ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും ലൈവ് നൽകിയ വാർത്തയിൽ ഓഫീസിന്റെ ചുമരിൽ ഗാന്ധിജിയുടെ ഫോട്ടോ ഉണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. ദേശാഭിമാനിയുടെയും കൈരളിയുടെയും പേര് എടുത്തുപറഞ്ഞ് അധിക്ഷേപിച്ചു. മര്യാദക്ക് ഇരുന്നോളണമെന്നും ഇല്ലെങ്കിൽ വാർത്താസമ്മേളനത്തിൽനിന്ന് ഇറക്കിവിടുമെന്നും പറഞ്ഞു. തുടർന്ന് വാർത്താസമ്മേളനം അവസാനിപ്പിച്ചു. പിന്നീട് ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ സംസാരിക്കുമ്പോൾ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെ എംഎൽഎമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇറക്കിവിട്ടു.

 

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ച് കോൺഗ്രസ്

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്ക് മാലയിട്ട് സ്വീകരണം നൽകി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരെയാണ് കണ്ണൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകിച്ചത്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതരായ ഇവരെ നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകിയിരുന്നു.
കെ സുധാകരന്റെ അടുത്ത അനുയായികളാണ് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളായ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ. ഫർസിൻ മജീദ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. എടയന്നൂരിൽ സി പി ഐ എം പ്രവർത്തകരെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് . മുട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായിരുന്ന ഇയാളെ പിന്നീട് സസ്പെന്റ് ചെയ്യുകയായിരുന്നു.

 


നിർത്തിവെച്ച കെ എസ് ആർ ടി സി ബസ് സർവീസുകൾ പുനരാരംഭിക്കും

കൊവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവീസുകൾ കെ എസ് ആർ ടി സി പുനസ്ഥാപിക്കും. ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിടിഒ ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്ത് നിർത്തിയ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കാസർകോട് ഭാഗത്തേക്കുമുള്ള രാത്രികാല കെ എസ് ആർ ടി സി സർവ്വീസുകൾ എത്രയും വേഗം പുനഃസ്ഥാപിക്കും. പയ്യന്നൂർ-പഴയങ്ങാടി-കണ്ണൂർ റൂട്ടിലും കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കും. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി യൂണിറ്റുകളിൽ നിന്നും വരുമാനം ലഭിക്കുന്ന സർവ്വീസുകൾ പുനസ്ഥാപിച്ചിട്ടുണ്ടെന്ന് കെ എസ് ആർ ടി സി അറിയിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ സജീവമാക്കാൻ ആർ ടി ഒക്ക് യോഗം നിർദേശം നൽകി. സ്വകാര്യ ബസുകൾക്ക് ഉൾനാടൻ സർവീസുകൾ ആരംഭിക്കാൻ റൂട്ട് പെർമിറ്റുകൾ നൽകുന്നത് അടിയന്തിരമായി തീരുമാനിച്ച് റിപ്പോർട്ട് ചെയ്യാൻ ആർടിഒക്ക് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിർദേശം നൽകി. വിദ്യാർഥികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാപ്രശ്നം പരിഗണിച്ചാണിത്.
പതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.


പുതിയതെരുവിൽ കുടുംബശ്രീ വിപണന കേന്ദ്രം ആരംഭിച്ചു

കുടുംബശ്രീ സംരംഭകരുടെ സ്ഥിരം വിപണന കേന്ദ്രം എന്ന ലക്ഷ്യവുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് പുതിയതെരുവിൽ മാർക്കറ്റിംഗ് കിയോസ്‌ക് ആരംഭിച്ചു. കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയതെരു മാർക്കറ്റിൽ ഒൻപതു വർഷമായി അടഞ്ഞുകിടക്കുന്ന പഞ്ചായത്തിന്റെ കെട്ടിടം അഞ്ച് ലക്ഷം രൂപ ചെലവിൽ നവീകരിച്ചാണ് വിപണന കേന്ദ്രം തുടങ്ങിയത്.
ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷയായി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനിൽ കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എൻ ശശി, കെ വത്സല, ടി കെ മോളി, വാർഡ് അംഗങ്ങളായ റീന അനിൽ, ടി എം സുരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ഷിബു കരുൺ, സിഡിഎസ് അധ്യക്ഷ കെ പി സാജിത, എം സുർജിത്, എം പി ശിഖ എന്നിവർ പങ്കെടുത്തു.

നഗര പ്രദേശങ്ങളിലെ ശുചി മുറികൾ തുറന്ന് കൊടുക്കണം വനിതാ ഫോറം


നഗര പ്രദേശങ്ങളിലെ ശുചിമുറികൾ തുറന്ന് കൊടുക്കാനും വൃത്തിയായി സൂക്ഷിക്കണമെന്നും എപിജെ അബ്ദുൾ കലാം ലൈബ്രറിയുടെ വനിതാ ഫോറം ആവശ്യപ്പെട്ടു. ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി കോർപ്പറേഷൻ കൗൺസിലർ അഡ്വ ചിത്തിര ശശിധരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി ചെയർപേഴ്‌സൺ ഇ ബീന അധ്യക്ഷയായി. അഡ്വ വിമലകുമാരി, വി കെ ആഷിയാന, ടിവി ത്രിവേണി, കെ സമീറ, സി വിജിന, പി കെ ബൈജു, കെ ജയരാജൻ, പിവി ദാസൻ, സിഎച്ച് ഗംഗാധരൻ എന്നിവർ സംസാരിച്ചു.
വനിതാ വേദി ചെയർപേഴ്‌സണായി ഇ ബിനയും വൈസ് ചെയർപേഴ്‌സണായി അഡ്വ വിമലകുമാരി, സെക്രട്ടറി കെ കമല, ജോ സെക്രട്ടറി കെ സമീറ എന്നിവരെയും വനിതാ യൂത്ത് വിംഗ് ചെയർപേഴ്‌സണായി അഡ്വ ചിത്തിര ശശിദരൻ, വൈസ് ചെയർപേഴ്‌സൺ ടിവി ത്രിവേണി, സെക്രട്ടറി വി കെ ആഷിയാന അഷ്‌റഫ്, ജോ സെക്രട്ടറി സി വിജിന എന്നിവരെയും തെരഞ്ഞെടുത്തു.

കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ 81 കേന്ദ്രങ്ങളിൽ ചലച്ചിത്രോൽസവം

കുടുംബശ്രി 25ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രി ജില്ലാ മിഷന്റെയും സിഡിഎസിന്റെയും ചലച്ചിത്ര അക്കാദമിയുടെയും നേതൃത്വത്തിൽ
സിഡിഎസ് കേന്ദ്രങ്ങളിൽ ജില്ലയിൽ 81 കേന്ദ്രങ്ങളിൽ രാജ്യാന്തര ചലച്ചിത്രോൽസവം നടക്കും.
സ്ത്രീപക്ഷ സിനിമകളാണ് പ്രദർശിപ്പിക്കുക. കൂടെ പുസ്തകോൽസവവും നടത്തും. ജൂൺ 29ന് തലശേരിയിൽ നിന്ന് സിനിമാ പ്രദർശനം ഉദ്ഘാടനം ചെയ്യപ്പെടും.

 

   

 

Most Read

  • Week

  • Month

  • All