അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടി ബുധനാഴ്ച ജില്ലയിൽ പ്രവേശിക്കും. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാംമത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടി ബുധനാഴ്ച ജില്ലയിൽ പ്രവേശിക്കും. ചൊവ്വാഴ്ച കാസർഗോഡ് ഗവ. കോളേജിൽ പകൽ രണ്ടിന് വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും. ബുധനാഴ്ച രാവിലെ പത്തിന് പയ്യന്നൂർ ഗവ. ബോയ്‌സ സ്‌കൂളിലും വൈകീട്ട് 5.30ന് കണ്ണൂർ ടൗൺ സ്‌ക്വയറിലും സ്വീകരണം നൽകും. 17ന് രാവിലെ പത്തിന് തലശേരി ക്രൈസ്റ്റ് കോളേജിലും വൈകീട്ട് അഞ്ചിന് ചൊക്ലി മഠപ്പുര പ്രദേശത്തും പരിപാടി നടക്കും. മുൻ വര്ഷങ്ങളിൽ സുവർണ ചകോര ലഭിച്ച സിനിമകൾ പ്രദർശിപ്പിക്കും.
ടൗൺ സ്‌ക്വയറിൽ പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതിയായി. എപിജെ ലൈബ്രറിയിൽ നടന്ന യോഗത്തിൽ ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്റർ പി കെ ബൈജു, ക്യൂബ് ഫിലീം സൊസൈറ്റി സെക്രട്ടറി കെ പി രഘുനാഥൻ, രാജീവൻ കാട്ടാമ്പള്ളി, കെ ശാന്തകുമാർ, പി കെ വൽസരാജ, പി ദേവദാസൻ ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ
ബാലകൃഷ്ണൻ കൊയ്യാൽ(ചെയർമാൻ), പി കെ ബൈജു (കൺവീനർ)

നെഹ്റു ഫാസിസ്റ്റുകളുമായി സന്ധി ചെയ്തു: കെ സുധാകരൻ

വർഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർ ലാൽ നെഹ്റു സൻമനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് നേതാവ് ശ്യാം പ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ മന്ത്രിയാക്കിയത് അങ്ങനെയാണ്. കോൺഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി.
അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നൽകിയതും ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്റുവിന്റെ ജൻമദിനത്തോടൊനുബന്ധിച്ച് കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സിൽ സുധാകരൻ കുറ്റപ്പെടുത്തി.
താൻ ആർഎസ്എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചിൽ വിവാദമായ സാഹചര്യത്തിലാണ് നെഹ്റുവിനെ ചാരിയുള്ള ന്യായവാദം. താൻ മാത്രമല്ല, നെഹ്റുവും ആർഎസ്എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ് മതേതരവാദിയായ നെഹ്റുപോലും കോൺഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നത്. ഇങ്ങനെ കോൺഗ്രസിന്റെ നിരവധി മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ് ആദ്യ നെഹ്റു മന്ത്രിസഭയിൽ ശ്യാംപ്രസാദ് മുഖർജിയെ ഉൾപ്പെടുത്തിയത്. എന്നാൽ അതിന്റെ പഴി മുഴുവൻ നെഹ്റുവിന് ചാർത്തിക്കൊടുക്കുകയാണ് സുധാകരൻ.

സുധാകരന് ആർഎസ്എസ് വിധേയത്വം; കോൺഗ്രസിനെ നയിക്കുന്നത് സംഘപരിവാർ കൂടാരത്തിലേക്ക്: സിപിഐ എം

കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് വിധേയത്വം തിരിച്ചറിയണമെന്നും കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിന്റെ കൂടാരത്തിൽ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് കരാറെടുത്തു എന്നതിന്റെ തെളിവാണ് സുധാകരന്റെ പ്രസ്താവനകളെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.
ഇക്കാര്യത്തിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം. ആർഎസ്എസുമായി താൻ ചർച്ച നടത്തിയിട്ടുണ്ട് എന്ന കാര്യം അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആർഎസ്എസിന്റെ ശാഖകൾക്ക് സംരക്ഷണം നൽകി എന്ന കാര്യവും കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇത്തരം ആർഎസ്എസ് അനുകൂല നിലപാടുകൾ തിരുത്തുന്നതിന് പകരം ജവഹർലാൽ നെഹറുവിനെ പോലും വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുമായി സഖ്യമുണ്ടാക്കിയ നേതാവ് എന്ന് ചിത്രീകരിച്ച് തന്റെ നിലപാടുകളെ ന്യായീകരിക്കാനാണ് സുധാകരൻ വീണ്ടും പരിശ്രമിക്കുന്നത്.
സ്വയം ബിജെപിയിലേക്ക് ചേക്കേറുന്ന ശ്രമത്തെക്കാൾ കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റുന്നതിനുള്ള ആശയ പരിസരം സൃഷ്ടിക്കാനാണ് യഥാർത്ഥത്തിൽ സുധാകരൻ ശ്രമിക്കുന്നത്. ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോൾ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഈ അപകടം തിരിച്ചറിയാൻ കോൺഗ്രസിനെ ഇപ്പോഴും പിന്തുണയ്ക്കുന്ന മതനിരപേക്ഷ നിലപാടുള്ളവരും വർഗ്ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും തയ്യാറാകണമെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.

വൺ ലോക്കൽ വൺ ഐഡിയ ജില്ലാ റിസോഴ്‌സ് പരിശീലനം പൂർത്തിയായി

ഒരു തദേശ സ്ഥാപനം ഒരു നൂതന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നഗരസഭാ റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകി. 25 വർഷത്തെ ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങളും പരിമിതികളും കണ്ടെത്തി പുത്തൻ ആശയം നടപ്പാക്കുകയാണ് ലക്ഷ്യം. പുത്തൻ ആശയങ്ങൾക്കും സംരഭങ്ങൾക്കും ഉയർന്ന് വരാനുള്ള തലം ഒരുക്കുകയാണ് പദ്ധതിയിൽ കൂടി സംഘടിപ്പിക്കുന്നത്.
കേരള ഡവലപ്പ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്‌ട്രേറ്റജിക്ക് കൗൺസിൽ(കെ ഡിസ്‌ക്) മുഖേന പ്രദേശികതലത്തിൽ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. പുത്തൻ സാങ്കേതിക വിദ്യകളെ പൊതുവികസന ഭരണ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് വൺ ലോക്കൽ വൺ ഐഡിയ നടപ്പാക്കുക.
ശിഷക് സദനിൽ നടന്ന പരിശീലനം അസി. ഡവലപ്പ്‌മെന്റ് കമമീഷണർ അഭ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. കില ജില്ലാ കോർഡിനേറ്റർ പിവി രത്‌നാകരൻ, പി പി ദാമോദരൻ, കെ വി പത്മനാഭൻ, കെ ഷാജി, രവി രാമന്തളി എന്നിവർ ക്ലാസെടുത്തു. കില സെന്റർ കോർഡിനേറ്റർ പി കെ ബൈജു സ്വാഗതം പറഞ്ഞു.

എരുവേശ്ശി സർവ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കിയത് യുഡിഎഫ്എന്ന് എം വി ജയരാജൻ

എരുവേശ്ശി സർവ്വീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കിയത് ഇരിക്കൂർ എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് വോട്ടർമാർ ക്യൂവിൻറെ മുൻനിരയിലായിരുന്നു. എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് വോട്ടർമാർ ക്യൂവിൻറെ മുൻനിരയിലുള്ളവരെ മാറ്റി അവിടെ കോൺഗ്രസ്സുകാരെ നിർത്താൻ നോക്കി. അത് പോലീസ് അനുവദിച്ചില്ല. അപ്പോൾ പോലീസുകാർക്കെതിരെ നീങ്ങി. പിന്നീട് പഞ്ചായത്തംഗം അടക്കമുള്ള എൽഡിഎഫ് വോട്ടർമാർക്കെതിരെ അക്രമമഴിച്ചുവിട്ടു. വനിതകളെയടക്കം കോൺഗ്രസ്സുകാർ അക്രമിച്ചു. അക്രമണത്തിൽ പരിക്കുപറ്റിയതിനെ തുടർന്ന് സി.പി.ഐ(എം) ഏരുവേശ്ശി ലോക്കൽ സെക്രട്ടറി കെ പി ദിലീപ്, പഞ്ചായത്ത് അംഗം എം ഡി രാധാമണി, കെ വി പത്മനാഭൻ എന്നിവർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കോൺഗ്രസ്സുകാരായ വോട്ടർമാരെ ആരും തടഞ്ഞിട്ടില്ല. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്ന സ്‌കൂളിൽ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ബോധപൂർവ്വം കോൺഗ്രസ്സുകാർ അക്രമണം അഴിച്ചുവിടുകയായിരുന്നു.
വസ്തുത ഇതായിരിക്കെ സിപിഐ(എം) ആക്രമിച്ചുവെന്ന കള്ളക്കഥയാണ് പ്രചരിപ്പിക്കുന്നത്. ആ പ്രചരണത്തെ മാധ്യമങ്ങൾ ഏറ്റെടുത്തത് ദൗർഭാഗ്യകരമാണ്. 1957ലാണ് കാവുമ്പായി സമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനുമായ എം.സി.രയരപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ എരുവേശ്ശി ഐക്യനാണയ സഹകരണ സംഘം ആരംഭിച്ചത്. 1979 ൽ സഹകരണ ബേങ്കായി ഉയർന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളും അധികാരത്തിലെത്തിയിട്ടുണ്ട്. 2007ൽ എൽഡിഎഫാണ് വിജയിച്ചതെന്നും ജയരാജൻ പറഞ്ഞു.

 

സുധാകരൻ നെഹ്‌റുവിനെ ചാരി ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുന്നു; കോൺഗ്രസ് നയം വ്യക്തമാക്കണം: മുഖ്യമന്ത്രി

 

തിരുവനന്തപുരം > നെഹ്‌റുവിനെ ചാരി തന്റെ വർഗ്ഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റ് കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. "വർഗീയ ഫാസിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽനെഹ്റുവിന്റേതെ"ന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. അതും രാജ്യം ജവഹർലാൽ നെഹ്‌റുവിനെ സ്‌മ‌രിക്കുന്ന ശിശുദിനത്തിൽ. ആർഎസ്എസിനെ വെള്ള പൂശുന്നതിൽഎന്ത് മഹത്വമാണ് അദ്ദേഹം കാണുന്നത്?. തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽനെഹ്‌റുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർഎസ്എസ് ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു: “ആർഎസ്എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്." മറ്റൊരു കത്തിൽ, ആർഎസ്എസ് ഒരു രാഷ്‌ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽഅകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ: " ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.  നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം." എന്നാണ് നെഹ്‌റു എഴുതിയത്.

ആർട്ടിക്കിൾ 370 നെ എതിർത്ത് 1953 ൽകശ്‌മീരിൽ പ്രവേശിക്കവേ ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ആയിരുന്നു എന്ന ചരിത്ര വസ്‌തുത പോലും  ഒരു സംസ്ഥാനത്തെ കോൺഗ്രസ്സിനെ നയിക്കുന്ന വ്യക്തി അറിയാതെ പോകുന്നത്  അത്ഭുതകരമാണ്. കോൺഗ്രസ്സിൽ എക്കാലത്തും സുധാകരന്റെ മാനസിക നിലയുള്ള വർഗീയ വാദികളും ആർഎസ്എസ് പക്ഷപാതികളും ഉണ്ടായിരുന്നു. അത്തരക്കാരുടെ സമ്മർദത്തിന് വഴങ്ങി ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിയാക്കിയ കോൺഗ്രസ്സ് നടപടിയിൽ എന്ത് മഹത്തായ ജനാധിപത്യ ബോധമാണ് ഉറങ്ങിക്കിടക്കുന്നത്? ശ്യാമ പ്രസാദ് മുഖർജിയെയും ഡോക്‌ടർ അംബേദ്കറെയും താരതമ്യപ്പെടുത്തുക വഴി ചരിത്രത്തെ വക്രീകരിക്കുക മാത്രമല്ല, ഡോ. അംബേദ്കറെ അവഹേളിക്കുക കൂടിയാണ്.

തനിക്കു തോന്നിയാൽ ബിജെപിയിൽ പോകുമെന്നും ആളെ അയച്ച് ആർഎസ്എസ് ശാഖയ്‌ക്കു സംരക്ഷണം നൽകിയിട്ടുണ്ടെന്നും പറഞ്ഞ ശേഷം തന്റെ ആ ചെയ്‌തികളെ ജവഹർലാൽ നെഹ്രുവുമായി സമീകരിക്കാനുള്ള സുധാകരന്റെ ശ്രമത്തോട് പ്രതികരിക്കാനുള്ള ബാധ്യത യഥാർത്ഥ കോൺഗ്രസ്സുകാർക്കുണ്ട്. ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികൾ വർഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആർഎസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്. ആ നെഹ്‌റുവിനെ ആർഎസ്എസിനോട് മമതകാട്ടിയ നേതാവാക്കി ചിത്രീകരിച്ചാൽ സന്തോഷിക്കുന്നത് ആർഎസ്എസ് മാത്രമാണ്. അങ്ങനെ സന്തോഷിപ്പിക്കുന്നതാണോ കോൺഗ്രസ്സിന്റെ നയം എന്ന് അവർതന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/pinarayi-vijayan-k-sudhakaran-congress/1055584

സ്പോർട്സിലൂടെ വികസനം: പദ്ധതിക്ക് തുടക്കമായി

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ ചൈൽഡ്ലൈൻ യുനിസെഫിന്റെ സഹായത്തോടെ നടത്തുന്ന സ്പോർട്സിലൂടെ വികസനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുഴത്തടം യു പി സ്‌കൂളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. കുട്ടികൾ മൊബൈൽ ഫോൺ അടക്കമുള്ള മാധ്യമങ്ങൾ മാറ്റി വെച്ച് കായിക വിനോദങ്ങളിൽ ഏർപ്പെടണമെന്ന് കലക്ടർ പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളിൽ കുട്ടികൾക്കായി സ്പോർട്സ് കിറ്റും, ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്ത് കുട്ടികളെ മൊബൈൽ/ ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് കായിക വിനോദങ്ങളിലേക്ക് മനസ് തിരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഗൗരി വിലാസം യുപി സ്‌കൂളിലെയും മുഴത്തടം യു പി സ്‌കൂളിലെയും 200 ഓളം കുട്ടികൾ പരിപാടിയുടെ ഭാഗമായി.
ലോഗോ പ്രകാശനം ചെയ്ത് കുട്ടികൾക്കൊപ്പം ഷൂട്ട് ഔട്ട് മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് കലക്ടർ മടങ്ങിയത്. ചൈൽഡ്ലൈൻ ജില്ലാ കോർഡിനേറ്റർ അമൽജിത്ത് തോമസ്, എക്‌സൈസ് വിമുക്തി മിഷൻ കോ ഓർഡിനേറ്റർ സുജിത്ത് എന്നിവർ നേതൃത്വം നൽകി.
തുടർന്നുള്ള ദിവസങ്ങളിൽ കൂത്തുപറമ്പ് യു പി, മാങ്ങാട്ടിടം യു പി, എടൂർ സെന്റ് മേരിസ് യു പി, എടൂർ സ്പെഷ്യൽ സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ ആറളം ഫാം, കേളകം ഹൈ സ്‌കൂൾ, തലക്കാനി ഗവ. യുപി സ്‌കൂൾ, കുഞ്ഞിമംഗലം ഗവ ഹൈ സ്‌കൂൾ, പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്‌കൂൾ, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ ഫോർ ഗേൾസ്, ഷേണായി സ്മാരക ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പയ്യന്നൂർ എന്നിവ പദ്ധതിയുടെ ഭാഗമാവും.

ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായി കുട്ടികൾ

ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. ശുഭ്രവസ്ത്ര ധാരികളായ അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കണ്ണൂരിൽ സംഘടിപ്പിച്ച ശിശുദിന റാലിയാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ പുതുക്കലായത്.
കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നായിരുന്നു റാലിയുടെ തുടക്കം. ശിശുക്ഷേമ സമിതിയുടെ സാഹിത്യ രചന-പ്രസംഗ മത്സര വിജയികൾ കുട്ടി നേതാക്കളായി റാലി നയിച്ചു. അഴീക്കോട് എച്ച് എസ്, രാജാസ് എച്ച് എസ്, ചൊവ്വ എച്ച് എസ്, തോട്ടട ജി എച്ച് എസ്, കൂടാളി എച്ച് എസ്, ടൗൺ എച്ച് എസ്, സെന്റ് തെരേസാസ് എച്ച് എസ്, സിറ്റി എച്ച് എസ്, പുഴാതി എച്ച് എസ്, സെന്റ് മൈക്കിൾസ് എച്ച് എസ്, ചേലോറ ജി എച്ച് എസ്, പയ്യാമ്പലം ഗേൾസ് ഹയർ സെക്കണ്ടറി എന്നീ സ്‌കൂളുകളിലെ എൻ സി സി, എസ് പി സി, സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ ആർ സി കേഡറ്റുകൾ അണിനിരന്നു. എ ഡി എം കെ കെ ദിവാകരൻ ഫ്ളാഗ് ഓഫ് ചെയ്തു.
തുടർന്ന് കണ്ണൂർ മുൻസിപ്പൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി ഇരിണാവ് യുപി സ്‌കൂളിലെ നാലാം ക്ലാസുകാരി റിസ ഫൈസൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡണ്ട് ഇരിണാവ് യുപി സ്‌കൂളിലെ ആറാം ക്ലാസുകാരി വൈഗ ലഗേഷ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. മേയർ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എം എൽ എ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡണ്ട് മുടപ്പത്തി നാരായണൻ, സെക്രട്ടറി പി സുമേശൻ മാസ്റ്റർ, ട്രഷറർ കെ എം രസിൽരാജ്, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി വി രഞ്ജിത്ത്, പ്രവീൺ രുഗ്മ, രവീന്ദ്രൻ എടക്കാടൻ, അഴീക്കോടൻ ചന്ദ്രൻ, എസ് പി സി ജില്ലാ-കോർഡിനേറ്റർ രാജേഷ്, ജെ ആർ സി ജില്ലാ- കോ ഓർഡിനേറ്റർ എൻ ടി സുധീന്ദ്രൻ, സ്‌കൗട്ട് കോ-ഓർഡിനേറ്റർ എം പ്രീത എന്നിവർ പങ്കെടുത്തു. ശിശുക്ഷേമ സമിതി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

ആറളം ഫാമിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു

ആറളംഫാം ആദിവാസി പുനരധിവാസ മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നു. ആറളം ഗ്രാമപഞ്ചായത്ത്, കെ എസ് ആർ ടി സി, പട്ടികവർഗ വികസന വകുപ്പ് എന്നിവ ചേർന്നാണ് ബസ് സർവ്വീസുകൾ ആരംഭിക്കുന്നത്.
ദിവസവും രാവിലെ ഫാമിൽ നിന്നും വളയംചാൽ-കീഴ്പ്പള്ളി-ഇരിട്ടി റൂട്ടിലേക്കും തിരിച്ചും സർവ്വീസ് നടത്തും. തുടർന്ന് ഇരിട്ടി-മട്ടന്നൂർ-കണ്ണൂർ റൂട്ടിൽ സഞ്ചരിച്ച് ഫാമിൽ തിരികെയെത്തും. ഇതോടെ ആറളം പുനരധിവാസ മേഖല, ആറളം കൃഷി ഫാം, ആറളം ഹയർസെക്കണ്ടറി സ്‌കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, എം ആർ എസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെയും പഞ്ചായത്തിന്റെ മറ്റ് മേഖലകളിലെയും യാത്രാ പ്രശ്നത്തിന് പരിഹരമാകുമെന്നാണ് പ്രതീക്ഷ. പുനരധിവാസ മേഖലയിൽ താമസിക്കുന്ന 1812 കുടുംബങ്ങളും കൂടുതലായി ആശ്രയിക്കുന്നത് സ്വകാര്യ വാഹനങ്ങളെയാണ്. ഗോത്രസാരഥി പദ്ധതിയിലൂടെ ഫാം സ്‌കൂളിലെ 649 ആദിവാസി കുട്ടികൾക്ക് നിലവിൽ യാത്രാ സൗകര്യമുണ്ട്. ഗ്രാമവണ്ടി ആരംഭിക്കുന്നതോടെ കുട്ടികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും.
പദ്ധതി പ്രകാരം ബസിന് ഡീസൽ ലഭ്യമാക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. പഞ്ചായത്ത് ആവശ്യപ്പെടുന്ന റൂട്ടുകളിലേക്കാണ് സർവീസ് നടത്തുക. ഇതിനായി രണ്ടു ബസുകളാണ് കെ എസ് ആർ ടി സിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ ആദ്യ വാരം തന്നെ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂട്ട് മാപ്പ് തയ്യാറായി കഴിഞ്ഞതായും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് പറഞ്ഞു.

ദാരിദ്ര്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് കേന്ദ്ര മന്ത്രി

സുസ്ഥിര വികസനത്തിലൂടെ ദാരിദ്ര്യ നിർമ്മാർജനം എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളമെന്ന് കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ പറഞ്ഞു.ദാരിദ്ര്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അർത്ഥവത്തായ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവെക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണം - ഗ്രാമ പഞ്ചായത്തുകളിൽ' എന്ന വിഷയത്തിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയുടെ സഹകരണത്തോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
ഗ്രാമപഞ്ചായത്തുകളിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, സ്വയം പര്യാപ്തമാകാനും തദ്ദേശ ജനപ്രതിനിധികളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണ്. ഓരോ പഞ്ചായത്തിന്റെയും വികസനം പഞ്ചായത്ത് അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്. പഞ്ചായത്തുകൾ സ്വന്തം വരുമാനം കണ്ടെത്തേണ്ടത് അനിവാര്യമാണ്. തങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ പ്രാദേശികമായി ഉല്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഗ്രാമങ്ങൾ മാറണം.
സുസ്ഥിര വികസനത്തിലൂടെ സ്വയം പര്യാപ്ത ഗ്രാമങ്ങൾ എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അതിജീവിക്കാൻ ചർച്ചകളിലൂടെയും, പുതിയ കാഴ്ചപ്പാടുകളിലൂടെയും,പുതിയ സാധ്യതകൾ കണ്ടെത്തുക എന്നതാണ് ഇത്തരം ശിൽപശാലകളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മട്ടന്നൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന് കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ തുടക്കമായി. 

മട്ടന്നൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന് കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ തുടക്കമായി. നാല് ദിവസം നീണ്ട് നിൽക്കുന്ന മേളക്ക് എഇഒ ബാബു പതാക ഉയർത്തിയതോടെയാണ് തുടക്കം കുറിച്ചത്. അധ്യാപകരുടെ വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം ജനകീയ ഇടപെടലും കലോൽസവത്തിന്റെ പ്രത്യേകതയാണ്, ഇന്ന സ്റ്റേജിതര മൽസരം നടന്നു. നാളെ മുതൽ 17 വേദികളിലായി സ്റ്റേജ് മൽസരങ്ങൾ നടക്കും. മേളയുടെ ഉദ്ഘാടനം 16ന് രാവിലെ പത്തിന് കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.

 

 

Most Read

  • Week

  • Month

  • All