സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഖാദിയുടെ വെള്ള കോട്ട്
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഖാദിയുടെ വെള്ള കോട്ട് ധരിക്കാം. ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരന് നൽകി നിർവഹിച്ചു. പതിനയ്യായിരത്തിലധികം ഖാദി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന ജീവകാരുണ്യ പ്രവർത്തനമാണ് ബോർഡ് ഏറ്റെടുക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു.
ദേശീയ മെഡിക്കൽ കമ്മീഷന്റെ ഉത്തരവനുസരിച്ച് ഖാദിക്ക് പിന്തുണ നൽകി രാജ്യത്തെ എല്ലാ ഡോക്ടർമാരും നഴ്സുമാരും ഖാദി കോട്ടുകൾ ധരിക്കുന്നുണ്ട്. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവനുസരിച്ചാണ് കേരളത്തിലെ ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്ക് ഖാദി കോട്ടുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കും കോട്ടുകൾ വിതരണം ചെയ്തു. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നിർമിച്ച കോട്ടുകളാണ് വിതരണം ചെയ്തത്.
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.എസ് പ്രതാപ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.കെ സുദീപ്, കണ്ണൂർ ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി സജി, ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എം കെ പ്രീത, പ്രൊജക്ട് ഓഫീസർ ഐ കെ അജിത് കുമാർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, ആരോഗ്യ പ്രവർത്തകർ, വിദ്യാർഥികൾ, ഖാദി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടി കാസർഗോഡ് നിന്ന് ആരംഭിച്ചു.
കാസർഗോഡ്
ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാംമത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടി കാസർകോട് നിന്ന് ആരംഭിച്ചു. കാസർഗോഡ് ഗവ. കോളേജിൽ നടന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര വണ്ടി എൻ എ നെല്ലിക്കുന്ന് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. പുസ്തക ചിത്ര പ്രദർശനം കേരള തുളു അക്കാദമി ചെയർമാൻ കെ ആർ ജയാനന്ദ ഉദ്ഘാടനം ചെയ്തു ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായി. കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ, കോളേജ് പ്രിൻസിപ്പാൾ ഡോ. രമ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷീം, വൈസ് പ്രിൻസിപ്പാൾ ഡോ ലിയാഖത്ത് അലി, ചലച്ചിത്ര അക്കാദമി അംഗം പ്രകാശ് ശ്രീധർ, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ അഭിനവ് കൃഷ്ണൻ,ജനകീയ ഫിലീം സൊസൈറ്റി സെക്രട്ടറി മധു എസ് നായർ എന്നിവർ സംസാരിച്ചു. അക്കാദമി റീജിനൽ കോർഡിനേറ്റർ പി കെ ബൈജു വിശദീകരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സ്വാഗതവും ഗവ. കോളേജ് ഫിലീം ക്ലബ്ബ് കൺവീനർ ഡോ എവി സുജാത നന്ദിയും പറഞ്ഞു.
് ചിൻമയാ വിദ്യാലയത്തിൽ നടന്ന പ്രദരശനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷനായി. പ്രകാശ് ശ്രീധർ, മധു എസ് നായർ എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും രശ്മി മുരളീധരൻ നന്ദിയും പറഞ്ഞു. ബ്രദേഴ്സ് മേപ്പാട്ട് നേതൃത്വത്തിൽ ആയംമ്പാറ ഗവ. യൂപിസ്കൂൾ ഓഡിറ്റോറിയത്തിലും ചലച്ചിത്ര പ്രദർശനം നടത്തി. ബുധനാഴ് രാവിലെ 10ന് പയ്യന്നൂർ ഗവ ബോയ്സ് സ്കൂളിലും വൈകീട്ട് അഞ്ചിന് കണ്ണൂർ ടൗൺ സ്ക്വയറിലും പരിപാടി നടത്തും. 17നും കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും. 18, 19 തീയ്യതികളിൽ കോഴിക്കോട് ജില്ലയിലാണ് പ്രദർശനം. ഡിസംബർ 6ന് തിരുവനന്തപുരത്ത് ചലച്ചിത്ര വണ്ടിയുടെ പര്യടനം സമാപിക്കും.
ചലച്ചിത്ര വണ്ടി ബുധനാഴ്ച കണ്ണൂർ ജില്ലയിൽ
ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27ാംമത് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ പ്രചരണാർത്ഥമുള്ള ചലച്ചിത്ര വണ്ടി ബുധനാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. രാവിലെ പത്തിന് പയ്യന്നൂർ ഗവ. ബോയ്സ സ്കൂളിലും വൈകീട്ട് 5.30ന് കണ്ണൂർ ടൗൺ സ്ക്വയറിലും സ്വീകരണം നൽകും. ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. ദി ജപ്പാനീസ് വൈഫ് പ്രദർശിപ്പിക്കും.
മൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ മൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. കണ്ണൂരിൽ മേയർ അഡ്വ. ടി ഒ മോഹനൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി ഷാഹിദക്ക് വാക്സിൻ കിറ്റ് നൽകി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
നവംബർ 15 മുതൽ ഡിസംബർ എട്ട് വരെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണ് വാക്സിനേറ്റർമാർ വീടുകളിലെത്തി കുത്തിവെപ്പ് നടത്തുക. നാലു മാസത്തിന് മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കാണ് കുത്തിവെപ്പ്. ജില്ലയിലെ 91706 പശുക്കളെയും 2449 എരുമ/പോത്തുകളെയും കുത്തിവെപ്പിന് വിധേയമാക്കും. ഇതിനായി കർഷകരിൽ നിന്ന് ഫീസ് ഈടാക്കില്ല. കുത്തിവെപ്പ് എടുത്താൽ പനി, പാൽ കുറയുക തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാവില്ല. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ പദ്ധതി വിശദീകരിച്ചു. എ ഡി സി പി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എ സീമ, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി വി ജയമോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു, കണ്ണൂർ എസ് എൽ ബി പി ഡെപ്യൂട്ടി ഇൻചാർജ് ഡോ. എ കെ അബ്ദുൾ ഹക്കീം, കണ്ണൂർ സഹകരണ പാൽ വിതരണ സംഘം പ്രസിഡണ്ട് ടി രമേശൻ, കണ്ണൂർ ആർ എ എച്ച് സി അസി. പ്രൊജക്ട് ഓഫീസർ ഡോ. ഒ എം അജിത, കണ്ണൂർ എ ഡി സി പി ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ. ആരമ്യ തോമസ് എന്നിവർ പങ്കെടുത്തു.
മികച്ച വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ 'ഷീ'
തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ സ്കീം ഫോർ ഹെർ എംപവർമെന്റ് (ഷീ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 18ന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
സംതൃപ്ത വ്യക്തിത്വമുള്ള വനിത എഞ്ചിനീയർമാരെ സൃഷ്ടിക്കാൻ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ 2019ൽ ആരംഭിച്ച പദ്ധതിയാണ് ഷീ. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ, യുകെ-ഇന്ത്യ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലനത്തിൽ നിർദേശിക്കുന്ന ചേഞ്ച് മാനേജ്മന്റ് പരിപാടിയുടെ ഭാഗമായാണ് കോളേജിൽ ഇത് നടപ്പാക്കിയത്. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, സാങ്കേതിക മേഖലയിലെ വെല്ലുവിളികൾ ഏറ്റെടുക്കാനും നേതൃപാടവം ആർജിക്കാനും പ്രാപ്തരാക്കുക എന്നിവയും ഷീയുടെ ലക്ഷ്യമാണ്.
പദ്ധതി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഒമ്പത് ഗവ. എഞ്ചിനീയറിംഗ് കോളജുകളിലേക്കും 51 ഗവ. പോളിടെക്നിക്കുകളിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ മിടുക്കരായ വനിതാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിച്ചാണ് ഷീയുടെ തുടർ പ്രവർത്തനങ്ങൾ നടത്തുക. ഉദ്ഘാടന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി പി ബൈജു ബായി പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസമേഖലയെ കൈപിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി
ഉന്നതവിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാൻ കഴിയണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സമിതി രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം രാജ്യത്തെ അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അവിടെയും വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.അതിന് വേണ്ടി കേന്ദ്രസർക്കാർ ഗവർണറെ ആയുധമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. യോഗത്തിൽ ഡോ. ബി ഇക്ബാൽ അധ്യക്ഷനായി.
കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിർക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടമുള്ള സംസ്ഥാനമാണ് കേരളം. യുജിസി മാർഗനിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കലാണ് നടക്കുന്നത്. രാജ്ഭവനുകൾ ബിജെപിയുടെ രാഷ്ട്രീയ ഏജൻസികളായി മാറി. രാജ്യത്തിന്റെ വൈവിധ്യങ്ങൾ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യുടെ ശാസ്ത്രപഥം പദ്ധതി
വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും പുതിയ ആശയങ്ങൾ കണ്ടെത്തി ഗവേഷണം നടത്താനും അവസരമൊരുക്കി സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യുടെ ശാസ്ത്രപഥം പദ്ധതി. 'ശാസ്ത്രപഥം', കെ ഡിസ്കിന്റെ 'യങ്ങ് ഇന്നവേറ്റേഴ്സ്' എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് എസ് എസ് കെ ശാസ്ത്രപഥം വൈ ഐ പി നടപ്പാക്കുന്നത്.
എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ, മത്സ്യത്തൊഴിലാളികളുടെ മക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിൽ ഉറപ്പാക്കും. പദ്ധതിയിൽ കുട്ടികൾക്ക് 22 വിഷയങ്ങളാണ് നൽകുക. ഇതിൽ നിന്നും താൽപര്യമുള്ളവ തിരഞ്ഞെടുത്ത് ഗവേഷണം നടത്താം. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ കുട്ടികളുടെ ഗവേഷണ പ്രൊജക്ടുകൾക്ക് വേണ്ട സാങ്കേതിക, സാമ്പത്തിക സഹായം നൽകാനും മെന്റർമാരാകാനും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്നു വർഷം വരെയുള്ള തുടർ പ്രവർത്തനവും സഹായവുമാണ് ഇത്തരം സ്ഥാപനങ്ങൾ നൽകുക. പൊതു വിദ്യാലയങ്ങളിലെ എട്ട്, ഒമ്പത്, 11 ക്ലാസുകളിലെ കുട്ടികൾക്ക് ഇതിൽ ഒറ്റയ്ക്ക് രജിസ്റ്റർ ചെയ്യാം. എന്നാൽ മൂന്ന് കുട്ടികൾ ചേർന്നുള്ള ഗ്രൂപ്പുകൾക്കാണ് തീം അപ് ലോഡ് ചെയ്യാനാകുക. സ്കൂൾ തലത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 20നകം പൂർത്തിയാക്കും. മികച്ച പ്രൊജക്ട് സമർപ്പിക്കുന്ന ഗ്രൂപ്പിന് ഉപജില്ലാതലത്തിൽ ദ്വിദിന ഓറിയന്റേഷൻ നൽകും. പിന്നീട് ജില്ലാ, സംസ്ഥാന തലത്തിൽ വിവിധ പരിശീലനങ്ങൾ നൽകും. ചുറ്റുമുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കാനും കണ്ടെത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനും തുടർ ഗവേഷണം നടത്തി പുതിയ ആശയങ്ങളിൽ എത്തിച്ചേരാനും കുട്ടികൾക്ക് ഇതിലൂടെ സാധിക്കും. ഇതിനായി സ്കൂൾ തലത്തിൽ ശാസ്ത്രരംഗം കോ ഓർഡിനേറ്റർ, ഐ ടി കോ ഓർഡിനേറ്റർ, ഹയർസെക്കണ്ടറിയിൽ തെരഞ്ഞെടുത്ത ഒരു അധ്യാപകൻ എന്നിവർ ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള സംഘടിപ്പിച്ച വൈ ഐ പി ശാസ്ത്രപഥം ജില്ലാതല ഏകദിന ശിൽപശാല ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്ര വ്യാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി പി ഒ ടി പി അശോകൻ, ശാസ്ത്ര രംഗം ജില്ലാ കൺവീനർ കെ പി വിനോദ് കുമാർ, പയ്യന്നൂർ ബി പി സി കെ സി പ്രകാശ്, ബി ആർ സി ട്രെയിനർ വൈ പ്രദീപ്, കെ ഡിസ്ക് ജില്ലാ കോ ഓർഡിനേറ്റർ ജീൻഷ രാജീവ് എന്നിവർ പങ്കെടുത്തു.
എകെജി സെന്റർ ആക്രമണം: നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം> എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതിക്ക് സ്കൂട്ടറും സ്ഫോടകവസ്തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ. നാലാം പ്രതിയും കോൺഗ്രസ് പ്രവർത്തകയുമായ നവ്യയെ ചോദ്യം ചെയ്താൽ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി.
കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ വാദിച്ചു. വ്യക്തതയില്ലാത്ത ക്യാമറ ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും നവ്യ ഉപയോഗിക്കുന്ന സ്കൂട്ടർ മറ്റൊന്നാണെന്നും രാത്രി പത്ത് വരെ ലുലു മാളിലെ ജോലി സ്ഥലത്തായിരുന്നു ഇവരെന്നും പ്രതിഭാഗം വാദിച്ചു. നവ്യയുടെ സിസിടിവി ദൃശ്യങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തതയില്ലെന്നത് തെറ്റാണെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ്കുമാർ വാദിച്ചു.
കണക്റ്റ് ടു സക്സസ്'
തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ 'കണക്റ്റ് ടു സക്സസ്'. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി എസ് സി പരിശീലന കേന്ദ്രമാണ് ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി നേടാനുള്ള വഴി തുറക്കുന്നത്.
യുവ തലമുറക്ക് മികച്ച ജോലി ലഭിക്കാൻ സഹായിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. അതിനായാണ് കതിരൂർ ടൗണിൽ പരിശീലന കേന്ദ്രം ആരംഭിച്ചത്. തൊഴിലന്വേഷകരുടെ കൂട്ടായ്മ സജീവമാക്കി കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം. രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് ക്ലാസ്. നിലവിൽ അൻപതോളം പേർ പരിശീലനം നേടുന്നുണ്ട്. പി എസ് സിയുടെ പുതിയ രീതി അനുസരിച്ച് ഓരോ വിഭാഗത്തിനും പ്രാഥമിക പരീക്ഷയ്ക്ക് ആവശ്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്ലാസെടുക്കുന്നത്. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകളും മറ്റ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രയാസമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഉച്ചക്ക് ശേഷം മോണിറ്ററിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ പഠനം നടക്കും. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീനയുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80,000 രൂപ പഞ്ചായത്ത് കേന്ദ്രത്തിനായി മാറ്റിവെച്ചിരുന്നു. അതിനാൽ പഠിതാക്കളിൽ നിന്നും മാസത്തിൽ 500 രൂപ മാത്രമാണ് ഈടാക്കുന്നത്. വൻ തുക ഫീസായി വാങ്ങുന്ന സ്വകാര്യ കേന്ദ്രങ്ങളിൽ പരിശീലനത്തിന് പോകാൻ സാധിക്കാത്തവർക്ക് പഞ്ചായത്തിന്റെ ഈ ഉദ്യമം ആശ്വാസമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു. പ്രവേശനത്തിന് ഫോൺ : 9656597281
അഖിലേന്ത്യാ വ്യാപാര മേളകൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ന്യൂഡൽഹി> ഐഐടിഎഫ് പോലെയുള്ള വ്യാപാര മേളകൾ സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം കേരളം ഒരു ലക്ഷം പുതിയ സംരംഭകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി പ്രഗതി മൈതാനിൽ ആരംഭിച്ച നാല്പത്തി ഒന്നാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനം പോലെ തന്നെ വിപണനവും പ്രധാനമാണ്. നമ്മുടെ ഉത്പന്നങ്ങൾ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ വിൽപന നടത്താനാകണം. വിവിധയിടങ്ങളിൽ നടക്കുന്ന വ്യാപാര മേളകൾ ഇതിന് സഹായകരമാണ്. ഇത്തരം മേളകൾ സംരംഭകർക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് പകരുന്നത്. നമ്മുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും മറ്റു സംസ്ഥാനങ്ങളുടേത് മനസിലാക്കാനും ഇവ സഹായിക്കുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മേള ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ സഹമന്ത്രിമാരായ സോം പ്രകാശ്, അനുപ്രിയ പട്ടേൽ, ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി ദുർഗ പ്രകാശ് മിശ്ര തുടങ്ങിയവർ സംസാരിച്ചു. നവംബർ 14 മുതൽ 27 വരെ നടക്കുന്ന മേളയിൽ 73000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പവലിയനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാർട്നർ സംസ്ഥാനങ്ങളും, കേരളം, ഉത്തർ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തുർക്കി, യുഎഇ ഉൾപ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്.
അന്താരാഷ്ട്ര വ്യാപാര മേള: കേരള പവലിയൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അനന്തസാധ്യതകൾക്ക് മേളയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാഥിതിയായി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ്, ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ. എസ് ശൈലേന്ദ്രൻ, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 14 മുതൽ 27 വരെയാണ് മേള. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാർട്നർ സംസ്ഥാനങ്ങളും കേരളം, ഉത്തർ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ് . അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തുർക്കി, യു എ ഇ ഉൾപ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും മേളയിൽ പങ്കെടുക്കുന്നുണ്ട്
കണ്ണൂർ കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് മൂന്നാര് മോഡല് മുന്നേറ്റം ഉണ്ടാകണം : ടി പത്മനാഭന്;