ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 46 പേർ മരിച്ചു, മുന്നൂറോളംപേർ ആശുപത്രിയിൽ
ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 46 പേർ മരിച്ചു, മുന്നൂറോളംപേർ ആശുപത്രിയിൽ ആഷി
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഉണ്ടായ ഭുകമ്പത്തിൽ 46 പേർ മരിച്ചു. മരണ നിരക്കു കൂടാൻ സാധ്യത. നിരവധി പേർക്കു പരിക്ക്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. പരിക്കേറ്റ 300 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിക്രർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. പടിഞ്ഞാറൻ ജാവ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. 2004 ൽ ഭൂകമ്പത്തിൽ വൻ ദുരന്തമുണ്ടായിരുന്നു.
പടിഞ്ഞാറൻ ജാവയിലെ സിയാൻജൂരിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്സ് ഏജൻസി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.
സംസ്ഥാന കേരളോത്സവം: സംഘാടക സമിതി രൂപീകരണ യോഗം 26ന്
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാപരിപാടികൾക്ക് കണ്ണൂർ വേദിയാവുന്നു. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം നവംബർ 26ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് യോഗം ഉദ്ഘാടനം ചെയ്യും.
മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ
കെ എസ് ഇ ബിയുടെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതി ഭവൻ ഒരുങ്ങുന്നു. ഇതിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി. ഇരിട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഡിവിഷൻ, സബ് ഡിവിഷൻ, സെഷൻ ഓഫീസുകളാണ് പയഞ്ചേരി മുക്കിന് സമീപത്തെ മിനി വൈദ്യുതി ഭവനിൽ പ്രവർത്തിക്കുക.
കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവരുടെ ഓഫീസുകൾ ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാകും. നിലവിൽ കെ എസ് ഇ ബി ഓഫീസുകൾ സ്ഥലപരിമിതികൾ മൂലം വീർപ്പുമുട്ടുന്നതിനും പരിഹാരമാകും. അവസാനഘട്ട നടപടി പൂർത്തിയായാൽ ഉടൻ ഉദ്ഘാടനം ചെയ്ത് ഓഫീസുകൾ ഇവിടേക്ക് മാറ്റും. സർക്കാർ അനുവദിച്ച 1.40 കോടി രൂപ ചെലവിൽ 2021 മാർച്ചിലാണ് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ജലസേചന വകുപ്പ് വിട്ടുനൽകിയ 42 സെന്റിൽ 26 സെന്റ് സ്ഥലത്താണ് പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്ര അടിയിൽ കെട്ടിടം ഒരുക്കിയത്. ബാക്കി സ്ഥലം സബ് സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിക്കും. കെഎസ്ഇബിയുടെ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയിലെ സിവിൽ വിഭാഗമാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരിട്ടി മിനി വൈദ്യുതി ഭവൻ യാഥാർഥ്യമാകുന്നത്.
അതിഥി തൊഴിലാളികൾക്ക് സാന്ത്വനമേകാൻ പഴങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ചികിത്സാ വാർഡ് ഒരുങ്ങി.
കല്യാശ്ശേരി മണ്ഡലത്തിലെ മൂവായിരത്തോളം അതിഥി തൊഴിലാളികൾക്ക് സാന്ത്വനമേകാൻ പഴങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ചികിത്സാ വാർഡ് ഒരുങ്ങി. പി എം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ 'അതിഥി ദേവോ ഭവ' പദ്ധതിയിലൂടെ 97 ലക്ഷം രൂപ ചെലവിലാണ് പ്രത്യേക വാർഡ് സജ്ജമാക്കിയത്. 3745 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോടെയാണ് വാർഡ് ഒരുക്കിയത്. ഇവിടെ 20 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക മുറികൾ, നഴ്‌സസ് സ്റ്റേഷൻ, നിരീക്ഷണ മുറി, പരിശോധന മുറി, ഡോക്ടേഴ്‌സ് റൂം, മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യം, റാമ്പ്, ശുചിമുറി സമുച്ചയും എന്നിവയുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്ന തൊഴിലാളികൾക്ക് ഈ സംവിധാനം ഏറെ സഹായകരമാകും.
രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം'; ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്
രാജ്ഭവനിൽ20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത്. ഇതുകൂടാതെ രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്കുമാർ പിയെ ദീർഘകാലത്തെ സേവനകാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവർണർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവർഷത്തിൽ താഴെ മാത്രം സേവനമുള്ള 20 പേരെയാണ് സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗവർണർ കത്തയച്ചത്.
കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സൈഫർ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഗവർണർ പ്രത്യേക താൽപ്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
27800 - 59400 രൂപ ശമ്പള സ്‌കെയിലിലാണ് ദിലീപ്കുമാറിന് ഗവർണറുടെ താത്പര്യപ്രകാരം നിയമനം നൽകിയത്. സർക്കാരിനെതിരെ പിൻവാതിൽ നിയമനമെന്ന ആരോപണം ഉന്നയിക്കുന്ന ഗവർണർ തന്നെ 20 താത്ക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമനം നൽകി.
മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കളിക്കളം നവീകരണ പ്രവൃത്തി ആരംഭിച്ചു
കേവലം മെഡൽ നേട്ടം മാത്രമല്ല, കേരളത്തിന്റെ കായിക ക്ഷമത വർധിപ്പിക്കുക കൂടിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞു. മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കളിക്കളം നവീകരണ പ്രവൃത്തിയുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ആരോഗ്യമെന്ന മുദ്രാവാക്യത്തോടെയാണ് കായിക വകുപ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ കായിക കുതിപ്പിനായി 1500 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ആറ് വർഷമായി സർക്കാർ നടപ്പാക്കിയത്. ശ്രദ്ധേയമായ മാറ്റങ്ങളാണ് കായിക രംഗത്തുണ്ടായിട്ടുളളത് .അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കി. കായിക രംഗത്ത് ആരോഗ്യ പരിപാലന പദ്ധതി നടപ്പാക്കും. കായികരംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. 465 പഞ്ചായത്തുകളിലാണ് ഇനി കളിക്കളങ്ങൾ ഒരുക്കാനുള്ളത്. അതിൽ 112 കളിക്കങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ ഇരട്ട വെള്ളി മെഡൽ നേട്ടം കൈവരിച്ച കെ പി പ്രിയയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
മയ്യിൽ സ്‌കൂളിന്റെ കളിക്കളം നിർമാണത്തിനായി നാല് കോടി രൂപയാണ് സംസ്ഥാന കായിക വകുപ്പ് അനുവദിച്ചത്. മൈതാനത്ത് ഇൻഡോർ കോർട്ട്, മഡ് ഫുഡ്‌ബോൾ കോർട്ട്, ഡ്രയിനേജ് സംവിധാനം, കോർട്ടിനും കെട്ടിടത്തിനും ചുറ്റുമായി ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തി, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് ഒരുക്കുക.
സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബർട്ട് ജോർജ്, ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനി, മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു,
,സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് മേഴ്‌സി കുട്ടൻ, വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, മയ്യിൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ എം കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
വികസന പ്രവത്തനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് : സ്പീക്കർ എ എൻ ഷംസീർ
വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തണമെന്നും അതിൽ രാഷ്ട്രീയം കലർത്തരുതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ക്ഷേമ പദ്ധതികളുടെയും മഹാത്മാഗാന്ധി എൻആർഇജി പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ സെൻട്രൽ യുപി സ്‌കൂളിൽ നിർമ്മിച്ച ഭക്ഷണശാലയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാൻ ഭരണസമിതികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വികസന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തണമെന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിമംഗലം ഗവ സെൻട്രൽ യുപി സ്‌കൂളിൽ നടന്ന പരിപാടിയിൽ എം വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
480 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11,89,021 രൂപ വിനിയോഗിച്ചാണ് ഭക്ഷണശാല നിർമ്മിച്ചത്. 1431 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഭക്ഷണശാലയിൽ ഒരേസമയം 200 കുട്ടികൾക്ക് വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. 95 അർദ്ധവിദഗ്ധ തൊഴിൽ ദിവസങ്ങളും 151 വിദഗ്ധ തൊഴിൽ ദിവസങ്ങളും വിനിയോഗിച്ചാണ് നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. ഇതോടൊപ്പം പഞ്ചായത്തിൻറെ ക്ഷേമ പദ്ധതികളായ ഗാർഹിക റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, സ്ഥാപനങ്ങൾക്ക് റിംഗ് കമ്പോസ്റ്റ് യൂണിറ്റ്, അങ്കണവാടികൾക്ക് വാട്ടർ ടാങ്ക് വിതരണം, ഗ്യാസ് സ്റ്റൗ, പ്രഷർകുക്കർ, ഫർണിച്ചർ, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതി വിഭാഗക്കാർക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം, ഹരിതകർമ്മ സേനയ്ക്ക് ഉപകരണങ്ങളും യൂണിഫോമും വിതരണം, ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനം എന്നിവയും സ്പീക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി കെ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർത്ഥന, വൈസ് പ്രസിഡണ്ട് എം ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റീന, ബ്ലോക്ക് പഞ്ചായത്തംഗം എം വി ദീബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഉല്ലാസൻ, സംഘാടക സമിതി കൺവീനർ എം സത്യൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
നവംബർ 26, 27 തീയ്യതികളിൽ തളിപ്പറമ്പിൽ സ്റ്റാർട്ടപ്പ് ശില്പശാല
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകർക്കായി സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും മനസിലാക്കുന്നതിനായി സ്റ്റാർട്ടപ്പ് ശില്പശാല സംഘടിപ്പിക്കുന്നു. നവംബർ 26, 27 തീയ്യതികളിൽ സംഘടിപ്പിക്കുന്ന ശില്പശാല 26ന് വൈകീട്ട് നാലിന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ അദ്ധ്യക്ഷനാവും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തും.
അഭ്യസ്ത വിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, തൊഴിൽ മേഖലകൾ സൃഷ്ടിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് വർക്ക്‌ഷോപ്പിന്റെ ലക്ഷ്യം.18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് ശില്പശാല.
കോൺ?ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധമായി കെ.എസ്.യുവിൽ കൂട്ടരാജി
കോൺ?ഗ്രസ് സംസ്ഥാന നേതൃത്വത്തോടുള്ള പ്രതിഷേധമായി കെ.എസ്.യുവിൽ കൂട്ടരാജി. മുൻ കെപിസിസി സെക്രട്ടറി എം.എ ലത്തീഫിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചത്. ഇപ്പോൾ നിരന്തരം ബിജെപി അനുകൂല പ്രസ്താവനകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അദ്ദേഹത്തെ അന്യായമായി കോൺ?ഗ്രസിൽ നിന്ന് പുറത്താക്കിയിരിക്കുകയാണെന്നാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ആക്ഷേപം.
കെഎസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് അനീസ് റഹ്‌മാൻ, വൈസ് പ്രസിഡന്റ് മിഥുൻ, ജന. സെക്രട്ടറിമാരായ മുഹമ്മദ്, ഭരത് കൃഷ്ണ, സെക്രട്ടറിമാരായ ആദർശ്, അൻഷാദ് എന്നിവരാണ് രാജി വെച്ച് നേതൃത്വത്തിനെതിരെ രം?ഗത്തെത്തിയത്. നാല് പതിറ്റാണ്ടിലേറെയായി കോൺ?ഗ്രസിനും പോഷക സംഘടനകൾക്കും വേണ്ടി രാപ്പകലില്ലാതെ ശക്തമായ പ്രവർത്തിച്ച വ്യക്തിയാണ് മുൻ കെപിസിസി സെക്രട്ടറി കൂടിയായ എം.എ ലത്തീഫെന്ന് ഇവർ പറയുന്നു.
കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റിക്ക് പ്രവർത്തിക്കാൻ എല്ലാ സഹായവും സംരക്ഷണവും നൽകിയത് എം.എ ലത്തീഫാണ്. കഴിഞ്ഞ ഒരു കൊല്ലമായി ഒരു കാരണം കാണിക്കൾ നോട്ടീസ് പോലും നൽകാതെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിനെ അം?ഗീകരിക്കാൻ കഴിയില്ല. ഈ കടുത്ത അനീതിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെഎസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി രാജി വെക്കുന്നു. ഇത്തരത്തിലുള്ള രൂക്ഷമായ പ്രതികരണമാണ് കെ.എസ്.യു ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ നടത്തുന്നത്.
മഹിള അസോ. സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
കേരളീയ സ്ത്രീത്വത്തിന് മോചനത്തിന്റേയും കുതിപ്പിന്റേയും അഭിമാനത്തിന്റേയും പോരാട്ടവീഥി വെട്ടിത്തുറന്ന ധീരവനിതാപോരാളികളുടെ സ്മരണകളിരമ്പിയ അന്തരീക്ഷത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം. മലയാളമണ്ണിൽ സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാഹളം മുഴക്കിയ പുന്നപ്ര- വയലാറിന്റെ മണ്ണിലെ സമ്മേളനത്തിനു തുടക്കംകുറിച്ച് എം സി ജോസഫൈൻ നഗറിൽ ( കാംലോട്ട് കൺവൻഷൻ സെന്റർ) സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പതാകയുയർത്തി.
സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം - സോഫിയ മെഹ്‌റും അനുശോചന പ്രമേയം ടി വി അനിതയും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ കെ ജി രാജേശ്വരി സ്വാഗതം പറഞ്ഞു.
ഉച്ചയ്ക്കുശേഷം സംസ്ഥാന സെക്രട്ടറി അഡ്വ സി എസ് സുജാത പ്രവർത്തന റിപ്പോർട്ടും അഖിലേന്ത്യ സെക്രട്ടറി മറിയം ധാവ്ള സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
് 'വർഗീയതയും സമകാലീന ഇന്ത്യയും എന്ന സെമിനാർ പ്രഫ മാലിനി ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. യു വാസുകി വിഷയം അവതരിപ്പിച്ചു. ജി സുധാകരൻ അധ്യക്ഷനായി.ചൊവ്വാഴ്ച രാവിലെ ഒൻപതരയ്ക്ക് പൊതുചർച്ച ആരംഭിക്കും. തുടർന്ന് അഭിവാദ്യപ്രസംഗങ്ങളും കലാപരിപാടികളും. ബുധനാഴ്ച വൈകിട്ട് നാലിന് മല്ലു സ്വരാജ്യം നഗറിൽ ( ഇഎംഎസ് സ്റ്റേഡിയം ) പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. അഖിലന്ത്യാ സെക്രട്ടറി മറിയം ധാവ്ളെ, ട്രഷറർ എസ് പുണ്യവതി, ജോയിന്റ് സെക്രട്ടറി യു വാസുകി, വൈസ്പ്രസിഡന്റ് പി കെ ശ്രീമതി, കെ കെ ശൈലജ, പി സതീദേവി, ഡോ. ആർ ബിന്ദു, വീണാ ജോർജ് എന്നിവർ സംസാരിക്കും.
പുരസ്‌കാര ജേതാവിന് സ്വീകരണം നൽകി
ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമി നൽകുന്ന എപിജെ അബ്ദുൾ കലാം നാഷണൽ അവാർഡ് നേടിയ കെ രാഘവൻ മാസ്റ്ററെ അനുമോദിച്ചു. കില കണ്ണൂർ ബ്ലോക്ക് കോർഡിനേറ്ററും പി കെഎസ് പാപ്പിനിശേരി ഏരിയാ പ്രസിഡന്റുമാണ്. കില കണ്ണൂർ ടീം നേതൃത്വത്തിൽ എപിജെ ലൈബ്രറിയിൽ നടന്ന ചടങ്ങ് കില ജില്ലാ കോർഡിനേറ്റർ പിവി രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. പിവി ബാലകൃഷ്ണൻ അധ്യക്ഷനായി. ടികെ ദിവാകരൻ, എ കെ ജയരാജൻ, രവീന്ദ്രൻ തൊടീക്കളം, രവി നമ്പ്രം, എം പ്രജിത്ത്കുമാർ, കെ പി സജീന്ദ്രൻ, കെ ശ്രുതി എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് കെ രാഘവൻ മാസ്റ്റർ നന്ദി പറഞ്ഞു.
ഒരു തദേശ സ്ഥാപനം ഒരു ആശയം ശിൽപ്പശാല
കണ്ണൂർ
ഓരോ തദേശസ്ഥാപനത്തിലും നൂതന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വകുപ്പ് മേധാവികൾക്ക് പരിശീലനം നൽകി. കിലയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. എഡിസി അബ്ദുൾ ജലീൽ അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷിറാസ് സംസാരിച്ചു. പിവി രത്‌നാകരൻ സ്വാഗതവും പി കെ ബൈജു നന്ദിയും പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, കില റിസോഴ്‌സ് പേഴ്‌സൺമാരായ പിപി ദാമോദരൻ, കെ സി പത്മനാഭൻ, കെ ഷാജി, രവി രാമന്തളി എന്നിവർ ക്ലാസെടുത്തു.