രക്താര്‍ബുദം ബാധിച്ച് മരണത്തെ മുന്നില്‍കണ്ടുകൊണ്ട് ആശുപത്രിക്കിടക്കയില്‍ ഞെരിഞ്ഞമരുമ്പോഴും, അള്‍ജീരിയ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ വിമോചനത്തെക്കുറച്ചുള്ള തീപാറുന്ന സ്വപ്‌നങ്ങളായിരുന്നു ഫ്രാന്‍സ് ഫാനന്‍ എന്ന മഹാവിപ്ലവകാരിയുടെ ഇടനെഞ്ചിലാകമാനം കത്തിജ്വലിച്ചുകൊണ്ടിരുന്നത്.

ഒരിക്കലും തളരാത്ത, ആര്‍ക്കും തളര്‍ത്താനാവാത്ത പോരാട്ടക്കരുത്തിന്റെ ആള്‍രൂപം കൂടിയായിരുന്നു ഫാനന്‍. അസുഖം ബാധിച്ച് അതിക്ഷീണിതനായി തുടരുമ്പോഴും ഴാങ് പോള്‍ സാര്‍ത്രിനെപ്പോലുള്ള മഹാചിന്തകരോട് പാതിരാത്രി കഴിഞ്ഞും നീളുന്ന സംവാദങ്ങളുടെ പുതിയ ലോകങ്ങളിലേയ്ക്ക് ഫാനന്‍ ഇറങ്ങിച്ചെല്ലുമായിരുന്നു. അര്‍ബുദ ബാധിതനാണെന്നറിഞ്ഞ ഘട്ടത്തില്‍പ്പോലും അതിനെ വകവെയ്ക്കാതെ അള്‍ജീരിയയിലെ സഖാക്കള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ചും ദര്‍ശനത്തെക്കുറിച്ചും ഫാനന്‍ ക്ലാസെടുക്കുകയായിരുന്നു. ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെ അതിരൂക്ഷമായി മുന്നേറിക്കൊണ്ടിരുന്ന അള്‍ജീരിയന്‍ വിപ്ലവപോരാട്ടങ്ങളോടൊപ്പം ഫാനന്‍ അപ്പോഴും തുടരുകയായിരുന്നു. ഇങ്ങനെ ഏതു ഘട്ടത്തിലും, സ്വന്തം ജീവന്‍തന്നെ തകരുമെന്നറിഞ്ഞിട്ടും, വിമോചനമുന്നേറ്റങ്ങള്‍ക്കൊപ്പം തന്റെ പ്രാണന്റെ അവസാനതുള്ളിയും ചോര്‍ന്നൊലിച്ചു പോകുന്നതുവരെ പതറാതെ നിലയുറപ്പിച്ചുനിന്ന ആത്മവീര്യത്തിന്റെ അടയാളം കൂടിയായിരുന്നു ഫ്രാന്‍സ് ഫാനന്‍.

ഇരുപതാം നൂറ്റാണ്ടുകണ്ട അസാമാന്യനായ സാമ്രാജ്യത്വവിരുദ്ധ ചിന്തകനും പോരാളിയുമായിരുന്നു ഫാനന്‍. ഏഷ്യയിലും ആഫ്രിക്കയിലും അറേബ്യയിലും ലാറ്റിനമേരിക്കയിലും മാത്രമല്ല അമേരിക്കയിലും യൂറോപ്യന്‍രാജ്യങ്ങളിലും ഉള്‍പ്പെടെ അത്യഗാധമായ നിലകളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു ഫാനന്റെ ആശയപരിസരങ്ങള്‍. കൊളോണിയല്‍ വിരുദ്ധപോരാളികളുടെയും സ്ത്രീവാദചിന്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വംശീയവിരുദ്ധ സൈദ്ധാന്തികരുടെയും പ്രചോദനസാമഗ്രിയായി ഫാനന്‍ നിരന്തരം മാറിക്കൊണ്ടിരുന്നു. ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന സര്‍വവിധ മനുഷ്യരുടെയും ആവേശമായി ഫാനന്‍ ഇപ്പോഴും നിലകൊള്ളുകയാണ്. മൂന്നാം ലോകരാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങളെയും അധ്വാനത്തെയും പുതിയരൂപങ്ങളില്‍ വമ്പന്‍ ചൂഷണത്തിനു വിധേയമാക്കിക്കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാമ്രാജ്യത്വം അതിന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഫാനന്റെ ചിന്താലോകങ്ങള്‍ കൂടുതല്‍ പ്രസക്തവും സമകാലികവുമായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
വിപ്ലവത്തിനും മാനവവിമോചനത്തിനും വേണ്ടിയുള്ള അടങ്ങാത്ത പ്രതിബദ്ധതയായിരുന്നു ഫാനന്റെ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അന്തര്‍ധാര. അതിസങ്കീര്‍ണങ്ങളായ പ്രശ്‌നപരിസരങ്ങളിലേയ്ക്ക് അത്യഗാധമായ വെളിച്ചത്തോടെയും തെളിച്ചത്തോടെയും കടന്നുചെന്ന ചിന്തകനായിരുന്നു അദ്ദേഹം. തൊഴില്‍പരമായും കേവലം ഒരു മനോരോഗവിദഗ്ധനായി ഒതുങ്ങിക്കൂടാന്‍ ഫാനന്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ, ഹിംസയ്ക്കും അടിച്ചമര്‍ത്തലിനും ഇരകളായിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ രോഗബാധിത മനോഘടനകളെ പഠിക്കാനും കൊളോണിയല്‍ ആധിപത്യത്തിന് അത്തരം മനോഘടനകളെ രൂപപ്പെടുത്തിയെടുക്കുന്നതിലുള്ള അതിനിര്‍ണ്ണായകമായ പങ്കിനെ പുറത്തുകൊണ്ടുവരാനും തന്റെ തൊഴിലിനെയും ഫാനന്‍ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു.


രണ്ട്
ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിന്‍ കീഴിലായിരുന്ന മാര്‍ട്ടിനിക്ക് ദ്വീപിന്റെ തലസ്ഥാനനഗരിയായ ഫോര്‍ഡ്-ഡി-ഫ്രാന്‍സില്‍ 1925 ജൂലൈ 20-നായിരുന്നു ഫ്രാന്‍സ് ഫാനന്‍ ജനിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ആന്റിലസിലേക്ക് കൊളോണിയല്‍ ശക്തികള്‍ കടത്തിക്കൊണ്ടുവന്ന അടിമകളുടെ പരമ്പരയിലെ ഒരു കണ്ണിയായിരുന്നു ഫാനന്റെ കുടുംബം. അതിരൂക്ഷവും അതിസങ്കീര്‍ണ്ണവുമായ വംശീയ വിവേചനങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരുന്ന ഒരു അടിമവിഭാഗമായിരുന്നു അവര്‍. എന്നാല്‍ ആഫ്രിക്കന്‍ കോളനികളിലെ കറുത്തവിഭാഗങ്ങളെ അപേക്ഷിച്ച് ഇവര്‍ വ്യത്യസ്തരുമായിരുന്നു. കാരണം ആന്റിലസില്‍ ആഫ്രിക്കന്‍ കോളനികളില്‍ നിന്നും വ്യത്യസ്തമായി കറുത്തവര്‍ഗത്തിനിടയില്‍ ഒരു ബൂര്‍ഷ്വാവിഭാഗം ഉദയം ചെയ്തിരുന്നു. ഈ ബൂര്‍ഷ്വാവിഭാഗമാകട്ടെ ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തില്‍നിന്നുള്ള ദേശീയവിമോചന പോരാട്ടങ്ങള്‍ക്കായിരുന്നില്ല പ്രാധാന്യം കൊടുത്തിരുന്നത്. മറിച്ച് ഫ്രഞ്ച് സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് ഫ്രഞ്ച് ജനതയായിത്തീരാനായിരുന്നു അവര്‍ വെമ്പല്‍കൊണ്ടിരുന്നത്. ഈ വിഭാഗത്തില്‍പ്പെട്ടതായിരുന്നു ഫാനന്റെ കുടുംബം. ഫാനന്റെ അച്ഛനാകട്ടെ ഫ്രഞ്ച് കൊളോണിയല്‍ സര്‍ക്കാരില്‍ കസ്റ്റംസ് ഓഫീസറായി ജോലി നോക്കുകയായിരുന്നു. ഫാനനുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ അഞ്ച് മക്കളും സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനായി ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളിലായിരുന്നു തുടര്‍പഠനം നടത്തിയിരുന്നത്.


പഠിക്കുന്ന കാലത്ത് ഫാനനെ ഏറ്റവും കൂടതല്‍ സ്വാധീനിച്ചിരുന്നത് മാര്‍ട്ടിനിക്കില്‍ നിന്നുള്ള പ്രശസ്ത ഫ്രഞ്ച് കവിയും എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അയ്‌മെ സെസയറായിരുന്നു. അയ്‌മെ സെസെയറിന്റെ കവിതകളും എഴുത്തുരീതിയും ഫാനനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതോടൊപ്പം കൊളോണിയല്‍ വംശീയതയ്‌ക്കെതിരെയുള്ള അയ്‌മെ സെസെയറിന്റെ അതിശക്തമായ നിലപാടുകളും ഫാനനില്‍ വലിയ സ്വാധീനം സൃഷ്ടിച്ചിരുന്നു. മാര്‍ട്ടിനിക്കില്‍ വിക്കി ഭരണകൂടത്തിനെതിരെ (ഢശരവ്യ ൃലഴശാല) അരങ്ങേറിയ പ്രക്ഷോഭപരിപാടികളില്‍ ഫാനനും അണിചേര്‍ന്നിരുന്നു. അന്ന് പതിനെട്ട് വയസായിരുന്നു ഫാനന്റെ പ്രായം. ഈ സമയത്തായിരുന്നു ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ അണിചേരുന്നതിനുവേണ്ടി ഫ്രഞ്ച് സൈന്യത്തില്‍ ഫാനന്‍ അണിനിരക്കുന്നത്. ഈ ഘട്ടങ്ങളില്‍ ഫ്രഞ്ച് സൈന്യത്തിനുള്ളിലെ വംശീയപരിസരങ്ങളുടെ ഭീകരതയെ ഫാനന്‍ തിരിച്ചറിയുന്നുണ്ട്. രണ്ടു വര്‍ഷത്തെ സൈനികസേവനത്തിനുശേഷം മാര്‍ട്ടിനിക്കില്‍ ഫാനന്‍ തിരിച്ചെത്തുന്നു. ഈ സമയത്ത് ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച അയ്‌മെ സെസെയറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളിലും ഫാനന്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ആഫ്രിക്കയിലെയും കരീബിയയിലെയും ദാര്‍ശനിക-സാഹിത്യപാരമ്പര്യങ്ങളുടെ അടിത്തറയിന്‍മേലായിരുന്നു ഫാനന്റെ ബൗദ്ധികാന്വേഷണങ്ങള്‍ക്ക് ആര്‍ജവം കൈവന്നുതുടങ്ങുന്നത്. അയ്‌മെ സെസെയറിനെപ്പോലെ സി.എല്‍.ആര്‍.ജെയിംസ്, ജോര്‍ജ് പാഡ്‌മോര്‍ തുടങ്ങിയുള്ള ചിന്തകരുടെ ആശയപരിസരങ്ങളും ഫാനനെ ഇളക്കിമറിച്ചിരുന്നു. ഇത്തരത്തിലുള്ള ബൗദ്ധികസ്വാധീനങ്ങളുടെ ഭാഗമായി യൗവനാരംഭത്തില്‍തന്നെ ഇടതുപക്ഷവീക്ഷണങ്ങളുടെ അരികുകളിലേക്ക് ഫാനന്‍ എത്തിച്ചേര്‍ന്നിരുന്നു.

1947-ല്‍, ഉപരിപഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പോടെ, മാര്‍ട്ടിനിക്കില്‍ നിന്നും ഫ്രാന്‍സിലേക്ക് ഫാനന്‍ യാത്രയാകുന്നു. പാരീസിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിയോണ്‍സില്‍ മെഡിസിനില്‍ എന്റോള്‍ ചെയ്തു. സൈക്ക്യാട്രി (മനോരോഗശാസ്ത്രം) പഠിക്കാനാരംഭിക്കുന്നു. അതോടൊപ്പം, സാഹിത്യത്തിന്റെയും തത്ത്വശാസ്ത്രത്തിന്റെയും പഠനമേഖലകളിലേയ്ക്കും ഫാനന്‍ ആഴ്ന്നിറങ്ങുന്നു. ഴാങ്‌പോള്‍ സാര്‍ത്രിന്റെ അടുത്ത സുഹൃത്തും തത്വചിന്തകനുമായ മൗറിസ് മെര്‍ലിയോ-പോന്റിയുടെ പ്രഭാഷണങ്ങളും ഫാനന്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. മെര്‍ലിയോ-പോന്റിയുമായി വളരെ അടുത്തബന്ധം ഫാനന് പിന്നീടുണ്ടാകുന്നുണ്ട്. മെര്‍ലിയോ-പോന്റിയുടെ പ്രഭാഷണങ്ങളുടെ സ്വാധീനത്തിലൂടെയാണ് ജര്‍മന്‍ തത്ത്വചിന്തകനായ ഹെഗലിന്റെ പ്രാതിഭാസികവിജ്ഞാനീയത്തിലേക്കും വൈരുദ്ധ്യാത്മതയിലേക്കും ഫാനന്‍ എത്തിച്ചേരുന്നത്. അതോടൊപ്പം സാര്‍ത്രിന്റെ അസ്തിത്വവാദ ദര്‍ശനങ്ങളുടെ വാതിലുകളും ഇവിടെവെച്ച് തുറക്കപ്പെടുന്നുണ്ട്. തത്വശാസ്ത്രത്തിന്റെ വിവിധരൂപങ്ങളിലൂടെ ഫാനന്‍ കടന്നുപോകുന്നു. തുടര്‍ന്ന്, കീര്‍ക്കെഗാര്‍ഡ്, നീത്‌ഷേ, മാര്‍ക്‌സ്, ലെനിന്‍, ഹൂസേള്‍, ഹൈഡഗര്‍ തുടങ്ങി നിരവധിപേരിലേക്ക് വായനയും പഠനവും പരക്കുന്നു. ഈ പഠനങ്ങളെല്ലാം ഫാനന്റെ ചിന്തകളെയും അന്വേഷണങ്ങളെയും കൂടുതല്‍ അഗാധതലങ്ങളില്‍ പുതുക്കിപ്പണിതുകൊണ്ടിരുന്നു. യുദ്ധാനന്തര-മനഃശാസ്ത്രജ്ഞരുടെ പഠനങ്ങളിലേക്കും ഫാനന്‍ മുങ്ങിത്താണുകൊണ്ടിരുന്നു. ഫ്രഞ്ച് കോളനികളില്‍ രൂപംകൊണ്ട മനഃശാസ്ത്രഗ്രന്ഥങ്ങളുടെ പഠനത്തിനും പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നു.

1951-ല്‍ പഠനം പൂര്‍ത്തിയാകുകയും പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ സൈക്കോപാത്തോളജിയില്‍ സംസ്‌കാരം വഹിക്കുന്ന പങ്കിനെക്കുറിച്ചും പഠിക്കാനാരംഭിച്ചിരുന്നു. തുടര്‍ന്ന്, 1953-ല്‍, അള്‍ജീരിയയിലെ ബ്രിഡ-സൈക്കിയാട്രിക് ഹോസ്പിറ്റലില്‍ മനോരോഗവിദഗ്ദ്ധനായി ജോലി ലഭിക്കുന്നു. അള്‍ജീരിയന്‍ ജനതയുടെ സാംസ്‌കാരികവും മനഃശാസ്ത്രപരവുമായ ജീവിതത്തെ അടുത്തറിയാനും പഠിക്കാനും വേണ്ടി അള്‍ജീരിയയിലുടനീളം ഫാനന്‍ യാത്ര ചെയ്തു. ഈ യാത്രക്കിടയിലായിരുന്നു ഫ്രഞ്ചുകാരുടെ നാഗരികവത്ക്കരണ ദൗത്യത്തിന്റെ (രശ്ശഹശശെിഴ ാശശൈീി) കൊടുംക്രൂരതകളും പൊള്ളത്തരങ്ങളും അതിന്റെ സൂക്ഷ്മതയില്‍ ഫാനന് മുന്നില്‍ തെളിഞ്ഞുവന്നത്. യൂറോപ്യന്‍ വിഭാഗത്തില്‍പ്പെട്ട ആര്‍ക്കും അള്‍ജീരിയന്‍ ജനതയെ ചൂഷണം ചെയ്യാനും കൈയേറാനും യാതൊരുവിധ തടസങ്ങളുമില്ലായിരുന്നു. അള്‍ജീരിയന്‍ ജനത അനുഭവിച്ചുകൊണ്ടിരുന്ന അതിമാരകമായ ദാരിദ്ര്യവും വംശീയതയും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും ഫാനനെ തളര്‍ത്തിക്കളഞ്ഞു. 1954-നവംബറിലായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള ദേശീയ വിമോചനയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ സമയത്ത് അള്‍ജീരിയന്‍ ദേശീയ വാദികളുമായി ഫാനന്‍ അടുത്ത ബന്ധം സ്ഥാപിക്കുന്നുണ്ട്. മുറിവേറ്റു വീഴുന്ന വിമോചനപോരാളികളെ ഫാനന്‍ ചികിത്സിക്കാനാരംഭിക്കുന്നു.


മൂന്ന്
ഇരുപത്തിയെട്ടാമത്തെ വയസിലായിരുന്നു ഒരു സൈക്ക്യാട്രിസ്റ്റ് എന്ന നിലയില്‍ ഫാനന്‍ അള്‍ജീരിയയില്‍ എത്തിച്ചേരുന്നത്. യൂറോപ്യന്‍ തത്ത്വശാസ്ത്രത്തിലും ആഫ്രോ-കരീബിയന്‍ ചിന്താധാരയിലും അതോടൊപ്പം സൈക്യാട്രിയിലും ആര്‍ജിച്ചെടുത്ത അപാരമായ ധൈഷണികോര്‍ജത്തോടെയായിരുന്നു ഫാനന്‍ അള്‍ജീരിയയില്‍ എത്തിപ്പെടുന്നത്. കൊളോണിയലിസവും അതിന്റെ വംശീയതയും എങ്ങനെയാണ് കറുത്തവര്‍ഗക്കാരെ ബാധിച്ചുകൊണ്ടിരിക്കുന്നതെന്ന ആലോചനകള്‍ക്കായിരുന്നു അള്‍ജീരിയയില്‍ എത്തിപ്പെടുന്നതുവരെ ഫാനന്റെ ചിന്താലോകത്തില്‍ പ്രാമുഖ്യം ലഭിച്ചിരുന്നത്. തന്റെ കറുത്തതൊലിയും നീഗ്രോ എന്ന സ്വത്വവും അത്തരം ആലോചനകളില്‍ നിറഞ്ഞുനിന്നിരുന്നു. അള്‍ജീരിയയില്‍ എത്തപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഫാനന്റെ ആദ്യത്തെ പുസ്തകമായ ''കറുത്തതൊലിയും വെളുത്തമുഖംമൂടികളും'' (ആഹമരസ ടസശി, ണവശലേ ങമസെ,െ 1952) പുറത്തുവന്നിരുന്നത്. ''കറുത്ത തൊലിയും വെളുത്ത മുഖംമൂടികളും'' ഫാനന്റെ ഗവേഷണപ്രബന്ധമായിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റ് ഓഫ് ലിയോണ്‍ ആ പ്രബന്ധം തിരസ്‌കരിക്കുകയാണുണ്ടായത്. കൊളോണിയല്‍ ആധിപത്യം കറുത്ത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന മനോഘടനാപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പ്രബന്ധമായിരുന്നു അത്. തന്റെ ജീവിതത്തിലും പഠനകാലത്തും ഫാനന്‍ അനുഭവിച്ച വംശീയവിദ്വേഷത്തിന്റെ അടയാളവാക്യം കൂടിയായിരുന്നു അത്. അയ്‌മെ സെസെയറിന്റെ ഏറെ പ്രശസ്തമായ 'എന്റെ ജന്മനാട്' (ങ്യ ചമശേ്‌ല ഘമിറ) എന്ന കവിതയുടെ അഗാധമായ സ്വാധീനതലങ്ങളും ഈ പുസ്തകത്തില്‍ കണ്ടെത്താനാകും. എന്നാല്‍, അള്‍ജീരിയയില്‍ എത്തിച്ചേര്‍ന്നശേഷം, കൊളോണിയല്‍ വംശീയതയുടെയും ഹിംസയുടെയും ഇരകള്‍ കറുത്തതൊലിയുള്ള മനുഷ്യര്‍ മാത്രമല്ലെന്ന അതിഗംഭീരമായ പുതിയൊരു തിരിച്ചറിവിലേയ്ക്കായിരുന്നു ഫാനന്‍ എത്തിച്ചേര്‍ന്നത്. മാര്‍ട്ടിനിക്കില്‍ താന്‍ കണ്ടുപരിചയിച്ച കൊളോണിയല്‍ വംശീയതയെയും ഹിംസകളെയുംകാള്‍ ഏറെ ഭീകരവും കിരാതവുമായിരുന്നു അള്‍ജീരിയയിലെ അതിന്റെ ആവിഷ്‌ക്കാരങ്ങള്‍. കറുത്തതൊലിയുള്ളവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതേ അളവിലുള്ള കൊളോണിയല്‍ ക്രൂരതകള്‍ക്ക് അള്‍ജീരിയയിലെ അറബികളും വിധേയമായിക്കൊണ്ടിരിക്കുന്നതായി ഈ ഘട്ടങ്ങളില്‍ ഫാനന്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ കൊളോണിയല്‍ വംശീയഘടനാസംവിധാനങ്ങളുടെ തലങ്ങളില്‍ നിറത്തിന് രണ്ടാം സ്ഥാനമേയുള്ളൂവെന്ന പുതിയൊരു തിരിച്ചറിവ് ഫാനനില്‍ നിറയുന്നുണ്ട്. അതോടൊപ്പം, കൊളോണിയല്‍ ഘടനാസംവിധാനം അള്‍ജീരിയന്‍ ജനങ്ങളുടെ മേല്‍ കുത്തിനിറച്ചുകൊണ്ടിരിക്കുന്ന മനഃശാസ്ത്രപരമായ മുറിവുകളുടെ അഗാധതലങ്ങളെക്കുറിച്ചും ഈ ഘട്ടങ്ങളില്‍ അതിന്റെ സമഗ്രതയില്‍ ഫാനന്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഫാനനെ സ്വത്വരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ ഫാനന്റെ ചിന്താലോകത്തിലെ ഈയൊരു പുതിയ മാനത്തെ ബോധപൂര്‍വം തിരസ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതായി കാണാന്‍ കഴിയും.

ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള ചോരവാര്‍ന്നൊഴുകുന്ന പോരാട്ടപരിസരങ്ങള്‍ നിരന്തരമെന്നോണം അതിതീവ്രമായിക്കൊണ്ടിരിക്കുകയായിരുന്നു. അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടുമായി (എഘച) ഫാനന്‍ കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥനായി അള്‍ജീരിയയില്‍ തുടരുന്നതിലെ അപാരമായ വൈരുദ്ധ്യത്തെ ഫാനന്‍ തിരിച്ചറിയുന്നുണ്ട്. അങ്ങനെ ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം തനിക്ക് സമ്മാനിച്ച ഉദ്യോഗത്തെ 1956-ഓടെ ഫാനന്‍ വലിച്ചെറിയുന്നു. അതോടെ കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങള്‍ക്കായി തന്റെ ജീവിതത്തെ ആകമാനം പകുത്തുനല്‍കാന്‍ തുടങ്ങുന്നു. ഇങ്ങനെ മുപ്പത്തിയൊന്നാം വയസില്‍, ഒരു മുഴുവന്‍ സമയ വിപ്ലവപ്രവര്‍ത്തകനായി ഫാനന്‍ പരിവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടമാകട്ടെ 1957-ല്‍ ഫാനനെ അള്‍ജീരിയയില്‍ നിന്നും നാടുകടത്തുകയും അള്‍ജീരിയയിലെ ബ്ലിഡാ ഹോസ്പിറ്റലിനെ തകര്‍ത്തുകളയുകയും ചെയ്തു.

1956-ല്‍ പാരീസില്‍ ചേര്‍ന്ന കറുത്തവര്‍ഗക്കാരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആദ്യത്തെ ലോകസമ്മേളനത്തില്‍ ഫാനനും പങ്കെടുക്കുന്നുണ്ട്. ആ ലോകസമ്മേളനത്തില്‍ വെച്ച് ഫാനന്‍ നടത്തിയ പ്രഭാഷണമാകട്ടെ കൊളോണിയല്‍ വംശീയതയ്‌ക്കെതിരെയുള്ള അതിശക്തമായ യുദ്ധപ്രഖ്യാപനമായിരുന്നു. കടുത്തപോരാട്ടങ്ങളിലൂടെ കൊളോണിയല്‍ ഘടനാസംവിധാനങ്ങളെ ആകമാനം തകര്‍ത്തെറിയേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഫാനന്‍ അടിവരയിട്ടു പറഞ്ഞു. 1957 മെയ് മാസത്തോടെ അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ അതിശക്തനായ വക്താവായി ഫാനന്‍ മാറിക്കഴിഞ്ഞിരുന്നു. അള്‍ജീരിയന്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുഖപത്രമായ അല്‍ മുജാഹിദിന്റെ താളുകളില്‍ ഫാനന്റെ ലേഖനങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതോടൊപ്പം കൊളോണിയല്‍ നുകത്തില്‍ നിന്നും പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലേയ്ക്കുള്ള അള്‍ജീരിയയുടെ അംബാസിഡറെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യാപിപ്പിക്കുന്നതിലും ഫാനന്‍ വ്യാപൃതനായിത്തീര്‍ന്നു.

1961-ല്‍ റോമില്‍വെച്ച് ഴാങ്‌പോള്‍ സാര്‍ത്രിനെയും സിമോണ്‍ ദി ബൊവാറിനെയും ഫാനന്‍ കണ്ടുമുട്ടുന്നുണ്ട്. ഫാനന്റെ ചിന്താപരിസരങ്ങളെ അതിതീക്ഷ്ണമായി സ്വാധീനിച്ച എഴുത്തുകാരായിരുന്നു അവര്‍. മൂന്നാം ലോകരാജ്യങ്ങളുടെ വിപ്ലവപരിപ്രേക്ഷ്യത്തെക്കുറിച്ച് ഒരു മാനിഫെസ്റ്റോ രചിക്കുന്നതിനുള്ള ചിന്താപരിസരങ്ങള്‍ ഫാനനില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. മൂന്നാം ലോകരാജ്യങ്ങളുടെ വിപ്ലവത്തെക്കുറിച്ച് സാര്‍ത്രുമായും ബൊവാറുമായും ഫാനന്‍ തീക്ഷ്ണമായ ആശയസംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തു. 1961-ല്‍ തന്റെ ഏറ്റവും തീക്ഷ്ണമായ പുസ്തകത്തിന്റെ രചനയിലേയ്ക്ക് ഫാനന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. ആ പുസ്തകത്തിന് അവതാരിക എഴുതാമെന്ന് സാര്‍ത്ര് സമ്മതിക്കുകയും ചെയ്തിരുന്നു. ആ പുസ്തകത്തിന്റെ പേരാണ് ''ഭൂമിയിലെ പതിതര്‍'' (ഠവല ണൃലരേവലറ ീള വേല ഋമൃവേ). മൂന്നാംലോക രാജ്യത്തിലെ മര്‍ദിതരുടെ മാനിഫെസ്റ്റോ എന്ന നിലയില്‍ ലോകത്താകമാനം അലയൊലികള്‍ സൃഷ്ടിച്ച വിപ്ലവഗ്രന്ഥമായിരുന്നു അത്. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവഗീതകത്തില്‍ നിന്നുമായിരുന്നു ഫാനന്‍ തന്റെ പുസ്തകത്തിന്റെ പേര് സ്വീകരിച്ചതെന്ന കാര്യവും സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്.

ഘാനയില്‍ പര്യടനം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു തനിക്ക് രക്താര്‍ബുദം ബാധിച്ചിട്ടുള്ളതായി പരിശോധനയിലൂടെ ഫാനന്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന്, ചികിത്സയ്ക്കായി സോവിയറ്റ് യൂണിയനിലേയ്ക്കായിരുന്നു ഫാനന്‍ യാത്രയായത്. രോഗം അല്പം ഭേദമായതിനെ തുടര്‍ന്ന് ഫാനന്‍ അള്‍ജീരിയയിലേയ്ക്ക് വീണ്ടും തിരിച്ചെത്തുകയും ടുണീഷ്യയിലെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യാത്ര തിരിക്കുകയും ചെയ്തു. ഒരു രോഗത്തിനും തളര്‍ത്താനാവാത്തത്ര ആത്മവീര്യമായിരുന്നു ഫാനനില്‍ അപ്പോഴും ജ്വലിച്ചുനിന്നിരുന്നത്. എന്നാല്‍ രോഗം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് വിദഗ്ദ്ധചികിത്സയ്ക്കായി അമേരിക്കന്‍ ഐക്യനാടുകളിലേയ്ക്കായിരുന്നു ഫാനന് പോകേണ്ടിവന്നത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ താല്പര്യം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി പിന്നീട് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ എത്തിയതിനുശേഷം ഏകദേശം ഒരാഴ്ചക്കാലം യാതൊരുവിധ ചികിത്സയും ലഭിക്കാതെ ഫാനന് കഴിഞ്ഞുകൂടേണ്ടിവന്നിരുന്നതായും പറയപ്പെടുന്നു. എന്തായാലും അസുഖം അതിതീവ്രമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് 1961 ഡിസംബര്‍ 6-ന്, തന്റെ മുപ്പത്തിയാറാമത്തെ വയസ്സില്‍, ആ മഹാവിപ്ലവകാരിക്ക് മരണത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അള്‍ജീരിയയിലെ മണ്ണിലായിരുന്നു ഫാനനെ അടക്കം ചെയ്തത്. ഫാനന്റെ ശവകുടീരത്തില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന ആ വാക്കുകള്‍ ഒരു പ്രകമ്പനമായി, പുതിയൊരു ലോകത്തെ സ്വപ്‌നം കാണുന്ന എല്ലാ മനുഷ്യരുടെയും കാതുകളില്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.... ''എന്നെ സദാ ചോദ്യം ചോദിക്കുന്ന ഒരുവനാക്കുക.

പി എസ് പൂഴനാട്

Most Read

  • Week

  • Month

  • All