കെ ആര്‍ മായ
രാജ്യത്തെ നടുക്കിയ 2012 ഡിസംബര്‍ 23ന്റെ ഓര്‍മപുതുക്കിക്കൊണ്ട് നിര്‍ഭയ ദിനത്തില്‍ (ഡിസംബര്‍ 29) സ്ത്രീകള്‍ നടത്തിയ ''രാത്രിനടത്തം'' വ്യത്യസ്തതകൊണ്ടുമാത്രവുമല്ല, അതിന് പിന്നിലുള്ള, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതകൊണ്ടുകൂടി ശ്രദ്ധേയമായി.
പുരുഷനെന്നപോലെ എല്ലാ സ്ഥല-കാലങ്ങളും സ്ത്രീക്കുകൂടി അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിനു സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍ഗ്രാമങ്ങളില്‍പോലും അര്‍ധരാത്രിയില്‍ നടന്ന് 'പൊതുഇടം എന്റേതും'' കൂടിയാണ് എന്ന് പ്രഖ്യാപിച്ചു. എല്ലാ തലങ്ങളിലും സ്ത്രീസമൂഹത്തിന്റെയാകെ മാറ്റത്തിനായുള്ള ക്രിയാത്മക നടപടികളുമായി എല്‍ഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ടുപോകുമ്പോഴും ഇന്ത്യ മോഡി വാഴ്ചയിന്‍കീഴില്‍ ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കേണ്ട സ്ഥിതിയില്‍ തന്നെ തുടരുകയാണ്. ലോക ബലാല്‍സംഗ തലസ്ഥാനം എന്ന ''ബഹുമതി''യില്‍ നിന്നും അല്‍പം പോലും പുറകോട്ടുപോയില്ലെന്നു മാത്രമല്ല അതിനെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോ പതിനഞ്ചുമിനിട്ടിലും ഒരു ബലാത്സംഗം നടക്കുന്നു; ഒരു ദിവസം 90 സ്ത്രീകളെങ്കിലും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ബലാല്‍സംഗത്തിനോ കൂട്ടബലാല്‍സംഗത്തിനോ ഇരയാവുന്നു. പ്രധാനപ്പെട്ട മറ്റൊരു കാര്യം, സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ 90 ശതമാനത്തിലേറെയും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല എന്നുള്ളതാണ്. ഇങ്ങനെ റിപ്പോര്‍ട്ടുചെയ്യപ്പെടാതിരിക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങളിലൊന്ന് ഇങ്ങേയറ്റം പരാതി കൊടുക്കുന്ന ഇടം മുതലുള്ള ഉദ്യോഗസ്ഥതലത്തിലും സമൂഹമനഃസ്ഥിതിയിലും വ്യവസ്ഥയിലൊന്നാകെയും നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധനിലപാടാണ്. ഈയിടെ വിധി പ്രഖ്യാപിക്കപ്പെട്ട ഉന്നാവോ കേസില്‍വരെ ഇത് പ്രതിഫലിച്ചത് നാം കണ്ടതാണ്.
വെറും പതിനേഴുവയസ്സു മാത്രമുണ്ടായിരുന്ന കളിച്ചും പഠിച്ചും നടക്കേണ്ട പെണ്‍കുട്ടി രണ്ടരവര്‍ഷക്കാലം, ഭരിക്കുന്ന ബിജെപി എന്ന രാഷ്ട്രീയപാര്‍ടിയുടെ അധികാരഹുങ്കിനോടും ഉദ്യോഗസ്ഥ സംവിധാനത്തോടും ഒരുപോലെ പൊരുതിയാണ് പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെംഗാര്‍ എന്ന ബലാല്‍സംഗ കുറ്റവാളിക്ക് മരണപര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുത്തത്. ശിക്ഷാവിധി കേട്ടപ്പോള്‍ ആ 19കാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഞാനൊരല്‍പം ധൈര്യം കാട്ടി; പക്ഷേ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുടുംബത്തെയാണ്''. ചതിയിലൂടെ വീട്ടിലേക്കു വിളിച്ചുവരുത്തിയ എംഎല്‍എ അവളെ തടങ്കലില്‍വച്ച് ക്രൂരമായി ബലാല്‍സംഗം ചെയ്തു. ശേഷം 60,000 രൂപയ്ക്ക് അയാള്‍ തന്റെ സഹോദരനും കൂട്ടാളികള്‍ക്കും അവളെ വിറ്റു. ദിവസങ്ങള്‍ക്കുശേഷം അടുത്ത ഗ്രാമത്തില്‍ നിന്നാണ് അവളെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി ലഭിച്ചിട്ടും അവിടത്തെ പൊലീസുകാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല. പെണ്‍കുട്ടിയും അവളുടെ അച്ഛനും ചേര്‍ന്നാണ് വീണ്ടും കേസുകൊടുക്കാന്‍ തീരുമാനിച്ചത്. അവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സീനിയര്‍ പൊലീസ് ഓഫീസര്‍ക്കും കത്തെഴുതി. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി ജയിലലടച്ചു. പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് അയാള്‍ മരണപ്പെട്ടു. അതില്‍ പിന്നീടാണ്, മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്‍ കുടുംബത്തോടൊപ്പം സത്യാഗ്രഹമിരുന്ന അവള്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. അപ്പോഴേക്കും സംഭവം പൊതുജനശ്രദ്ധ നേടി. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്ക് പ്രത്യേക അന്വേഷണ സംഘത്തെ വെക്കേണ്ടി വന്നു. ഇതിനിടയില്‍ സുപ്രീംകോടതി ഇടപെട്ട് കേസ് ഡല്‍ഹിയിലേക്കുമാറ്റി. അതിനുശേഷമാണ് അന്വേഷണം പുരോഗമിച്ചതും ഒടുവില്‍ ഈ വിധിയിലേക്കെത്തുന്നതും.
ഇതിത്രയും പറഞ്ഞത്, ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് പൊലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കുന്നതുമുതല്‍ നീതി ലഭിക്കുന്നതുവരെ അവള്‍ തരണം ചെയ്യേണ്ടതായി വരുന്ന അതീവ ദുഷ്‌കരമായ വഴികളെപ്പറ്റി സൂചിപ്പിക്കാനാണ്.
2012ലെ നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരം ബലാല്‍സംഗകുറ്റത്തിനു വധശിക്ഷയുള്‍പ്പെടെയുള്ള ശിക്ഷകള്‍ ഉള്‍പ്പെടുത്തി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ഒരു പെണ്‍കുട്ടിയെ പുരുഷന്‍ അവള്‍ക്കിഷ്ടമില്ലാത്ത വിധം 15 സെക്കന്റ് തുടര്‍ച്ചയായി നോക്കിയാല്‍ അതുകുറ്റകരമെന്ന രീതിയില്‍ നിയമങ്ങള്‍ക്ക് ശക്തിയേറിയിട്ടും അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായിത്തന്നെയാണ് എന്‍സിആര്‍ബിയുടെ ഏറ്റവും പുതിയ കണക്കുകളം കാണിക്കുന്നത്. 2019ലെ ആദ്യത്തെ 4 മാസങ്ങളില്‍ (ഏപ്രില്‍ 15 വരെ) ഡല്‍ഹി നഗരത്തില്‍ മാത്രം 578 ബലാല്‍സംഗങ്ങളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. ഈ വര്‍ഷം യുപിയിലെ ഉന്നാവോയില്‍ നിന്നുമാത്രം 90 കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. പല സംസ്ഥാനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ പോലും വിമുഖത കാണിക്കുന്നു. ശിക്ഷാനിരക്കിന്റെ കാര്യം ദയനീയമാണ്. കേരളത്തില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് 84 % ആയിരിക്കുമ്പോള്‍ ബിഹാറില്‍ അത് വെറും 10% മാത്രമാണ്.
ബലാത്സംഗക്കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനായി രൂപം കൊടുത്ത ഫാസ്റ്റുട്രാക്ക് കോടതികളുടെ അവസ്ഥ എന്താണെന്നറിയാന്‍ 2012ലെ നിര്‍ഭയകേസു മാത്രം നോക്കിയാല്‍ മതി. 2012 ഡിസംബര്‍ 16ന് ഹീനമായ കുറ്റകൃത്യം നടന്ന്, പ്രതികളെന്നു കണ്ടെത്തിയവര്‍ക്ക് ശിക്ഷ വിധിച്ചത് 2017 മാര്‍ച്ച് അഞ്ചിനാണ്. പ്രതികളുടെ ശിക്ഷ ഇനിയും നടപ്പായിട്ടുമില്ല.
അതിവേഗകോടതിയില്‍ എത്തിയ, ലോകത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയക്കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റു കേസുകളുടെ അവസ്ഥയെന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍ ഹൈദ്രബാദിലെ വെറ്ററിനറിഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്ന സംഭവത്തില്‍ അതിന്റെ നിഷ്ഠുരതയെക്കാളേെറ വിധി നടപ്പാക്കിയ രീതി ഏറെ കയ്യടിനേടി. ഒരു ജനാധിപത്യരാജ്യത്ത് കണ്ണിനുപകരം കണ്ണ് എന്ന രീതിയില്‍ നിയമം നടപ്പാക്കുന്നത് പരിഷ്‌കൃതസമൂഹത്തിനു ചേര്‍ന്നതാണോ എന്ന രീതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നില്ല. പകരം നീതി നടപ്പാക്കേണ്ടവര്‍ നടത്തിയ അക്രമം പൊതുസമ്മിതി നേടിയെടുക്കുന്നതായാണ് കണ്ടത്. അതിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ ധീരനായകനായും വാഴ്ത്തപ്പെട്ടു. നീതി പെട്ടെന്നു നടപ്പാക്കിയെന്നു പ്രത്യക്ഷത്തില്‍ തോന്നുംവിധം പ്രാകൃത ആള്‍ക്കൂട്ട നീതിയാണ് പൊലീസ് നടപ്പാക്കിയത് എന്നുവിളിച്ചുപറഞ്ഞ സ്ത്രീവിരുദ്ധനയങ്ങള്‍ക്കെതിരെ എക്കാലവും ശബ്ദമുയര്‍ത്തുന്ന ഇടതുപക്ഷത്തിന്റെ നേതാക്കള്‍ ബലാത്സംഗാനുകൂലികളായി മുദ്രകുത്തപ്പെട്ടു.
ഹൈദ്രാബാദില്‍ നടപ്പാക്കപ്പെട്ടത് പക്ഷേ ഉന്നാവോയില്‍, ഭരിക്കുന്ന പാര്‍ടിയായ ബിജെപിയുടെ എംഎല്‍എയുടെ കാര്യത്തില്‍, അധികാരവും പണവും ഉപയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച, അവളുടെ കുടുംബത്തെയാകെ കൊന്നൊടുക്കിയയാളുടെ കാര്യത്തില്‍ ബാധകമാക്കുമോ? കത്‌വയിലെ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയതില്‍ ബാധകമാക്കുമോ? ബിജെപിയെ പിന്താങ്ങുന്ന ആര്‍എസ്എസിന്റെ ആത്മീയകച്ചവടകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ആസാറാം ബാപ്പുവിനും ചിന്മയാനന്ദനും ഇതു ബാധകമാക്കുമോ? ഇല്ല എന്നുതന്നെയാണ് ഇതിനുള്ള ഉത്തരം. അങ്ങനെയെങ്കില്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്ന ബിജെപിക്ക് സ്വന്തം പാര്‍ലമെന്റംഗങ്ങളെ ആദ്യം പച്ചയ്ക്ക് വെടിവെച്ചുകൊല്ലേണ്ടതായി വരും. ബിജെപിയുടെ എംപി/എംഎല്‍എ മാരുടെ പേരിലുള്ള കേസുകളില്‍ 30 ശതമാനവും ബലാത്സംഗം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, കൊലപ്പെടുത്തല്‍ എന്നിവയാണ്. ഗുജറാത്ത് കലാപസമയത്ത് ആഴ്ചകള്‍ക്കൊണ്ട് ഹിന്ദുയുവാക്കളെ കൂട്ടിച്ചേര്‍ത്ത് ഹിന്ദുയുവവാഹിനി രൂപീകരിക്കുകയും അതിലെ യുവാക്കളോട് ''കൊല്ലപ്പെട്ട മുസ്ലീം സ്ത്രീകളെ ഭോഗിക്കാനും ബലാത്സംഗം ചെയ്യാനും'' പോലും ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ ബിജെപിക്ക് സ്ത്രീകളോടുള്ള നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ ഇനിയും വേറെ ഉദാഹരണങ്ങള്‍ തേടേണ്ടതില്ല.
വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ പൊതുവികാരമുയര്‍ന്നപ്പോള്‍ ''ബലാത്സംഗം ബലാത്സംഗമാണ്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്'' എന്ന് മോഡി ലണ്ടനില്‍ പ്രസംഗിക്കുകയുണ്ടായി. യഥാര്‍ഥത്തില്‍ മോഡിയുടെ പാര്‍ടി തന്നെയാണ്, ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്ന ബിജെപി തന്നെയാണ് സ്വന്തം രാഷ്ട്രീയ ശക്തിയെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അടിച്ചമര്‍ത്താനുമായി ഉപയോഗിക്കുന്നത്. കത്‌വയും ഉന്നാവോയുമൊക്കെ നാമറിയുന്ന ചില ഉദാഹരണങ്ങള്‍ മാത്രം. എന്തായാലും ഈ സംഭവങ്ങളിലൊക്കെത്തന്നെ അധികാരശക്തിയല്ലാതിരുന്നിട്ടുകൂടി ഇന്ത്യയിലെ ഇടതുപക്ഷമാണ് ശക്തമായ സമരങ്ങള്‍ നയിച്ചത്. ആ പ്രക്ഷോഭങ്ങളുടെ ഉശിരും ശക്തിയുമാണ് കുറ്റവാളികള്‍ക്കെതിരെ നീതിന്യായവ്യവസ്ഥയുടെ ഒരു ചെറുവിരലെങ്കിലുമനക്കാന്‍ പ്രേരകമാക്കിയത്. 2014-19 വരെയുള്ള ഒന്നാം മോഡി വാഴ്ചക്കാലത്തേക്കാള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇനിയും പ്രക്ഷോഭങ്ങള്‍, ഇരകളായവര്‍ക്ക് നീതി ലഭിക്കുംവരെ കൂടുതല്‍ ശക്തമാക്കുക എന്നതാണ് നമുക്കു മുന്നിലുള്ള പ്രധാന കടമ.